1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2019

സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): പ്രതികൂല കാലാവസ്ഥാ പ്രവചങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റിവെക്കപ്പെട്ട യുക്മ ദേശീയ കായികമേളയുടെ തീയതിയും സ്ഥലവും പുതുക്കി നിശ്ചയിക്കപ്പെട്ടു. അതനുസരിച്ച് ജൂലൈ 13 ശനിയാഴ്ച ദേശീയ കായികമേള അരങ്ങേറും. മിഡ്‌ലാന്‍ഡ്‌സിലെ ചരിത്ര പ്രസിദ്ധമായ നൈനീറ്റനാണ് ഇത്തവണ കായികമേളക്ക് വേദിയൊരുക്കുന്നത്. യു കെ കായിക പ്രേമികളുടെ രോമാഞ്ചമായ നൈനീറ്റണ്‍ പ്രിംഗിള്‍സ് സ്റ്റേഡിയത്തില്‍ ഈ വര്‍ഷം യുക്മ ദേശീയ കായിക മാമാങ്കത്തിന്റെ രണഭേരി മുഴങ്ങും.

ഇതാദ്യമായാണ് യുക്മ ദേശീയ കായികമേള മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന ദിവസം കാലാവസ്ഥ നിരീക്ഷകര്‍ കനത്ത മഴ പ്രവചിച്ച സാഹചര്യത്തിലാണ് മേള മാറ്റിവച്ചത്. കായികമേള മാറ്റിവച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സ്റ്റേഡിവും സൗകര്യപ്രദമായ തീയതിയും കണ്ടെത്താന്‍ കഴിഞ്ഞത് യുക്മ ദേശീയ നേതൃത്വത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിച്ചേരുന്ന കായിക താരങ്ങള്‍ക്ക് സൗകര്യപ്രദമായവിധം മിഡ്‌ലാന്‍ഡില്‍ത്തന്നെ കായികമേളക്ക് പുതിയ സ്റ്റേഡിയം കണ്ടെത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പുതുക്കിയ തീയതിയും സ്ഥലവും പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള പറഞ്ഞു.

ദേശീയ മേളക്ക് മുന്നോടിയായി റീജിയണല്‍ തലത്തില്‍ പ്രഖ്യാപിച്ചിരുന്ന എല്ലാ മേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്. റീജിയണല്‍ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ ഏറ്റുമുട്ടുന്ന ദേശീയ വേദികള്‍ ആണ് യുക്മ ദേശീയ കായികമേളകള്‍. റീജണല്‍ കായികമേളകളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും, ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കുമാണ് ദേശീയ മേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. ഈ വര്‍ഷം വടംവലി മത്സരങ്ങള്‍ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ റിലേ മത്സരങ്ങള്‍ മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളില്‍ ദേശീയ മേളയില്‍ ഉണ്ടാവുക.

പ്രധാനപ്പെട്ട റീജിയണുകള്‍ എല്ലാം തന്നെ മുന്‍കൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജിയണല്‍ കായികമേളകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ദേശീയ കായികമേള ജനറല്‍ കണ്‍വീനര്‍ ടിറ്റോ തോമസ് എന്നിവര്‍ അറിയിച്ചു. ജൂണ്‍ ഒന്ന് ശനിയാഴ്ച നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ലിവര്‍പൂളിലും, യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കായികമേള ലീഡ്‌സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂണ്‍ എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയണ്‍ കായികമേള ഹേവാര്‍ഡ്‌സ് ഹീത്തിലും, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണല്‍ മത്സരങ്ങള്‍ ആന്‍ഡോവറിലും നടന്നു.

കായികമേള സംഘടിപ്പിക്കാന്‍ കഴിയാതെവന്ന റീജിയണുകളില്‍ നിന്നുള്ള കായികതാരങ്ങള്‍ക്കും, നിബന്ധനകളുടെ അടിസ്ഥാനത്തില്‍, ദേശീയ മേളയില്‍ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു. ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യന്‍, ലിറ്റി ജോര്‍ജ്, ജോയിന്റ് സെക്രട്ടറിമാരായ സാജന്‍ സത്യന്‍, സെലീന സജീവ്, റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ യുക്മ ദേശീയ കായികമേള വന്‍വിജയമാകുവാനുള്ള തയ്യാറെടുപ്പുകളിലാണ്. കായികമേള അരങ്ങേറുന്ന സ്റ്റേഡിയത്തിന്റെ മേല്‍വിലാസം: Pringles Stadium, Avenue Road, Nuneaton CV11 4LX

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.