1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2011

റോയ് കാഞ്ഞിരത്താനം

ഗിരീഷ്‌ പുത്തഞ്ചേരി നമ്മെ പിരിഞ്ഞു പോയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു.അക്ഷരനക്ഷത്രം കോര്‍ത്ത ജപമാലയുമായി സൂര്യകിരീടം വീണുടഞ്ഞത് ഇന്നലെയെന്നപോലെ തോന്നുന്നു.മലയാളം ഉള്ളിടത്തോളം കാലം ഓര്‍മിക്കാന്‍,മലയാളിക്ക് നെഞ്ചിലേറ്റാന്‍ ഒരു പിടി ജീവനുള്ള ഗാനങ്ങള്‍ തന്ന് പോയ്‌ മറഞ്ഞ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.ഗിരീഷ് പുത്തഞ്ചേരിയോടൊപ്പം നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുള്ളയാളും ബിര്‍മിംഗ്ഹാം നിവാസിയുമായ യുവതലമുറയിലെ ശ്രദ്ധേയനായ ഗാനരചയിതാവ് റോയ് കാഞ്ഞിരത്താനം ഗിരിഷിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ പങ്കു വയ്ക്കുന്നു.
അക്ഷരനക്ഷത്രം പൊലിഞ്ഞിട്ട് ഒരു വര്‍ഷം

1988 ല്‍ തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയില്‍ ‘ചക്രവാളത്തിനുമപ്പുറം’ എന്ന സിനിമയുടെ റെക്കോര്‍ഡിംഗ് നടക്കുന്ന സമയം. കോഴിക്കോട് യേശുദാസ് എന്ന സംഗീതസംവിധായകന്റെ ഈണത്തിനനുസരിച്ച് വരികളെഴുതുന്ന ഒരു പുതുഗാനരചയിതാവ്.

‘ ജീവനിലെന്നും കണ്‍മണി
നിന്റെ ഓര്‍മ്മകള്‍ മാത്രം
മൗനങ്ങള്‍ മാത്രമുറങ്ങുന്ന രാവില്‍
എന്നെ പുല്‍കുവാന്‍
മലര്‍ചൂടും ആവണി കാവുകളില്‍ കളിയാടാന്‍ നീ വരുമോ…
കരള്‍കോര്‍ക്കുമാശകള്‍ പങ്കിടുവാന്‍ കൊതിയോടെ ഞാനിരിപ്പൂ.
ജന്മാന്തരങ്ങള്‍ തോറും ഞാന്‍ നിനക്കായ് പാടുമീ ഗാനം’

ഗാന ഗന്ധര്‍വന്‍ ആലപിച്ച ഈ ഗാനം ഹിറ്റായി. അതുപോലെ ഗാനരചയിതാവും. തുടര്‍ന്ന് ഏതാണ്ട് രണ്ട് ദശാബ്ദത്തോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഗിരീഷ് പുത്തഞ്ചേരി, അക്ഷര നക്ഷത്രം കോര്‍ത്ത ജപമാലയുമായി മലയാളിയുടെ മനസ്സിന്റെ പടികടന്നുപോയിട്ട് ഒരു വര്‍ഷം.

‘ മഞ്ഞോലും രാത്രിമാഞ്ഞു. യാത്രാമൊഴിയോടെ’ എന്നു കുറിച്ചിട്ട അദ്ദേഹം മനസും കളഭവും ഭഗവാന് സമര്‍പ്പിച്ച് പടികളിറങ്ങി. അനുരാഗത്തിന്റെ ആര്‍ദ്രഭാവങ്ങളും പ്രണയത്തിന്റെ പരിഭവവും നൊമ്പരവുമെല്ലാം വളരെ ലളിതമായിത്തന്നെ മലയാളിയുടെ മനസ്സിലേയ്ക്ക് ഗീരീഷ് പകര്‍ന്നു കൊടുത്തു. അതി കാല്പനികമെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നെങ്കിലും മലയാളിയുടെ ഹൃദയം തൊട്ട ഗാനങ്ങളായിരുന്നു ഗീരീഷിന്റെ തൂലികയില്‍ നിന്നും അടര്‍ന്നു വീണിരുന്നത്.

ശ്രീകുമാരന്‍ തമ്പി, ഒ.എന്‍.വി, യൂസഫലി കേച്ചേരി, കൈതപ്രം, ബിച്ചു തിരുമല എന്നീ പ്രമുഖ കവികള്‍ അരങ്ങു വാഴുമ്പോഴായിരുന്നു ഗീരീഷ് പുത്തഞ്ചേരി എന്ന ഗാന രചയിതാവിന്റെ സിനിമയിലേയ്ക്കുള്ള ആഗമനം. 1988 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള അവര്‍ഡ് ഏഴ് തവണ കരസ്ഥമാക്കിയ ഗീരീഷിനെ ‘പിന്‍ഗാമികളില്‍ പ്രമുഖര്‍’ എന്നാണ് ശ്രീകുമാരന്‍ തമ്പി വിശേഷിപ്പിച്ചത്. മലയാളത്തിലെ ഏതാണ്ടെല്ലാ പ്രമുഖ സംവിധായകരുടേയും ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതിയിട്ടുള്ള പുത്തഞ്ചേരി ഓരോരുത്തരുടെ ചിത്രങ്ങള്‍ക്കും ഓരോ പേന എന്ന രീതിയിലാണ് ഗാനങ്ങളെഴുതിയത്. ഓരോ സംവിധായകര്‍ക്കും അവരവരുടെ ശൈലിയിലുള്ള ഗാനങ്ങള്‍.

‘സ്വയം മറന്നൊന്നു പാടുവാന്‍ തരൂ നിന്റെ തംബുരു മെയ്യ്’

കമിതാവിന്റെ കാതിലേയ്ക്ക് മൃദുവായി മൂളാന്‍ തോന്നുന്ന വരികള്‍.

കൈക്കുടന്ന നിറയെ പ്രണയത്തിന്റെ മധുരഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഗീരീഷ് പുത്തഞ്ചേരി മഴവില്ലിനപ്പുറമുള്ള ലോകത്തേയ്ക്ക് മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ മലയാളിയുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു.

1955- അഗ്നിദേവന്‍
1997- കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
1999-പുനരധിവാസം
2001-രാവണപ്രഭു
2002-നന്ദനം
2003-ഗൗരീശങ്കരം
2004-കഥാവശേഷന്‍
എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് ലഭിച്ചു.

2004-മാമ്പഴക്കാലം
2006-വടക്കുംനാഥന്‍
2008-മാടമ്പി എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഏഷ്യാനെറ്റ് അവാര്‍ഡും ലഭിച്ചു.
‘മേലേപറമ്പില്‍ ആണ്‍വീട്’, ‘കിന്നരിപ്പുഴയോരം’ എന്നീ ചിത്രങ്ങള്‍ക്ക് കഥയെഴുതി. ‘പല്ലാവൂര്‍ ദേവനാരായണന്‍’, ‘വടക്കുംനാഥന്‍’ എന്നീ ചിത്രങ്ങളുടെ കഥയും, തിരക്കഥയും, സംഭാഷണവും, ഗാനങ്ങളും ഗീരീഷ് പുത്തഞ്ചേരിയുടേതായിരുന്നു.

അദ്ദേഹം നമ്മില്‍ നിന്ന് അകന്നുപോയെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് മരണമില്ല. മറന്നിട്ടും മനസ്സില്‍ മൂളുന്ന മൗനാനുരാഗം പോലെ, മലരിട്ട വസന്തത്തിന്‍ മഴവില്ല് പോലെ, തിര നുരയും ചുരുള്‍ മുടിയില്‍ സാഗരസൗന്ദര്യം പോലെ, ഒരു തൂവല്‍ സ്പര്‍ശം പോലെ ഒരിക്കലുമവസാനിക്കാത്ത സംഗീത സാഗരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.