1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2011

2010 മറഞ്ഞു. അതേപ്പറ്റി ചിന്തിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നവന് വിജയം കണ്ടെത്താനാവില്ല. വിജയം വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നവന്‍റേതാണ്. ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമ ‘അര്‍ജുനന്‍ സാക്ഷി’ പറയാന്‍ ശ്രമിക്കുന്നത് ഇതുപോലെ ഒരു ആശയമാണ്. പൃഥ്വി എന്ന താരത്തെ സംബന്ധിച്ചും അത് സത്യമാണെന്നു പറയാം.

പൃഥ്വിരാജിന് അത്ര നല്ല വര്‍ഷമായിരുന്നില്ല 2010. ആശ്വസിക്കാന്‍ ആകെ ലഭിച്ചത് ഒരു പോക്കിരിരാജ മാത്രം. വന്‍ പ്രതീക്ഷകളുമായി തിയേറ്ററുകളിലെത്തിയ താന്തോന്നിയും ത്രില്ലറും അന്‍‌വറുമെല്ലാം മൂക്കുകുത്തി വീണു. അതെല്ലാം മറന്നേക്കൂ എന്നാണ് പൃഥ്വി അറിയിക്കുന്നത്. ഈ വര്‍ഷം പൃഥ്വിയുടെ ആദ്യ റിലീസ് ജനുവരി 28ന് ‘അര്‍ജുനന്‍ സാക്ഷി’യാണ്. ബിഗ്സ്റ്റാറിന്‍റെ ഈ വര്‍ഷത്തെ പടയോട്ടം അവിടെ ആരംഭിക്കുന്നു. ഇനി വരാന്‍ പോകുന്നത് ‘ഉറുമി’ ഉള്‍പ്പടെയുള്ള വമ്പന്‍ പ്രൊജക്ടുകള്‍.

‘പാസഞ്ചര്‍’ ഫെയിം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അര്‍ജുനന്‍ സാക്ഷി. അതുകൊണ്ടുതന്നെ അര്‍ജുനനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണുള്ളത്. വര്‍ഷങ്ങളായി കേരളത്തിന് പുറത്തുജീവിക്കുന്ന ഒരാള്‍ കേരളത്തില്‍ ജീവിക്കാനെത്തുന്നതും ഇവിടുത്തെ മാറുന്ന സാഹചര്യങ്ങളോടും അവസ്ഥകളോടും അയാള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നുമാണ് അര്‍ജുനന്‍ സാക്ഷി പറഞ്ഞുതരുന്നത്. റോയിമാത്യു എന്ന യുവ എഞ്ചിനീയറെയാണ് പൃഥ്വി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

ആന്‍ അഗസ്റ്റിനാണ് ചിത്രത്തിലെ നായിക. അഞ്ജലി എന്ന പത്രപ്രവര്‍ത്തകയുടെ റോളാണ് ആന്‍ അഗസ്റ്റിനുള്ളത്. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

അര്‍ജുനന്‍ സാക്ഷി ഒരു ആക്ഷന്‍ ത്രില്ലറാണെന്ന് രഞ്ജിത് ശങ്കര്‍ പറയുന്നു. സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ കടന്നുപോകുന്ന ഈ സിനിമ പൃഥ്വിയുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണെന്നും സംവിധായകന്‍ സാക്‍ഷ്യപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.