1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2017

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച (9/8/17) രാവിലെ 10.30 മുതല്‍ ടിമ്പര്‍ലി മെത്തഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വച്ച് നടക്കും. രാവിലെ അസോസിയേഷന്‍ അംഗങ്ങള്‍ പൂക്കളമിട്ട് ആഘോഷങ്ങള്‍ തുടക്കം കുറിക്കും. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഇന്‍ഡോര്‍ മത്സരങ്ങള്‍ നടക്കും. ഇന്‍ഡോര്‍ മത്സരങ്ങള്‍ക്ക് ശേഷം കൃത്യം 11.30 ന് എം.എം.സി.എ ട്രോഫിക്ക് വേണ്ടിയും, അലീഷാ ജിനോ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുമുള്ള അത്യന്തം ആവേശകരമായ പുരുഷ വനിതാ വടംവലി മത്സരം നടക്കും.

ഉച്ചക്ക് കേരളീയ ശൈലിയില്‍ 22 തരം വിഭവങ്ങള്‍ നാടന്‍ വാഴയിലയില്‍ ഒരുക്കിയുള്ള ഒന്നാന്തരം ഓണസദ്യ. ഓണസദ്യക്ക് ശേഷം അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ആരംഭിക്കും. തുടര്‍ന്ന് 201719 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കും.

തന്റെ പ്രജകളെ വര്‍ഷത്തിലൊരിക്കല്‍ കാണുവാനും അവര്‍ക്ക് ദര്‍ശനം കൊടുക്കുവാനും മാവേലി മന്നന്‍ എഴുന്നെള്ളും. മാവേലി തമ്പുരാന് മാഞ്ചസ്റ്റര്‍ മലയാളികള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉജ്ജ്വല സ്വീകരണം നല്കും. തുടര്‍ന്ന് സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിക്കും. എം.എം.സി.എ പ്രസിഡന്റ് ജോബി മാത്യു ഓണാഘോഷം ഉദ്ഘാടനം ചെയ്യും. മുന്‍ പ്രസിഡന്റുമാരായ റെജി മടത്തിലേട്ട്, ഉതുപ്പ്.കെ.കെ, മനോജ് സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. ട്രഷറര്‍ സിബി മാത്യു നന്ദി പ്രകാശിപ്പിക്കും.

പൊതുയോഗശേഷം കള്‍ച്ചറല്‍ കോഡിനേറ്റര്‍മാരായ ജനീഷ് കുരുവിള, സുമ ലിജോ എന്നിവര്‍ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. തിരുവാതിര, ഓണപ്പാട്ട്, ഫാഷന്‍ പരേഡ്, കോമഡി സകിറ്റ്, വിവിധ നൃത്തരൂപങ്ങള്‍ എന്നിവ വേദിയില്‍ അവതരിപ്പിക്കും. വൈകുന്നേരം 6 മണിയോടു കൂടി ഓണാഘോഷ പരിപാടികള്‍ക്ക് സമാപനം കുറിക്കും.

എം.എം.സി.എ യുടെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്ത് മാവേലി വാണ മലയാള നാടിന്റെ നന്മയും, പൊന്നോണത്തിന്റെ മധുര സ്മരണകളും ഒരിക്കല്‍ കൂടി മനസിലേറ്റാന്‍, ആഹ്‌ളാദിച്ചുല്ലസിക്കുവാന്‍ എല്ലാവരേയും ടീം എം.എം.സി.എ യ്ക്ക് വേണ്ടി സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.