1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2015

സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഹാന്‍ഡ്ബാഗേജിനെ ചൊല്ലി തര്‍ക്കം, മലയാളി കുടുംബത്തിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയതായി പരാതി. സൊഹാറില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി ഇബ്രാഹീമിന്‍ന്റെയും കുടുംബത്തിന്റെയും യാത്രയാണ് മുടങ്ങിയത്. ഇതുമൂലം ഇവര്‍ക്ക് ഞായറാഴ്ച നടന്ന ഭാര്യാസഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

ശനിയാഴ്ച വൈകീട്ട് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് ഇവര്‍ ടിക്കടെടുത്തത്. യാത്രചെയ്യാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചക്ക് കൊച്ചിക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മറ്റൊരു ടിക്കറ്റെടുത്താണ് ഏഴും മൂന്നും വയസ്സായ കുട്ടികള്‍ അടക്കമുള്ള കുടുംബം നാട്ടിലേക്ക് തിരിച്ചത്.

തങ്ങള്‍ക്കൊപ്പം മറ്റൊരു കുടുംബത്തിനും യാത്ര നിഷേധിച്ചതായും ഇബ്രാഹീം മാധ്യമങ്ങളൊട് വെളിപ്പെടുത്തി. ബോര്‍ഡിങ് പാസ് ലഭിച്ച ശേഷം ഗേറ്റിലേക്ക് പോകവേയാണ് സംഭവമെന്ന് ഇബ്രാഹീം പറയുന്നു. ടിക്കറ്റില്‍ എഴുതിയിരുന്നതു പ്രകാരമുള്ള നാല് ഹാന്‍ഡ് ബാഗേജാണ് തങ്ങളുടെ കൈവശം ഉണ്ടായിരുന്നത്. ഗേറ്റില്‍ എത്തിയപ്പോള്‍ തൊട്ടുമുന്നിലുണ്ടായിരുന്ന കുടുംബത്തിന്റെ കൈവശം അധിക ഹാന്‍ഡ് ബാഗേജ് ഉണ്ടായിരുന്നു.

ഇവരുമായി ഇതിന്റെ പേരില്‍ ഗേറ്റിലുണ്ടായിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് ഉദ്യോഗസ്ഥനും ഒമാനി ഉദ്യോഗസ്ഥനും തര്‍ക്കമുണ്ടായി. തുടര്‍ന്ന് യാത്രചെയ്യാന്‍ അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് പ്രായമായ സ്ത്രീയടങ്ങുന്ന ഈ കുടുംബത്തെ തിരിച്ചയച്ചു. തുടര്‍ന്ന് ഇബ്രാഹീമിനോടും കുടുംബത്തോടും നാല് ബാഗേജ് അനുവദിക്കാന്‍ കഴിയില്ലെന്ന് പറയുകയായിരുന്നു. ടിക്കറ്റില്‍ നാല് എണ്ണം എഴുതിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ധാര്‍ഷ്ട്യത്തോടെ അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം.

എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ ഓഫിസില്‍ ചെന്നെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ ബോര്‍ഡിങ്ങിനുള്ള സമയം കഴിഞ്ഞെന്ന് പറഞ്ഞ് തിരിച്ചയച്ചതായി ഇബ്രാഹീം പറഞ്ഞു. ഇവരുടെ ലഗേജുകള്‍ ഇറക്കിയ ശേഷം നിശ്ചിത സമയത്തിലും അര മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിയില്‍ അന്വേഷിച്ചപ്പോള്‍ നാല് ഹാന്‍ഡ്ബാഗേജ് അനുവദനീയമാണെന്നാണ് പറഞ്ഞതെന്ന് ഇബ്രാഹീം പറയുന്നു.

ഹാന്‍ഡ് ബാഗേജ് പരിധി കര്‍ക്കശമാക്കിയതിന് ശേഷം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമാണ്. ഗേറ്റില്‍വെച്ച് ബാഗേജ് കൈയില്‍പിടിച്ച് തൂക്കം നോക്കി ഏകദേശ കണക്ക് പറയുകയാണത്രെ ചെയ്യാറ്. അധിക ഭാരം ഉണ്ടെന്നുപറഞ്ഞ് വാങ്ങുന്ന പണത്തിന് ഇവര്‍ രസീതിയും നല്‍കാറില്ലെന്നും പരാതിക്കാര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.