1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2018

സജീഷ് ടോം (യുക്മ പി. ആര്‍. ഒ.): യുക്മ ദേശീയ കലാമേളയ്ക്ക് നാല് മാസങ്ങള്‍ കൂടി ബാക്കിനില്‍ക്കെ മേളയുടെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കാന്‍ ഉതകുംവിധം കലാമേള മാനുവല്‍ പരിഷ്‌ക്കരിക്കുക എന്ന ശ്രമകരമായ ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുകയാണ്. യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ, ഒരു മാസത്തിലധികം നീണ്ടുനിന്ന അഭിപ്രായ സര്‍വേയില്‍ ഉരുത്തിരിഞ്ഞ വിലപ്പെട്ട അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന പ്രത്യേകതയും ഈ പരിഷ്‌ക്കരണങ്ങള്‍ക്ക് സ്വന്തം. ലോക പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും ജനകീയ ദേശീയ പ്രസ്ഥാനമായ യുക്മയുടെ ഏറ്റവും ജനകീയമായ കലാമേള നിയമാവലി ജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റിയെതുകയാണിവിടെ.

സബ് ജൂനിയേര്‍സ് വിഭാഗത്തില്‍ ഉണ്ടായിരുന്ന ‘സ്റ്റോറി ടെല്ലിങ്’ മത്സരം കിഡ്‌സ് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത് സര്‍വേയില്‍ പങ്കെടുത്ത 79.69% ആളുകളുടെ പിന്തുണയോടെയാണ്. മലയാളത്തിലോ ഇംഗ്‌ളീഷിലോ കഥാകഥനം നടത്താവുന്നതാണ്. അനുവദനീയമായ സമയം നാല് മിനിറ്റ്.

വളരെ ശ്രദ്ധേയമായ മറ്റൊരു പരിഷ്‌കരണം മ്യൂസിക് മത്സരങ്ങളിലാണ്. കിഡ്‌സ് വിഭാഗത്തില്‍ നിലവില്‍ തുടര്‍ന്ന് വരുന്നതുപോലെ തന്നെ മലയാളത്തിലോ ഇംഗ്ലീഷിലോ ഇഷ്ട്ടപെട്ട ഗാനം ആലപിക്കാവുന്നതാണ്. എന്നാല്‍ സബ് ജൂനിയേര്‍സ്, ജൂനിയേര്‍സ്, സീനിയേഴ്‌സ് വിഭാഗങ്ങളിലും സമൂഹഗാന മത്സരങ്ങള്‍ക്കും മലയാളം ലളിത ഗാനങ്ങള്‍ മാത്രമേ തെരഞ്ഞെടുക്കാനാവൂ. സിനിമാ ഗാനങ്ങള്‍ അനുവദനീയം അല്ല. കരൊക്കെ തുടര്‍ന്നും അനുവദനീയം അല്ല.

വളരെ വിപ്ലവകരമായ മറ്റൊരു പരിഷ്‌ക്കാരം ഫാന്‍സിഡ്രസ് മത്സരങ്ങള്‍ പാടെ നിറുത്തലാക്കി എന്നതാണ്. ഫാന്‍സിഡ്രസ്സിന് ഉപയോഗിക്കുന്ന കളര്‍ ഡൈകള്‍ പടര്‍ന്ന് കിടക്കുന്നതുമൂലം മത്സരാനന്തരം ഉണ്ടാകുന്ന ക്‌ളീനിങ് ജോലികള്‍ ദുഷ്‌ക്കരമാവുന്നതോടൊപ്പം, സ്ഥാപനത്തില്‍നിന്നും വലിയതുകകള്‍ പെനാല്‍ട്ടി ആയി കൊടുക്കേണ്ടി വരുന്നതും മാറിചിന്തിക്കാന്‍ കാരണമായി. അതോടൊപ്പം തന്നെ കുട്ടികള്‍ക്കും ഓഡിയന്‌സിനും മാനസീകമായി താങ്ങാന്‍ പറ്റാത്തവിധമുള്ള തീമുകള്‍ അവതരിപ്പിക്കപ്പെടുന്നു എന്ന വിധികര്‍ത്താക്കളുടെ കാലാകാലങ്ങളായുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്കും ഇതോടെ വിധിതീര്‍പ്പാകുന്നു.

സര്‍വേയില്‍ പങ്കെടുത്ത 82.35% ആളുകളുടെ പിന്തുണയോടെ കഥാപ്രസംഗം മത്സരത്തില്‍നിന്നും ഒഴിവാക്കിക്കൊണ്ട്, മോണോആക്ട് തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ്. സബ് ജൂനിയേര്‍സ്, ജൂനിയേര്‍സ്, സീനിയേഴ്‌സ് വിഭാഗങ്ങളില്‍ അഞ്ച് മിനിറ്റ് സമയ പരിധിക്കുള്ളില്‍ മലയാളത്തില്‍ ആണ് മോണോആക്ട് മത്സരം നടക്കുന്നത്.

കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാതൃകയില്‍ ‘മൈം’ എന്ന ഇനം പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സവിശേഷത. നാടകാഭിനയത്തില്‍ അഭിരുചി ഉള്ളവരും, സ്‌കൂളുകളില്‍ ഡ്രാമ പഠിക്കുന്നവരുമായവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നിരിക്കുകയാണിവിടെ. സംഭാഷണം കൂടാതെ അഭിനയം വഴിമാത്രം ഒരു കഥയോ ഒരു സന്ദര്‍ഭമോ അവതരിപ്പിക്കുകയാണിവിടെ. ഇത് പൊതു വിഭാഗത്തില്‍ ആയിരിക്കും ഉള്‍പ്പെടുത്തുന്നത്. കുറഞ്ഞത് നാല് പേരും, പരമാവധി ആറ് പേരുമായിരിക്കും ഈ ഗ്രൂപ്പ് മത്സര ഇനത്തില്‍ ഒരു ടീമില്‍ ഉണ്ടാകേണ്ടത്. ഇതിന്റെ വിശദമായ നിബന്ധനകള്‍ കലാമേള മാനുവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിനിമാറ്റിക്ക് ഡാന്‍സ് സിംഗിള്‍സ് സമയ ദൈര്‍ഘ്യം അഞ്ചുമിനിറ്റായി കുറച്ചിരുന്നു പുതിയ മനുവലില്‍. നേരത്തെ ഇത് ഏഴ് മിനിറ്റായിരുന്നു. ഗ്രൂപ്പ് ഇനത്തില്‍ നിലവിലുള്ള ഏഴ് മിനിട്ടുതന്നെ തുടരുന്നതായിരിക്കും.

ജൂനിയേര്‍സ് പ്രസംഗ മത്സരം ഇംഗ്‌ളീഷ് / മലയാളം ഇനങ്ങളില്‍ ഇനിമുതല്‍ മത്സരത്തിന് ഏഴ് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വിഷയം നല്‍കുന്ന രീതി ആയിരിക്കും അവലംബിക്കുക. സബ് ജൂനിയേര്‍സ് വിഭാഗത്തില്‍ നിലവില്‍ ഇതേ രീതിയാണ് പാലിച്ചു പോരുന്നത്.

സിനിമാറ്റിക് ഡാന്‍സുകളില്‍ ‘പ്രോപ്പര്‍ട്ടീസ്’നു കൂടുതല്‍ മാര്‍ക്ക് നല്‍കുന്നു എന്നും, ഇത് ‘നടന’ത്തിന്റെ പ്രാധാന്യം കുറക്കുന്നു എന്നുമുള്ള പരാതിക്ക് പരിഹാരമായി പരിഷ്‌ക്കരിച്ച കലാമേള മാനുവലില്‍ ‘ജഡ്ജ്‌മെന്റ് മാനദണ്ഡ’ങ്ങളില്‍ കൃത്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നൃത്തരംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളുടെ നിര്‍ദ്ദേശങ്ങള്‍ ഈ വിഷയത്തില്‍ പരിഗണിച്ചിട്ടുണ്ട്.

റീജിണനുകളില്‍നിന്നും ദേശീയ കലാമേളയിലേക്ക് ഓരോ ഇനത്തിലും രണ്ടു എന്‍ട്രികള്‍ വീതമായിരിക്കും അനുവദിക്കുക. ഒന്നിലധികം ഒന്നാം സ്ഥാനക്കാരോ, ഒന്നിലധികം രണ്ടാം സ്ഥാനക്കാരോ റീജിയനുകളില്‍ ഉണ്ടാകുന്നത് ദേശീയ മേളയിലേക്ക് എന്‍ട്രികള്‍ അയക്കുന്നതിനെ ബാധിക്കുവാന്‍ പാടില്ല. ഒരു ഇനത്തില്‍ രണ്ട് എന്‍ട്രികള്‍ എന്നനിയമത്തില്‍ യാതൊരുവിധ നീക്കുപോക്കുകളും ഉണ്ടാകുന്നതായിരിക്കില്ല.

യുക്മ കലാമേളകള്‍ തുടങ്ങിയ കാലം മുതലുള്ള ‘അപ്പീല്‍ കമ്മറ്റി’ ഇനിമുതല്‍ ‘റിവ്യൂ കമ്മറ്റി’ എന്നപേരിലായിരിക്കും അറിയപ്പെടുക. വിധികര്‍ത്താക്കള്‍ രേഖപ്പെടുത്തിയ മാര്‍ക്കുകള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുമ്പോഴോ കൂട്ടി എഴുതുമ്പോഴോ എന്തെകിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കുക മാത്രമായിരിക്കും ഇതില്‍ ചെയ്യുക.

കലാമേള മാനുവല്‍ പരിഷ്‌ക്കരണത്തിലെ അവസാനത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ മറ്റൊരു മാറ്റം സ്‌പെഷ്യല്‍ അവാര്‍ഡുകളെ സംബന്ധിക്കുന്നതാണ്. ഈ വര്‍ഷം മുതല്‍ കലാതിലകം, കലാപ്രതിഭ എന്നിവരെ തെരഞ്ഞെടുക്കുമ്പോള്‍, മത്സരാര്‍ത്ഥികള്‍ ഗ്രൂപ്പ് ഇനങ്ങളില്‍ പങ്കെടുത്തു ലഭിക്കുന്ന ഗ്രേസ് പോയിന്റ്കള്‍ ഏറ്റവും അവസാനം ആവശ്യമെങ്കില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. വ്യക്തിഗത അവാര്‍ഡുകള്‍ക്ക് വ്യക്തിഗത പ്രകടനം തന്നെ പ്രധാനമായി പരിഗണിക്കണം എന്ന കാഴ്ചപ്പാടിലാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തുന്നത്. അതനുസരിച്ചു സിംഗിള്‍സില്‍ മത്സരാര്‍ത്ഥി നൃത്ത ഇനത്തിലും നൃത്തേതര ഇനത്തിലും ഓരോ ഒന്നാം സമ്മാനങ്ങള്‍ വീതം കരസ്ഥമാക്കിയിരിക്കണം. ഈ നിബന്ധന അനുസരിച്ചു ആരും യോഗ്യരാകാതിരിക്കുകയോ, ഒന്നിലധികം മത്സരാര്‍ത്ഥികള്‍ തമ്മില്‍ തുല്യത വരികയോ ചെയ്താല്‍, സിംഗിള്‍ നൃത്ത ഇനത്തിലും സിംഗിള്‍ നൃത്തേതര ഇനത്തിലും കുറഞ്ഞത് ഒരു ഒന്നാം സമ്മാനമോ ഒരു രണ്ടാം സമ്മാനമോ കിട്ടിയവര്‍ തമ്മിലുള്ള പോയിന്റ് നില ആയിരിക്കും പരിഗണിക്കുക. വിശദമായ നിബന്ധനകള്‍ക്കായി പരിഷ്‌ക്കരിച്ച കലാമേള മാനുവല്‍ പരിശോധിക്കുക.

യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഡോക്റ്റര്‍ ദീപ ജേക്കബ്, യുക്മ ദേശീയ കലാമേള ജനറല്‍ കണ്‍വീനറും ദേശീയ ജോയിന്റ് സെക്രട്ടറിയുമായ ഓസ്റ്റിന്‍ അഗസ്റ്റിന്‍, യുക്മ പി ആര്‍ ഒ യും മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ സജീഷ് ടോം, യുക്മ ദേശീയ കലാമേള ഓഫീസ് ഇന്‍ചാര്‍ജ് സുനില്‍ രാജന്‍ എന്നിവരടങ്ങിയ സമിതി ക്രോഡീകരിച്ച നിയമാവലി പരിഷ്‌ക്കാരങ്ങള്‍ ഓക്‌സ്‌ഫോര്‍ഡില്‍ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ദേശീയ നിര്‍വാഹകസമിതി യോഗം ആവശ്യമായ ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിക്കുകയായിരുന്നുവെന്ന് യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അറിയിച്ചു. കലാമേള മാനുവലിന്റെ പരിഷ്‌ക്കരിച്ച കോപ്പി ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. മാറ്റങ്ങള്‍ വരുത്തിയിരിക്കുന്ന ഭാഗങ്ങള്‍ പ്രത്യേകം ‘ഹൈലൈറ്റ് ‘ ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക. മാറ്റങ്ങള്‍ കൃത്യമായി മനസിലാക്കുവാന്‍ കലാമേള മാനുവല്‍ കളര്‍ പ്രിന്റ് എടുത്തു സൂക്ഷിക്കേണ്ടതാണെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ നിങ്ങളുടെ സംശയങ്ങള്‍ താഴേ കൊടുത്തിരിക്കുന്ന ഈമെയിലില്‍ അയച്ചു നല്‍കേണ്ടതാണ്. [email protected] .

കലാമേളയുടെ മാനുവലിന് യുക്മയുടെ വെബ്‌സൈറ്റ് ആയ www.uukma.org സന്ദര്‍ശിക്കുക.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.