1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2011


തമിഴ്നാട്ടിലെ പണ്ടുരുട്ടിയില്‍ ഒരപൂര്‍വ വിവാഹം ചൊവ്വാഴ്ച നടന്നു. പുലവന്‍ കുപ്പത്തിലെ രണ്ടരയടിക്കാരി സംഗീതയുടെ (27) കഴുത്തില്‍ മിന്നുകെട്ടിയത് ചിരുതണ്ടമാദേവി ഗ്രാമത്തിലെ ജ്ഞാനജ്യോതി (28) എന്ന മൂന്നടിക്കാരനാണ്. പട്ടുവസ്ത്രം അണിഞ്ഞാണ് ജ്ഞാനജ്യോതി വിവാഹമണ്ഡപത്തില്‍ എത്തിയതെങ്കില്‍ പരമ്പരാഗത വിവാഹവസ്ത്രമായ ‘കൂരപ്പുടവ’ അണിഞ്ഞാണ് സംഗീത എത്തിയത്.

ജ്ഞാനജ്യോതിക്ക് ഇരുപത്തിയൊന്ന് വയസായ സമയം തൊട്ട് ഒരു പെണ്ണിനായി വീട്ടുകാര്‍ അന്വേഷിച്ച് വരികയായിരുന്നു. ചെറുക്കന്റെ ‘പൊക്കം’ കാരണം ആലോചനകളെല്ലാം അലസിപ്പോയി. നീണ്ട ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അടുത്ത ഗ്രാമത്തില്‍ ഒരു രണ്ടരയടിക്കാരി ഉണ്ടെന്ന് ജ്ഞാനജ്യോതിയുടെ വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ അവര്‍ സംഗീതയെ പോയി കാണുകയും ബോധിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ ജ്ഞാനജ്യോതിയെ സംഗീതയുടെ പക്കലേക്ക് പറഞ്ഞയച്ചു. കണ്ടമാത്രയില്‍ തന്നെ ഇരുവര്‍ക്കും പരസ്പരം ഇഷ്ടമായെത്രെ.

“കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ഞാനും വീട്ടുകാരും പെണ്ണന്വേഷിച്ച് നടപ്പായിരുന്നു. അവസാനം എനിക്കുതന്നെ മടുത്തു, മൂന്നടിക്കാരന് എവിടെനിന്ന് പെണ്ണുകിട്ടാന്‍! അങ്ങിനെയിരിക്കെയാണ് സംഗീതയെ പറ്റി വീട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ ഞാന്‍ പോയി സംഗീതയെ കണ്ടു. ആദ്യ കാഴ്ചയില്‍ തന്നെ സംഗീത എന്റെ ഹൃദയം കവര്‍ന്നു. ഇതില്‍‌പരം ഭാഗ്യം എനിക്ക് ഉണ്ടാകാനില്ല” – ജ്ഞാനജ്യോതി പറയുന്നു.

“ഞാന്‍ മുരുകന്റെ ഭക്തയാണ്. വിവാഹം നടക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. അല്‍‌പം കാത്തിരിക്കേണ്ടി വന്നു എന്ന് മാത്രം. എനിക്ക് പൊരുത്തമുള്ള ഒരാളെ തന്നെയാണ് എനിക്ക് ഭര്‍ത്താവായി ലഭിച്ചിരിക്കുന്നത്. ഇതിന് മുരുകനോട് നന്ദി പറയുന്നു” – സംഗീത പറയുന്നു.

എന്തായാലും, കുള്ളക്കല്യാണം കാണാന്‍ ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളില്‍ നിന്നെല്ലാം ആളുകള്‍ എത്തിയിരുന്നു. പത്രക്കാരും ചാനലുകാരും മറ്റ് മാധ്യമപ്രവര്‍ത്തകരും കല്യാണത്തിന്റെ മോടികൂട്ടി. പാവപ്പെട്ടവരായാലെന്താ, ഇത്രയും ആളുകള്‍ എത്തിയ കല്യാണം അടുത്ത കാലത്തൊന്നും പരിസരപ്രദേശത്ത് നടന്നിട്ടില്ലെന്ന് പണ്ടുരുട്ടിക്കാര്‍ അഭിമാനം കൊള്ളുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.