1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2019

Johns Mathews  (ആഷ്‌ഫോര്‍ഡ്): കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ഉദയം ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളിന്റെ നയന മനോഹരമായ ഓഡിറ്റോറിയത്തില്‍ വച്ച് വൈകുന്നേരം 4 മണിയ്ക്ക് 30 ല്‍ പരം സ്ത്രീകളും ആണ്‍കുട്ടികളും അണി നിരന്ന ഫ്‌ളാഷ് മൊബോടു കൂടി ആരംഭിച്ചു.

തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി ട്രീസാ സുബിന്‍ വിശിഷ്ടാതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. സമ്മേളനം പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫും മുഖ്യാതിഥിയായ ഡോ അനൂജ് ജോഷ്വായും സംയുക്തമായി ചേര്‍ന്ന് മൂന്നു വലിയ നക്ഷത്ര വിളക്കുകള്‍ തെളിയിച്ച് ഉത്ഘാടനം ചെയ്തു.

ശേഷം ബ്രിട്ടീഷ് സിവില്‍ സര്‍വീസിലേക്ക് ആദ്യമായി കടന്നുവന്ന മലയാളിയും ഹെര്‍ മജസ്റ്റീസ് ഗവണ്‍മെന്റ്‌സ് സീനിയര്‍ ഇക്കണോമിക് അഡൈ്വസറും ഇന്‍വെസ്റ്റ്‌മെന്റ് അനാലിസിസിന്റെ തലവനും പ്രശസ്തനായ വാഗ്മിയുമായ ഡോ അനൂജ് ജോഷ്വാ മാത്യു ക്രിസ്തുമത് ദൂത് നല്‍കി. ഈ കാലഘട്ടത്തില്‍ സ്‌നേഹത്തിനും സാഹോദര്യത്തിനും മുന്‍ഗണന നല്‍കിയും ക്രിസ്തുവിന്റെ സുവിശേഷത്തെ പിന്തുടര്‍ന്നും സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതെയും വിഷമിപ്പിക്കാതെയും നാം ഒത്തൊരുമിച്ച് കൈകോര്‍ക്കുമ്പോഴാണ് ക്രിസ്തുമസ് അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ അറിയിച്ചു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പുല്‍ക്കൂട് മത്സരത്തില്‍ വിജയികളായവര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി.

തപ്പിന്റെയും കിനാരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി ഡിസംബര്‍ മാസത്തില്‍ കടന്നുവന്ന അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും കടന്നുചെന്ന എല്ലാ മലയാളി ഭവനങ്ങളിലെ അംഗങ്ങള്‍ക്കും ഉദയവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും സോനു സിറിയക് നന്ദി അറിയിക്കുകയുണ്ടായി. ജോയിന്റെ് സെക്രട്ടറി സിജോ ജയിംസ്, വൈസ് പ്രസിഡന്റ് ജോളി മോളി, ട്രഷറര്‍ ജെറി ജോസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സമയബന്ധിതമായി ഷാബു വര്‍ഗീസ് യോഗം നിയന്ത്രിച്ചു.

പ്രശസ്ത നര്‍ത്തകിയായ ജെസ്സിന്താ ജോയിയുടെ മേല്‍നോട്ടത്തില്‍ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച അതീവ ഹൃദ്യവും നയന മനോഹരവുമായ സ്വാഗത നൃത്തത്തോടെ ഉദയത്തിന് ആരംഭം കുറിച്ചു. 65 ല്‍ പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിച്ച ‘ ലോക രക്ഷിതാവിന്റെ ഉദയം’ എന്ന നൃത്ത സംഗീത ശില്‍പവും കൊച്ചുകുട്ടികളും ക്രിസ്തുമസ് പപ്പായും ചേര്‍ന്ന് അവതരിപ്പിച്ച പാപ്പാ നൃത്തവും ആഷ്‌ഫോര്‍ഡില്‍ ആദ്യമായി നീല ചിറകുകള്‍ ഏന്തിയ മാലാഖമാരുടെ ഏയ്ഞ്ചല്‍ ഡാന്‍സും അരങ്ങേറി. കൂടാതെ ക്ലാസിക്കല്‍ ഡാന്‍സ്, ഭക്തിഗാനം, കരോള്‍ ഗാനം, കുട്ടികളുടെ കൊയര്‍, സിനിമാറ്റിക് ഡാന്‍സ്, സിനിമാറ്റിക് സ്‌കിറ്റ് എന്നിവയാല്‍ ഉദയം കൂടുതല്‍ സമ്പന്നമായി. സിനിമാറ്റിക് ഡാന്‍സിന്റെ ഭാവി വാഗ്ദാനമായ അച്ചു സജികുമാര്‍ ചിട്ടപ്പെടുത്തിയ ഫ്യൂഷന്‍ ഡാന്‍സും വനിതകളുടെ സിനിമാറ്റിക് ഡാന്‍സും ജിന്റില്‍ ബേബിയുടെ ഡിജെയും സദസിനെ ഇളക്കി മറിച്ചു

ഉദയം വന്‍വിജയമാക്കി തീര്‍ക്കുവാന്‍ അരങ്ങിലും അണിയറയിലും പരിശ്രമിച്ച എല്ലാ വ്യക്തികള്‍ക്കും സ്റ്റേജിലും ഹാളിലും ഹാളിന്റെ പുറത്തും വെളിച്ചത്താല്‍ അലങ്കരിക്കുകയും വേദിയിലേക്ക് ആവശ്യമായ ശബ്ദവും വെളിച്ചവും ക്രമീകരിച്ച ബേബി ആര്‍എസിയ്ക്കും പ്രോഗ്രാം കമ്മിറ്റിക്കും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായ ജോണ്‍സണ്‍ മാത്യൂസ് നന്ദി പ്രകാശിപ്പിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം സാംചീരന്‍, ജോജി കോട്ടക്കല്‍, സോജാ മധു, സുബിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ അതീവ സ്വാദിഷ്ടമായ ഭക്ഷണം കഴിഞ്ഞു പിരിയുമ്പോള്‍ അംഗങ്ങളും അതിഥികളും ആതിഥേയരും ഒരേ സ്വരത്തില്‍ കണ്ണിനും കാതിലും കരളിലും മനസിലും തങ്ങി നില്‍ക്കുന്ന പരിപാടിയാണ് ഉദയം എന്ന് അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.