1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2011

ബാലസജീവ് കുമാര്‍

കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ പ്രവാസി മലയാളികള്‍ക്ക് മുതല്‍ മുടക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവുമായി യുക്മ ആരംഭിച്ച കാമ്പൈന് വന്‍പിച്ച പ്രതികരണം. യുകെയില്‍ നിന്നുള്ള അപേക്ഷകരെക്കൂടാതെ അമേരിക്ക, കാനഡ, ഇറ്റലി, ജെര്‍മനി, ഗള്‍ഫ് രാജ്യങ്ങള്‍, ആസ്‌ട്രേലിയ എന്നിങ്ങനെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി അപേക്ഷകര്‍ യുക്മ നല്‍കിയിരുന്ന ഇമെയിലിലേക്ക് അപേക്ഷാഫോറം ആവശ്യപ്പെട്ട് അപേക്ഷകള്‍എത്തിയിരുന്നു.

ആവശ്യപ്പെട്ട എല്ലാവര്‍ക്കും വിശദവിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും യുക്മ ജെനറല്‍ സെക്രട്ടറി ബാലസജീവ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിക്കു നല്‍കി. കണ്ണൂര്‍ ഇന്റെര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) ഔദ്യോഗികമായി നിക്ഷേപസമാഹരണത്തിന് യുക്മയെ ചുമതലപ്പെടുത്തിയിരുന്നില്ല എങ്കിലും യുകെയില്‍ നിന്നുള്ള മലയാളി നിക്ഷേപകരുടെ താല്‍പര്യവും സമ്മര്‍ദ്ദവും മൂലമാണ് യുക്മ ഈ വിഷയത്തില്‍ ഇടപെട്ടത്.

നിക്ഷേപകര്‍ക്കാവശ്യമായ വിവരങ്ങളോ, മാര്‍ഗ്ഗനിര്‍ദ്ദേശമോ കിയാലില്‍ നിന്നും ലഭിക്കാഞ്ഞതും കിയാലിന് ഇതൊരു പബ്ലിക് ഇഷ്യൂ അല്ലാത്തതിനാല്‍ പരസ്യം നല്‍കി നിക്ഷേപസമാഹരണത്തിന് സാദ്ധ്യമല്ലാതായതുമാണ് യുക്മയുടെ ഇടപെടല്‍ സാധ്യമാക്കിയത്.യുകെയിലെ എല്ലാ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും മനോരമ അടക്കമുള്ള ഗ്ലോബല്‍ മാദ്ധ്യമങ്ങളും ഈ കാമ്പൈനെ ജനസമക്ഷമെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതാണ് അപേക്ഷകരുടെ എണ്ണം കൂടാന്‍ കാരണമായത്.

അപേക്ഷകരില്‍ പലര്‍ക്കും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടിയിരുന്ന ഇന്ത്യയിലെ വരുമാന നികുതി തീരുവ അടക്കുന്നതിന്റെ വിവരങ്ങളടങ്ങിയ ഫോറം പൂരിപ്പിക്കുന്നതിനുള്ള സഹായം ചെയ്തു കൊടുക്കാനും, അപേഷകര്‍ക്ക് ബാങ്കില്‍ നിന്നും ഡിഡി കിട്ടുന്നതിനുള്ള ബുദ്ധിമുട്ടുകളറിയിച്ചപ്പോള്‍ മറ്റു ബാങ്കുകളില്‍ നിന്ന് ഡിഡി എടുക്കുന്നതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നതിലും മറ്റും മറ്റു കമ്മിറ്റി അംഗങ്ങളായ യുക്മ ഓര്‍ഗനൈസിംഗ് സെക്രട്ടറി മാമ്മന്‍ ഫിലിപ്, സിബി തോമസ് (യുക്മ ട്രഷറര്‍), മൈക്കിള്‍ കുര്യന്‍ (ഓക്‌സ്‌ഫോര്‍ഡ്), ബിജു (ന്യൂബെറി) എന്നിവര്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.

കൂടാതെ ലിസ്സി ജോസ്സിന്റെയും ജിനു കുര്യാക്കോസിന്റെയും നേത്രുത്വത്തിലുള്ള കോവന്‍ട്രി മലയാളി കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ യുക്മ സംഘടിപ്പിച്ച അപേക്ഷ വിതരണവിശദീകരണ യോഗത്തില്‍ വച്ച് തോമസ് ടി ആണ്ടൂരിന് ആദ്യ അപേക്ഷാഫോറം നല്‍കിയതും ഈ പരിപാടിക്ക് കരുത്തുപകര്‍ന്നു.
യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ കഴിഞ്ഞ വര്‍ഷം കേരള മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കേരളത്തിന്റെ വിവിധ മേഖലകളിലുള്ള സമഗ്രമായ വികസന പ്രവര്‍ത്തനങ്ങളില്‍ യുകെ മലയാളികള്‍ മുതല്‍മുടക്കും എന്നു നല്‍കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണത്തിലെ ആദ്യത്തെ പടിയായി മാറുകകൂടിയാണ് 30 കോടിയോളം രൂപ സമാഹരിച്ച യുക്മയുടെ ഈ യജ്ഞം. ലോകത്ത് മറ്റൊരു പ്രവാസി മലയാളി സംഘടനയും ഇത്തരത്തില്‍ രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ മുതല്‍ മുടക്കാന്‍ നിക്ഷേപ സമാഹരണം നടത്തിയിട്ടില്ല എന്നതും യുക്മയുടെ ഈ സംരംഭത്തിന്റെ മാറ്റു കൂട്ടുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.