1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2018

സജീഷ് ടോം (സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 യുടെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ നവംബര്‍ 11 ന് ബര്‍മിംഗ്ഹാമിനടുത്തുള്ള വൂളറാംപ്റ്റണില്‍ നടന്ന ആദ്യ സ്റ്റേജ് മത്സരങ്ങളില്‍ രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ക്രമീകരിച്ചിരുന്നത്. ആദ്യ റൗണ്ട്ആയ ‘ഇഷ്ടഗാന’ റൗണ്ടിന്റെ സംപ്രേക്ഷണം പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത റൗണ്ട് 1970 1980 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ മലയാള സിനിമകളില്‍നിന്നുള്ള ഹൃദ്യഗാനങ്ങള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്.

മത്സരാര്‍ത്ഥികളായ പതിനഞ്ച് ഗായകരില്‍ മൂന്നുപേര്‍ ഈ റൗണ്ട് അവസാനിക്കുന്നതോടെ സ്റ്റാര്‍സിംഗറില്‍നിന്നും പുറത്താകുകയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഒരു ജീവന്മരണ പോരാട്ടമായിരിക്കും രണ്ടാം റൗണ്ടിലെ മത്സരങ്ങളില്‍ നാം കാണുക. ഈ റൗണ്ടിലെ ആദ്യ എപ്പിസോഡില്‍ പാടാനെത്തുന്നത് കടല്‍കടന്ന് മത്സരിക്കാനെത്തിയ ജാസ്മിന്‍ പ്രമോദ് (ഡബ്ലിന്‍), സോളിഹള്ളില്‍നിന്നുള്ള ആന്റണി തോമസ്, കെന്റ്റില്‍നിന്നുള്ള അനു ജോസ് എന്നിവരാണ്.

‘ചിലമ്പ്’ എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചന്‍ സാറിന്റെ സംഗീതത്തില്‍ കെ എസ് ചിത്ര ആലപിച്ച ‘പുടമുറി കല്യാണം ദേവി എനിക്കിന്ന് മാങ്കല്യം’ എന്ന ഗാനമാണ് ജാസ്മിന്‍ നമുക്കായി ആലപിക്കുന്നത്. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ നിരവധി വേദികളില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന അനുഗ്രഹീത ഗായികയായ ജാസ്മിന്റെ ആലാപനം, പാട്ടുകേട്ട് കഴിഞ്ഞും നാമറിയാതെ വീണ്ടും മൂളിപ്പാട്ടായി ചുണ്ടില്‍ വിരിയും വിധം അതീവ ഹൃദ്യമായ ഒന്നാണെന്നതില്‍ സംശയമില്ല. പ്രതിഭാധനനായ സിനിമാ സംവിധായകന്‍ ഭരതന്‍ തന്നെയാണ് ഗാനത്തിന്റെ ഈരടികളും രചിച്ചിരിക്കുന്നത്.

മലയാള സിനിമാ ഗാനങ്ങളുടെ വസന്തകാലത്തെ പണ്ഡിതരായ മഹാരഥന്മാരായിരുന്നു ശ്രീകുമാരന്‍തമ്പിസാറും ദക്ഷിണാമൂര്‍ത്തി സ്വാമികളും. അവരുടെ കൂട്ടുകെട്ടില്‍ പിറന്ന നിരവധി ഗാനങ്ങള്‍ ആ കാലഘട്ടത്തിന്റെ കയ്യൊപ്പു പതിഞ്ഞവയായിരുന്നു. ശ്രീകുമാരന്‍തമ്പിയുടെ രചനയില്‍ ദക്ഷിണാമൂര്‍ത്തി ഈണം ചിട്ടപ്പെടുത്തിയ ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്‍പ്പം’ എന്ന ഭാവ തീവ്രമായ ഗാനവുമായാണ് അടുത്ത മത്സരാര്‍ത്ഥിയായ ആന്റണി തോമസ് എത്തുന്നത്. തന്റെ ശബ്ദത്തിന് യോജിക്കുന്ന ഗാനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള പാടവം ഇഷ്ടഗാന റൗണ്ടിലും ആന്റണി തെളിയിച്ചതാണ്. ‘ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു’ എന്ന സിനിമയില്‍ പി ജയചന്ദ്രന്‍ ആലപിച്ച ഈ ഗാനം ഭാവത്തിലും ആലാപനത്തിലും മികവുറ്റതാക്കാന്‍ ആന്റണി ശ്രമിക്കുന്നുണ്ട്.

ഇഷ്ടഗാന റൗണ്ടിലെ ‘സ്വരകന്യകമാര്‍ വീണ മീട്ടുകയായ്’ എന്ന ഗാനം ആലപിച്ച അനുവിനെ ആരും മറന്നിട്ടുണ്ടാകില്ല. ലളിതവും മധുരവുമായി പാടുന്ന കെന്റ്റില്‍നിന്നുള്ള അനു ജോസ് രണ്ടാമത്തെ റൗണ്ടില്‍ എത്തുന്നത് ‘ഓളങ്ങള്‍’ എന്ന ചിത്രത്തിലെ ‘തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം’ എന്ന നിത്യ ഹരിത സൂപ്പര്‍ ഹിറ്റ് ഗാനവുമായാണ്. ഒ എന്‍ വി കുറുപ്പ് ഇളയരാജ ടീമിന്റെ എക്കാലവും ഓര്‍മ്മയില്‍ ഈണമാകുന്ന ഈ ഗാനം എസ് ജാനകിയുടെ ശബ്ദത്തിലൂടെയാണ് മലയാളികള്‍ നെഞ്ചിലേറ്റുന്നത്. അനുവിന്റെ സ്റ്റാര്‍സിംഗറിലെ മറ്റൊരു മിന്നുന്ന പ്രകടനം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും ഈ ഗാനം.

യുക്മയുടെ ഏറ്റവും ജനകീയമായ പ്രോഗ്രാം എന്നനിലയിലേക്ക് വളര്‍ന്നു കഴിഞ്ഞ സ്റ്റാര്‍സിംഗര്‍ പ്രോഗ്രാമിനെ യു കെ യിലെ എന്നല്ല യൂറോപ്പിലെ തന്നെ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നത് യുക്മയ്ക്കും ഗര്‍ഷോം ടി വി ക്കും ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്. പ്രവാസത്തിന്റെ പരിമിതമായ സാഹചര്യങ്ങളില്‍ ഇതുപോലെ പ്രൊഫഷണല്‍ ആയി നടത്തുന്ന മ്യുസിക് റിയാലിറ്റി ഷോയുടെ വിജയം വരുംകാലങ്ങളിലേക്ക് കൂടുതല്‍ ഊര്‍ജ്ജവും കരുത്തും പകരും എന്നതില്‍ സംശയമില്ല. പുതിയ എപ്പിസോഡ് താഴെ കാണാം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.