1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2017

സ്വന്തം ലേഖകന്‍: അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഉന്നത പദവികളില്‍ നോട്ടമില്ലെന്ന് യു.എസ്. മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമ. വൈറ്റ് ഹൗസ് വിട്ടശേഷം ആദ്യമായി പങ്കെടുത്ത ഒര്‍ലാന്‍ഡോയിലെ ഒരു പൊതുപരിപാടിയിലായിരുന്നു മിഷേല്‍ മനസു തുറന്നത്. രാഷ്ട്രീയം കഠിനമാണെന്ന് കേള്‍വിക്കാരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി മിഷേല്‍ പറഞ്ഞു.

”മത്സരിക്കാനിറങ്ങുംമുമ്പ് എല്ലാം നല്ലതാണ്. അതു കഴിയുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുക. എന്റെ കുട്ടികളോട് ഇനിയും ഞാന്‍ ഇതാവശ്യപ്പെടില്ല. ഉന്നതസ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ നിങ്ങള്‍ മാത്രമല്ല ഇതെല്ലാം അനുഭവിക്കുന്നത്. നിങ്ങളുടെ കുടുംബം കൂടിയാണ്, ‘ മിഷേല്‍ പറഞ്ഞു. പൊതുസേവനം എക്കാലവും തന്റെ രക്തത്തിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് പദം ഒഴിഞ്ഞശേഷം മിഷേലിന്റെ ഭര്‍ത്താവ് ബരാക് ഒബാമ പങ്കെടുത്ത ആദ്യ പരിപാടി കഴിഞ്ഞ ദിവസം നടന്നതിനു തൊട്ടുപിന്നാലെയാണ് മിഷേലും ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയില്‍ നടത്തിയ പ്രസംഗത്തില്‍ ഒബാമ രാജ്യം അഭിമുഖീകരിക്കുന്ന സാന്പത്തിക അസമത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയാണ് എടുത്തു പറഞ്ഞത്.

എന്നാല്‍ പ്രസിഡന്റ് ട്രംപിനെക്കുറിച്ച് ഒബാമ പ്രസംഗത്തില്‍ ഒന്നും പറയാതിരുന്നത് കൗതുകമായി. പ്രസിഡന്റു പദവി ഒഴിഞ്ഞതിനു ശേഷം പ്രഭാഷണങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഒബാമ നിക്ഷേപ ബാങ്കായ കാന്റര്‍ ഫിറ്റ്‌സ്ജറാള്‍ഡ് സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന ആരോഗ്യരക്ഷാ സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിന് നാലു ലക്ഷം ഡോളര്‍ പ്രതിഫലം വാങ്ങാന്‍ കരാറായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.