1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2019

സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ പോര്‍ച്ചുഗലില്‍ നടത്തിയത് വമ്പന്‍ പ്രകടനം; പ്രതിഷേധവുമായി അണിനിരന്നത് പതിനായിരങ്ങള്‍. അന്താരാഷ്ട്ര വനിതാദിനത്തില്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് പോര്‍ച്ചുഗലില്‍ നഴ്‌സുമാര്‍ മാര്‍ച്ച് നടത്തി. പതിനായിരത്തിനടുത്ത് നഴ്‌സുമാരാണ് തങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്.

വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് കൈയ്യില്‍ വെളുത്ത റോസാപ്പൂവും പിടിച്ചാണ് നഴ്‌സുമാര്‍ ലിസ്ബണില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തത്. മെച്ചപ്പെട്ട വേതനം ലഭ്യമാക്കുക മികച്ച തൊഴില്‍ സാഹചര്യം ഒരുക്കുക എന്നിവ ആവശ്യപ്പെട്ടായിരുന്നു വനിതാ ദിനത്തില്‍ നഴ്‌സുമാര്‍ തെരുവിലേക്കിറങ്ങിയത്. രാജ്യത്തെ നഴ്‌സുമാര്‍ ഇതേ ആവശ്യമുന്നയിച്ച് മുന്‍പ് പലതവണയും സമരങ്ങള്‍ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം 3 ആഴ്ചയോളം തൊഴില്‍ സമരം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യ മേഖല പൂര്‍ണമായി സ്തംഭിക്കുന്ന അവസ്ഥയും ഉണ്ടായി. നിശ്ചയിച്ചിരുന്ന 5000 ശസ്ത്രക്രിയകള്‍ മാറ്റിവെക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ തൊഴില്‍ സമരം നടന്നിരുന്നു. അന്ന് 7500 ശസ്ത്രക്രിയകളാണ് റദ്ദാക്കേണ്ടി വന്നത്. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും സമരം തുടര്‍ന്നാല്‍ തൊഴില്‍ നിയമപ്രകാരം കേസെടുക്കുമെന്നും പിഴ ചുമത്തുമെന്നും അറിയിച്ചതോടെ ഫെബ്രുവരി 22ന് നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചു.

ഫെബ്രുവരി ഏഴിന് നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുകയും നഴ്‌സിങ്ങ് അസോസിയേഷന്‍ മുന്നോട്ടുവെച്ച പ്രോട്ടോകോളില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിന്‍ഡെപോര്‍ എന്ന സംഘടന ഏപ്രിലില്‍ പുതിയ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ഇനിനു മുന്നോടിയായാണ് വനിതാദിനത്തില്‍ പതിനായിരങ്ങളെ അണിനിത്തി മാര്‍ച്ച് നടത്തിയത്.

കാലങ്ങളായി തങ്ങള്‍ നടത്തുന്ന അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തെ തമാശയായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. ഈ മാസം 21നാണ് സര്‍ക്കാരുമായുള്ള രണ്ടാംഘട്ട ചര്‍ച്ച നടക്കുക. ഈ ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ നിശ്ചയിച്ച സമരത്തില്‍ നിന്നും പിന്‍വാങ്ങുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.