1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2019

സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവത്തിന് വീണ്ടും അരങ്ങുണരുകയായി. യുക്മ ദേശീയ കായികമേള ജൂണ്‍ 15 ശനിയാഴ്ച യുക്മയുടെ സ്വന്തം കായിക തട്ടകമായ സട്ടന്‍ കോള്‍ഡ്ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്ററില്‍ നടക്കുകയാണ്. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ യുക്മ ദേശീയ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.

റീജിയണല്‍ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ ഏറ്റുമുട്ടുന്ന ദേശീയ വേദികള്‍ ആണ് യുക്മ ദേശീയ കായികമേളകള്‍. റീജണല്‍ കായികമേളകളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും, ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കുമാണ് ദേശീയ മേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. പ്രധാനപ്പെട്ട റീജിയണുകള്‍ എല്ലാം തന്നെ റീജിയണല്‍ കായികമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

റീജിയണല്‍ കായികമേളകള്‍ക്ക് തുടിയുണര്‍ത്തിക്കൊണ്ട് ഇന്ന്, ജൂണ്‍ ഒന്ന് ശനിയാഴ്ച നോര്‍ത്ത് വെസ്റ്റ് റീജിയന്റെയും യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്റെയും കായികമേളകള്‍ സംഘടിപ്പിക്കപ്പെടുന്നു. ലിവര്‍പൂളില്‍ നടക്കുന്ന നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. യോര്‍ക്‌ഷെയര്‍ റീജിയണല്‍ കായികമേള ലീഡ്‌സില്‍ നടക്കും.

ജൂണ്‍ എട്ട് ശനിയാഴ്ച മൂന്ന് റീജിയണുകളാണ് കായികമേളകള്‍ പ്രഖ്യാപിച്ചു മുന്നോട്ട് വന്നിരിക്കുന്നത്. ഒരുപക്ഷേ 2019 ജൂണ്‍ എട്ട് ശനി യുക്മ റീജിയണല്‍ കായികമേളകളുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരുദിനം ആയി മാറുകയാവാം. സൗത്ത് ഈസ്റ്റ് റീജിയണ്‍, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍, സൗത്ത് വെസ്റ്റ് റീജിയണ്‍ എന്നിവയാണ് ജൂണ്‍ എട്ടിനെ ഹാട്രിക് മേളാ ദിനമാക്കികൊണ്ട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി വരുന്നത്. സൗത്ത് ഈസ്റ്റ് റീജിയണല്‍ കായികമേളക്ക് ഹേവാര്‍ഡ്‌സ് ഹീത്ത് വേദിയൊരുക്കുമ്പോള്‍, മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കായികമേള റെഡിച്ചില്‍ നടക്കും. ആന്‍ഡോവറിലാണ് സൗത്ത് വെസ്റ്റ് കായികമേള അരങ്ങേറുന്നത്.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ചെയര്‍മാനും ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് ചെയര്‍മാനും ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് ജനറല്‍ കണ്‍വീനറുമായുള്ള സമിതി റീജിയണല്‍ദേശീയതല കായിക മേളകളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി വരുന്നു.

ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍, വൈസ് പ്രസിഡന്റ്മാരായ എബി സെബാസ്റ്റ്യന്‍, ലിറ്റി ജോര്‍ജ്, ജോയിന്റ് സെക്രട്ടറിമാരായ സാജന്‍ സത്യന്‍, സെലീന സജീവ്, വിവിധ റീജിയണല്‍ ഭാരവാഹികള്‍, യുക്മ അംഗ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കായികമേളകള്‍ വന്‍വിജയമാകുവാനുള്ള തയ്യാറെടുപ്പുകളിലാണ്. ജൂണ്‍ പതിനഞ്ചിന് മുന്‍പ് റീജിയണല്‍ കായികമേളകള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാതെവരുന്ന റീജിയനുകളിലെ കായിക പ്രതിഭകള്‍ക്കും ദേശീയ മേളയില്‍ പങ്കെടുക്കുവാനുള്ള അവസരം ക്രമീകരിക്കുന്നതാണെന്ന് ദേശീയ നിര്‍വാഹക സമിതി അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല