1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ഇടയ സന്ദര്‍ശനം സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റിയില്‍ ആല്മീയ ചൈതന്യവും പിതൃ സ്‌നേഹവും പകരുന്നതായി. പാരീഷംഗങ്ങളെ ഭവനങ്ങളില്‍ ചെന്ന് നേരില്‍ കാണുകയും കുശലങ്ങള്‍ പറഞ്ഞും അവരുടെ സന്തോഷങ്ങളില്‍ പങ്കു ചേര്‍ന്നും, ഉല്‍ക്കണ്ഠകളില്‍ ആശ്വാസം നേര്‍ന്നും, സങ്കടങ്ങളില്‍ സാന്ത്വനം പകര്‍ന്നും ആശീര്‍വ്വദിച്ചും ആണ് സ്രാമ്പിക്കല്‍ പിതാവ് ഓരോ ഭവനങ്ങളും കയറിയിറങ്ങിയത്. ജോസഫ് പിതാവിന്റെ ഇടയ സന്ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ സ്റ്റീവനേജില്‍ ആല്മീയ ഊര്‍ജ്ജവും പുത്തനുണര്‍വ്വും പകരുന്നതായി.

സ്റ്റീവനേജില്‍ നേരത്തെ പാരീഷ് തിരുന്നാളിലും പാരീഷ് ദിനാഘോഷത്തിലും മുഖ്യാതിഥിയായി പങ്കു ചേര്‍ന്ന പിതാവ് അന്ന് ആര്‍ജ്ജിച്ച കുടുംബ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു തന്റെ ഈ അജപാലന ശുശ്രുഷയിലൂടെ. സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കുടുംബാംഗങ്ങളെ സമര്‍പ്പിച്ചു സമാരംഭിച്ച ഇടയ സന്ദര്‍ശനത്തില്‍ ക്ഷമയുടെയും ദൈവ വിശ്വാസത്തിന്റെയും അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതായി കുര്‍ബ്ബാന മദ്ധ്യേ നല്‍കിയ സന്ദേശം.’നാം മറ്റുള്ളവരോട് ക്ഷമിക്കുമ്പോള്‍ ദൈവ കൃപയുടെയും അനുഗ്രഹങ്ങളുടെയും രോഗ ശാന്തിയുടെയും വാതായനങ്ങള്‍ നമ്മള്‍ക്കായി തുറക്കപ്പെടും.വൈരാഗ്യം പക എന്നിവയാണ് നാം നേരിടുന്ന വലിയ രോഗങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പ്രശ്!നങ്ങള്‍ക്കും ആധാരം.ദൈവ വിശ്വാസവും, പ്രമാണങ്ങളും മുറുകെ പിടിക്കുന്നവര്‍ ജീവിത വിജയങ്ങള്‍ക്കായുള്ള വറ്റാത്ത ഉറവകള്‍ കണ്ടെത്തും, അവര്‍ ഒരിക്കലും നിരാശരാവില്ല’ എന്നും പിതാവ് മക്കളെ ഓര്‍മ്മിപ്പിച്ചു.

തിരുസഭയുടെ അടിസ്ഥാനമായ കുടുംബത്തില്‍ ബന്ധങ്ങള്‍ ശാക്തീകരിച്ചും,കുടുംബ യൂണിറ്റുകളില്‍ ഐക്യവും, സ്‌നേഹവും നിറച്ചും, ചാപ്ലിന്‍സികളുടെ പരിധിയില്‍ ശക്തമായ കൂട്ടുകെട്ടും രൂപതാ തലത്തില്‍ ശക്തമായ സഭാ സ്‌നേഹത്തിനും പരസ്പര സഹകരണത്തിനും ആക്കം കൂട്ടുവാനും അതിനായി രൂപതയിലെ മക്കളെയും കുടുംബങ്ങളെയും രൂപപ്പെടുത്തുന്നതിനും പിതാവിന്റെ ഇടയ സന്ദര്‍ശനങ്ങളും രൂപതാ തലത്തില്‍ നടത്തപ്പെടുന്ന പദ്ധതികളും കോര്‍ത്തിണക്കി വിശകലനം ചെയ്യുമ്പോള്‍ അനുഗ്രഹീതമാവുന്നുവെന്നു തെളിയിക്കുന്നതാണ് അജപാലന വിസിറ്റുകള്‍.

രൂപതയുടെ പ്രഥമ വാര്‍ഷീകത്തിനകം നേടിയെടുത്ത വന്‍ വിജയങ്ങള്‍ക്കു രൂപതയാകെ കയ്യടി നേടിയെടുക്കുമ്പോള്‍ അതിന്റെ പിന്നിലെ ജാലക ശക്തിയായ സഭാമക്കള്‍ പിതാവിന്റെ അശ്രാന്തമായ പരിശ്രമത്തിന്റെയും ശക്തമായ പ്രാര്‍ത്ഥനയുടെയും കഠിനാദ്ധ്വാനത്തിന്റെയും രൂപതാതലത്തില്‍ നടത്തിയ ആല്മീയ പോഷണ പരിപാടികളിലും എത്രമാത്രം ആകര്‍ഷിതരായി എന്ന് തെളിയിക്കുന്നതാണ് ഓരോ കുടുംബങ്ങളിലും പിതാവിന് ലഭിച്ച സ്‌നേഹാദരവും പിന്തുണയും. രൂപതയില്‍ പിതാവിന്റെ സെക്രട്ടറി ഫാ.ഫാന്‍സുവ പത്തില്‍ ശുശ്രുഷകളില്‍ സഹകാര്‍മികത്വം വഹിച്ചു.ഇടയ സന്ദര്‍ശനങ്ങളില്‍ ട്രസ്റ്റിമാരായ അപ്പച്ചന്‍ കണ്ണഞ്ചിറ ജിമ്മി ജോര്‍ജ്ജ് എന്നിവര്‍ പിതാവിനെ അനുഗമിച്ചു.

ഓരോ കുടുംബങ്ങളെയും അവര്‍ക്കായി ദൈവം നല്‍കിയ അനുഗ്രഹങ്ങളില്‍ സന്തോഷം പങ്കിടുമ്പോള്‍ തന്നെ പ്രാരാബ്ധങ്ങളുമായി ദൂരെ നോക്കി കാത്തിരിക്കുന്ന അസംഖ്യം മക്കള്‍ക്ക് ഈ വേദി ലഭിക്കുവാന്‍ ഇടയാകട്ടെ എന്നും പ്രാര്‍ത്ഥിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന ഒരു നല്ല പിതാവിനെയാണ് സ്റ്റീവനേജില്‍ നേരില്‍ കാണുവാന്‍ കഴിഞ്ഞത്. സ്റ്റീവനേജില്‍ സംവാദം നടത്തിയും,കഥകളും കുശലങ്ങളും പറഞ്ഞും കുട്ടികളുടെ പിതാവ്.

അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവ് തന്റെ ഇടയ സന്ദര്‍ശനത്തിന്റെ സമാപനമായി സ്റ്റീവനേജ് പാരീഷ് കുടുംബങ്ങള്‍ക്കായി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കുകയുണ്ടായി. കുര്‍ബ്ബാനയുടെ ആമുഖത്തില്‍ സഭയുടെ നാളത്തെ ശക്തന്മാരായ മക്കളെ നേരില്‍ കാണുവാനും വിശ്വാസത്തിന്റെയും, പാരമ്പര്യത്തിന്റെയും പ്രമാണങ്ങളുടെയും ജീവിത സാക്ഷിതത്വത്തിന്റെയും അനിവാര്യതയെ വളരെ സരസമായും ഉപമകള്‍ നിരത്തിയും നര്‍മ്മ സല്ലാപത്തിലൂടെയും അവരിലേക്ക് പകരുവാന്‍ പിതാവ് സമയം കണ്ടെത്തുകയായിരുന്നു.

‘നിരവധി വ്യക്തികള്‍ കുരിശില്‍ മരിച്ചുവെങ്കിലും ദൈവ പുത്രനായ യേശു ക്രിസ്തുവിന്റെ കുരിശുമരണം എന്തേ വേറിട്ട് നില്‍ക്കുന്നുവെന്നും, സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള വ്യത്യസ്തത, ജന്മപാപങ്ങള്‍ ഏശാതെ എങ്ങിനെ പരിശുദ്ധ മാതാവ് മാത്രം ജനിച്ചുവെന്നും നമ്മള്‍ എങ്ങിനെ മാമോദീസ സ്വീകരണത്തിലൂടെ അമലോത്ഭവതാവസ്ഥയിലേക്കു എത്തിപറ്റുന്നുവെന്നും, ദൈവ പദ്ധതികള്‍ എങ്ങിനെ മനസ്സിലാക്കുവാന്‍ പറ്റുമെന്നും എന്തിന് നന്നായി പ്രാര്‍ത്ഥിക്കണം ദൈവത്തെ സ്തുതിക്കണം എന്നും ആഴത്തില്‍ എന്നാല്‍ സരസമായി മനസ്സിലാക്കികൊടുത്ത പിതാവ് ദൈവത്തിനു സാക്ഷികളായി ജീവിക്കണം’ എന്നും കുട്ടികളെ ഉപദേശിച്ചു.

കുട്ടികള്‍ ദൈവ സ്‌നേഹം പറ്റുവാന്‍ എത്ര മാത്രം യോഗ്യരാണ് എന്നും ആ നിര്‍മ്മലത അതെങ്ങിനെ കാത്തു സൂക്ഷിച്ചു മുന്നോട്ടു കൊണ്ട് പോവാം എന്ന് സവിസ്തരം പ്രതിപാദിച്ച പിതാവ് കുട്ടികളെ ആകര്‍ഷിക്കുകയും അവരുടെ പ്രിയങ്കരനായ പിതാവാകുകയുമായിരുന്നു. പിതാവിന്റെ ചോദ്യങ്ങള്‍ക്കു വ്യത്യസ്തമായ ഉത്തരങ്ങളാണ് കുട്ടികള്‍ നല്കിയതെങ്കിലും കേട്ടിരുന്ന ഏവരിലും അത് ചിന്തോദ്ദീപകവും വിജ്ഞാനം ഏകുന്നതുമായി.

പിതാവിന്റെ സംവാദം ആസ്വദിച്ചും അനുഭവിച്ചും മനസ്സിലാക്കിയ കുട്ടികള്‍ ഹര്‍ഷാരവത്തോടെയാണ് പിതാവിന് നന്ദി അര്‍പ്പിച്ചത്. കൃതജ്ഞതാ ബലിയില്‍ കുട്ടികള്‍ തന്നെയാണ് ഗാന ശുശ്രുഷകള്‍ നയിച്ചതും പിതാവിന്റെ പ്രശംസ പിടിച്ചു പറ്റിയതും. ട്രസ്റ്റി അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.