1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2018

Alex Varghese (മാഞ്ചസ്റ്റര്‍): മലയാള ഭാഷയുടെ മഹിമ വിളിച്ചോതി തുഞ്ചത്ത് എഴുത്തച്ഛനെയും തുഞ്ചന്‍പറമ്പിലെ തത്തകളേയും അണിനിരത്തി മാഞ്ചസ്റ്റര്‍ ഡേ പരേഡില്‍ ഈ വര്‍ഷവും മിന്നിതിളങ്ങിയത് മാഞ്ചസ്റ്റര്‍ മലയാളീകള്‍. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ വിനോദപ്രദര്‍ശനങ്ങളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ ഡേ പരേഡിന്റെ ഒന്‍പതാം പതിപ്പില്‍ വീഥികള്‍ക്കു ഇരുവശവും നിറഞ്ഞ പതിനായിരക്കണക്കിലാളുകളുടെ മനം കവര്‍ന്ന് മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷനും മാഞ്ചസ്റ്റര്‍ മേളവും.

മലയാള ഭാഷയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അന്തര്‍ദേശീയ പ്രദര്‍ശനത്തില്‍ ഭാഷയുടെ ചരിത്രത്തെയും സാംസ്‌കാരിക പൈതൃകത്തെയും ഉയര്‍ത്തി കാണിച്ചുകൊണ്ട് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ഇരുപത് അടിയോളം ഉയരമുള്ള ഫ്‌ളോട്ടും മലയാള അക്ഷര മാലയും മലയാള വാക്കുകള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡും എം.എം.എ യുടെ മലയാളം സ്‌കൂളിലെ വിദ്യാര്‍ഥികളും അണിനിരന്നപ്പോള്‍ ഭാരതത്തിലെ ഒരു പ്രാദേശിക ഭാഷയും മലയാളികളും ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. ‘വേര്‍ഡ് ഓണ്‍ ദി സ്ട്രീറ്റ് ‘ എന്ന തീം ആസ്പദമാക്കി ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമായ അക്ഷര വൃക്ഷത്തിന്റെ ചുവട്ടില്‍ താളിയോലയില്‍ നാരായം കൊണ്ടെഴുതുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ ഫ്‌ളോട്ടായിരുന്നു ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം.

അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ പരേഡില്‍ ഭാരത്തില്‍ നിന്നും പങ്കെടുത്ത ഏക ഗ്രൂപ്പും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റേതായിരുന്നു. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും മാഞ്ചസ്റ്റര്‍ മേളവും ചേര്‍ന്ന് മൂന്നാം വര്‍ഷമാണ് മാഞ്ചസ്റ്ററിന്റെ മനം കവരുന്നത്.

എം. എം. എ യുടെ പേരെഴുതിയ പ്ലക്കാഡു ഏന്തിയ സംഘടനയുടെ മുന്‍ പ്രസിഡണ്ട് മേഘല ഷാജിക്കു പിന്നില്‍ ഇംഗ്ലണ്ടിലെ പ്രധാന മേളപ്രമാണിയായ രാധേഷ് നായരുടെ നേതൃത്യത്തില്‍ നോര്‍ത്ത് വെസ്റ്റിലെ ഇരുപതോളം മേള വിദഗ്ദര്‍ അണിനിരന്ന ശിങ്കാരി മേളം ഒരര്‍ത്ഥത്തില്‍ മാഞ്ചസ്റ്റര്‍ വീഥികളില്‍ പെയ്തിറങ്ങുകയായിരുന്നു. അതിനു പിന്നിലായി മലയാള തനിമ വിളിച്ചോതി കേരളത്തിന്റെ സ്വന്തം മോഹിനിയാട്ടം അവതരിപ്പിച്ച എം.എം.എ സപ്ലിമെന്ററി സ്‌കൂളിലെ കുട്ടികള്‍, മുത്തുക്കുട ഏന്തിയ വനിതകളും പുരുഷന്മാരും അതിനുപിന്നിലായ് കുമ്മിയാട്ടവും അമ്മന്‍കുടവും കാണികളുടെ മനം കവര്‍ന്നു.

കേരളത്തിന്റെ 100 ശതമാനം സാക്ഷരതയായിരുന്നു വിവിധ റേഡിയോകളും തത്സമയ സംപ്രേഷണം നടത്തിയ ചാനലുകളും ഉയര്‍ത്തിക്കാണിച്ചത്. കലാരൂപങ്ങളുടെ വൈവിദ്ധ്യം കൊണ്ടും വര്‍ണ്ണ ശമ്പളമായ ഉടയാടകളുമായി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വേറിട്ട് നിന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരള ടൂറിസം വകുപ്പുമായി സഹകരിച്ചാണ് എം.എം.എ ഈ വിജയം കൈവരിച്ചത്.

ആഴ്ചകളോളം നീണ്ടുനിന്ന മലയാളി അസോസിയേഷന്‍ ട്രസ്റ്റിമാരുടേയും അംഗങ്ങളുടെയും അത്യധ്വാനത്തിന്റെ ഫലമായിരുന്നു പരേഡിലെ ഈ വിജയത്തിനാധാരം. കേരളം ഗവണ്‍മെന്റിന്റെ മലയാളം മിഷന്റെ നോര്‍ത്ത് വെസ്റ്റിലെ കേന്ദ്രം കൂടിയാണ് എം.എം.എ നടത്തുന്ന സപ്ലിമെന്ററി സ്‌കൂള്‍. കേരളത്തില്‍നിന്നും പതിനായിരക്കണക്കിന് കിലോമീറ്ററകലെ മാതൃഭാഷയോട് എം.എം.എ കാണിക്കുന്ന പ്രതിബദ്ധതയുടെ ആവിഷ്‌ക്കരമായിരുന്നു ഈ വര്‍ഷത്തെ പരേഡിന് ആധാരം.

അതോടൊപ്പം തന്നെ ദ്രാവിഡ കലാരൂപങ്ങളുടെ ലാസ്യതയും താളവും പരേഡിന് മാറ്റുകൂട്ടി. അമ്മന്‍കുടത്തിന്റെയും കുമ്മിയാട്ടത്തിന്റെയും താളത്തില്‍ നൃത്തം ചെയ്യുന്ന കാണികളെ തെരുവിലുടനീളം കാണാമായിരുന്നു.

നിസ്വാര്‍ദ്ധമായ സഹകരണത്തോടും ഐക്യത്തോടും സമഭാവനയോടും കൂടി ഏകമനസ്സോടും കൂടി മുന്നോട്ടു പോകുന്ന മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓരോ അംഗങ്ങളും ഈ വിജയത്തില്‍ പങ്കാളികള്‍ ആണ്. ആഘോഷങ്ങളില്‍ മാത്രം ചുരുങ്ങേണ്ടതല്ല അസോസിയേഷന്‍ പ്രവര്‍ത്തനമെന്നു ഉറക്കെ പ്രഖ്യാപിക്കുകയും വൈവിദ്ധ്യാമാര്‍ന്ന സംസ്‌കാരങ്ങളുമായി ഇഴുകി ചേര്‍ന്നതുകൊണ്ട് തങ്ങളുടെ പൈതൃകത്തെയും സംസകാരത്തെയും പ്രാചീനകലകളെയും പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തികൊടുക്കുകയും ചെയ്യുന്ന എം. എം.എ ഇംഗ്ലണ്ടിലെ മറ്റു അസ്സോസിയേഷനുകള്‍ക്കു ഒരു മാതൃക കൂടിയാണ്.

എം.എം എ പ്രസിഡന്റ് വില്‍സന്റെയും, സെക്രട്ടറി കലേഷിന്റെയും നേതൃത്വത്തില്‍ ട്രസ്റ്റിമാരും അംഗങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാണ് അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.