1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2018

George Joseph: സഹജീവികളോടുള്ള സഹാനുഭൂതി വാട്‌സാപ്പിലും എഫ്ബി യിലുമായി ഒതുങ്ങി പോകുന്ന ഇക്കാലത്തു ക്രിയാത്മകമായ പ്രവര്‍ത്തങ്ങളില്‍കൂടി ജി.എം.എ വീണ്ടും യു.കെ മലയാളികള്‍ക്ക് അഭിമാനവും മാതൃകയുമായി മാറുന്നു. അതിന്റെ നേര്‍ക്കാഴ്ച്ചയായി മാറി ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂരില്‍ ജി.എം.എ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് ഉപയോഗിച്ചുള്ള ആദ്യ ഹൗസിങ് പ്രോജക്ടിന്റെ തറക്കല്ലിടല്‍ കര്‍മ്മം.

വളര്‍ത്തി വലുതാക്കിയ സ്വന്തം നാട്, നൂറ്റാണ്ടിലെ പ്രളയത്തെ നേരിട്ടപ്പോള്‍ വെറും കാഴ്ചക്കാരായി മാറിനില്‍ക്കാതെ നാടിനോടൊപ്പമെന്ന നിലപാടിലെത്താന്‍ ജി.എം.എ ക്കു രണ്ടാമതൊന്ന് അലോചിക്കേണ്ടതില്ലായിരുന്നു. ഓണാഘോഷപരിപാടികള്‍ പോലും കാന്‍സല്‍ ചെയ്തുകൊണ്ട്, പ്രളയ ദിനങ്ങളില്‍ തന്നെ 25000 പൗണ്ട് ടാര്‍ജറ്റ് ആയുള്ള കേരള ഫ്‌ളഡ് റിലീഫ് ഫണ്ടിന് രൂപം നല്‍കുകയും, ജി.എം.എ യിലെ യുവ തലമുറയടക്കം ഓരോ അംഗങ്ങളും അതിന്റെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി രംഗത്ത് വരികയും ചെയ്തു.

ജി.എം.എ അംഗങ്ങളുടെ ഡോണേഷനായും , ജോലിസ്ഥലങ്ങളില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സ്‌നാക്ക് സെയില്‍ വഴിയും , മുസ്ലിം & ക്രിസ്ത്യന്‍ പള്ളികള്‍ കേന്ദ്രീകരിച്ചും സ്ട്രീറ്റ് കളക്ഷന്‍ വഴിയും, എഫ്ബി പേജ് മുഖേനയുമെല്ലാം, സഹജീവികളോടുള്ള സഹാനുഭൂതി നാണയത്തുട്ടുകളായും പൗണ്ടുകളായും ഒഴുകിയെത്തുകയായിരുന്നു. ചുരുക്കം ചിലര്‍ക്കെങ്കിലും അപ്രാപ്യമെന്നു തോന്നിയിരുന്ന 25000 പൗണ്ട് എന്ന ടാര്‍ജറ്റ് വെറും മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ മറികടന്ന് ഇപ്പോള്‍ 28000 പൗണ്ടില്‍ എത്തിനില്‍ക്കുന്നു എന്നുള്ളത് , വെറും 175 കുടുംബങ്ങള്‍ അംഗങ്ങളായുള്ള ജി.എം.എ ഒരു കമ്മ്യൂണിറ്റി അസോസിയേഷന്‍ എങ്ങനെ ആയിരിക്കണം എന്നതിന്റെ ചൂണ്ടുപലക ആയി മാറുന്നു .

പ്രളയത്തില്‍ കിടപ്പാടം തന്നെ നഷ്ടപെട്ട, സാമ്പത്തികമായി ഏറ്റവും കഷ്ടത അനുഭവിക്കുന്ന്‌ന നാല് കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണമായും ജി.എം.എ റിലീഫ് ഫണ്ട് ഉപയോഗിച്ച് 6000 പൗണ്ടിന് തത്തുല്ല്യമായ പുതിയ വീട് നിര്‍മ്മിച്ച് നല്‍കുകായാണ് ജി.എം.എ ചെയ്യുന്നത്. കേരളാ ഗവണ്മെന്റിന്റെ ലൈഫ് മിഷനും യുക്മ സ്‌നേഹക്കൂട് പദ്ധതിയുമായി സഹകരിച്ചാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്. ഈ പദ്ധതിയില്‍ കൂടി നിര്‍മ്മിക്കുന്ന ആദ്യ ഭവനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ ചെങ്ങന്നൂരിനടുത്തു പുലിയൂരില്‍ കൂലിപ്പണിക്കാരനായ സജി കാരാപ്പള്ളിയില്‍ എന്ന വ്യക്തിക്കും കുടുംബത്തിനുമായി തുടക്കം കുറിച്ചിരിക്കുന്നു.

പ്രളയത്തില്‍, അവരുടെ കൊച്ചു വീട് പൂര്‍ണ്ണമായും ഇല്ലാതാകുകയായിരുന്നു. കാലങ്ങളായി മാറാ രോഗങ്ങള്‍ അലട്ടുന്ന സജിയുടെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും മുമ്പില്‍, വിധി പ്രളയരൂപത്തില്‍ വീണ്ടും കോമാളി വേഷം കെട്ടിയപ്പോള്‍ ജി.എം.എ യുടെ സഹായഹസ്തം അവരെ തേടി ചെല്ലുകയായിരുന്നു. ജി.എം.എ എക്‌സിക്യൂട്ടീവ് അംഗം ശ്രീ തോമസ് ചാക്കോയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു സജിയുടെ കുടുംബത്തെ കണ്ടെത്തുന്നതും നിര്‍മ്മാണം തുടങ്ങുന്നതിനാവശ്യമായ ഏകോപനം ഇത്രയും വേഗത്തില്‍ സാധ്യമായതും. തറക്കല്ലിടല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സജിക്കും കുടുംബത്തോടുമൊപ്പം പുലിയൂയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ശൈലജ, വാര്‍ഡ് മെമ്പര്‍മാരായ മുരളീധരന്‍, ബാബു കല്ലുത്തറ, ജി.എം.എ പ്രതിനിധി ഷാജി എബ്രഹാം, പൊതു പ്രവര്‍ത്തകരായ ബിനു മുട്ടാര്‍, രാജീവ് പള്ളത്ത്, അനീഷ് തുടങ്ങി പ്രാദേശിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ വിശിഷ്ട അതിഥികള്‍ സന്നിഹിതരായിരുന്നു.

യൂ.കെ യില്‍ ഇരുന്നു കൊണ്ട്, കേരളത്തില്‍ ഇങ്ങനെയൊരു നിര്‍മ്മാണ പദ്ധതി ഏറ്റെടുത്തു സാക്ഷാല്‍ക്കരിക്കുക എന്നുള്ളത് വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, ജി.എം.എ കമ്മിറ്റിയുടെ നിശ്ചയദാര്‍ഢ്യവും മുഴുവന്‍ അംഗങ്ങളുടേയും നിസ്വാര്‍ത്ഥ സഹകരണവും ഈയൊരു മിഷന്റെ മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുന്നു.

ഇതിനൊപ്പം, പ്രളയത്തോടെ വീട്ടിലെ സാധന സാമഗ്രികളെല്ലാം നഷ്ട്ടപെട്ടുപോകുകയോ ഉപയോഗശൂന്യമാകുകയോ ചെയ്ത, സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന 20 കുടുംബങ്ങള്‍ക്ക് ഇരുപതിനായിരം രൂപ വരെ മൂല്യമുള്ള അവശ്യ വസ്തുക്കള്‍ നല്‍കി സഹായിക്കുകയും ചെയ്യുന്നു.

ചാരിറ്റി രംഗത്തെ ജി.എം.എ യുടെ ഓരോ ചുവടുവയ്പ്പും കാലപ്രയാണത്തില്‍ സുവര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്നതിന്റെ ആല്‍മനിര്‍വൃതിയിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍. അടുത്ത മൂന്നു വീടുകള്‍ക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സുഗമമായി പുരോഗമിക്കുമ്പോള്‍, ജി.എം.എ പ്രസിഡന്റ് വിനോദ് മാണിയും, സെക്രട്ടറി ജില്‍സ് പോളും, ട്രഷറര്‍ വിന്‍സെന്റ് സ്‌കറിയയുമടങ്ങുന്ന കമ്മിറ്റി ഇതിനെല്ലാം നേതൃത്വം നല്‍കുന്നതോടൊപ്പം ഇതുമായി സഹകരിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും ഒത്തിരി സ്‌നേഹത്തോടെ രേഖപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.