1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2017

സജീഷ് ടോം (യുക്മ പി ആര്‍ ഒ): ആഗോള പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ ദേശീയ കലാമേളകളിലൂടെയുള്ള യാത്ര തുടരുകയാണ്. 2010 ല്‍ ബ്രിസ്റ്റോളില്‍ തുടങ്ങിയ അശ്വമേധം 2011 ല്‍ സൗത്തെന്‍ഡ് ഓണ്‍സി യിലും, 2012 ല്‍ സ്റ്റോക്ക് ഓണ്‍ട്രെന്‍ഡിലും നടത്തിയ ജൈത്രയാത്ര നമ്മള്‍ ഈ അന്വേഷണത്തിന്റെ ഒന്നാം ലേഖനത്തില്‍ കണ്ടു. ഓരോ വര്‍ഷം കഴിയുമ്പോഴും യുക്മ കലാമേളകള്‍ കൂടുതല്‍ ജനകീയമാകുന്നു എന്നത് ഏതൊരു യു കെ മലയാളിക്കും അഭിമാനകരം തന്നെയാണ്.

‘ലിംക’യുടെ കരുത്തില്‍ 2013 ലിവര്‍പൂള്‍ കലാമേള

മൂന്ന് ദേശീയ കലാമേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ലിവര്‍പൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. യു.കെയില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ യുക്മ ദേശീയ കലാമേളകള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. സോഷ്യല്‍ നെറ്റ്?വര്‍ക്കിംഗ് സൈറ്റുകള്‍ മലയാളി സമൂഹത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തി തുടങ്ങിയ ഇക്കാലയളവില്‍ സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അവയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ഒരു സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് സാധിച്ചു. ഓരോ റീജിയണുകളും സ്വന്തമായി ഫെയിസ്ബുക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ചും, യുക്മ ദേശീയ കമ്മറ്റിയുടെ ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ കൂടിയും മറ്റു വാര്‍ത്താ മാദ്ധ്യമങ്ങളില്‍ കൂടിയും കലാമേള വാര്‍ത്തകള്‍ ആഘോഷമാക്കി മാറ്റി. വര്‍ണ്ണപ്പൊലിമയാര്‍ന്ന ബാനറുകളും മറ്റ് പ്രചരണോപാധികളുമായി മലയാളി കൂട്ടായ്മകള്‍ നിറഞ്ഞപ്പോള്‍ ദേശീയ കലാമേള മുദ്രാവാക്യമായ ‘ആഘോഷിക്കൂ യുക്മയോടൊപ്പം’ എന്ന അഭ്യര്‍ത്ഥനയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭ്യമായത്.

ആതിഥേയരായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷ (ലിംക) ന്റെ സംഘാടക മികവ് ലിവര്‍പൂള്‍ കലാമേളയുടെ സവിശേഷതയായി. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമികളോടുള്ള ആദരസൂചകമായി ‘ദക്ഷിണാമൂര്‍ത്തി നഗര്‍’ എന്ന് നാമകരണം ചെയ്ത ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂളില്‍ 2013 നവംബര്‍ 30ന് നടന്ന യുക്മ ദേശീയ കലാമേള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് യു.കെ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കിക്കൊണ്ട് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി.

ലെസ്റ്റര്‍ കലാമേള 2014 : ദേശീയ മേള വീണ്ടും മിഡ്‌ലാന്‍ഡ്‌സിന്റെ മണ്ണിലേക്ക്

ഇത് ലെസ്റ്റര്‍ 2009 ജൂലൈ മാസം യൂണിയന്‍ ഓഫ് യു കെ മലയാളീ അസോസ്സിയേഷന്‍സ് എന്ന യുക്മ യുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടില്‍ മക്കള്‍ ഒത്തുകൂടുന്ന നിര്‍വൃതി പടര്‍ത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്മ ദേശീയ കലാമേള ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെയും മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെയും സംയുക്താഭിമുഖ്യത്തില്‍ ലെസ്റ്ററില്‍ അരങ്ങേറി.

കവികളിലെ രാജാവും, രാജാക്കന്മാരിലെ മഹാകവിയുമായിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവിന്റെ പേരില്‍ നാമകരണം നടത്തിയ ലെസ്റ്ററിലെ പ്രശസ്തമായ ജഡ്ജ് മെഡോ കമ്മ്യൂണിറ്റി കോളേജില്‍ 2014 നവംബര്‍ 8 ശനിയാഴ്ച്ച നടന്ന ദേശീയ കലാമേളക്ക് മുന്നില്‍ ചരിത്രം വഴിമാറുകയായിരുന്നു. ലെസ്റ്റര്‍ കലാമേളയില്‍ ഹാട്രിക്ക് ജേതാക്കളാകും എന്നു കരുതപ്പെട്ടിരുന്ന മിഡ്‌ലാന്‍ഡ്‌സ് റീജിയണെ അട്ടിമറിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ അഞ്ചാമത് യുക്മ ദേശീയ കലാമേളയില്‍ ജേതാക്കളായി.

ഹണ്ടിങ്ടണ്‍ കലാമേള 2015 : ഈസ്റ്റ് ആംഗ്ലിയ റീജിയനും ഇത് രണ്ടാമൂഴം

യുക്മ ദേശീയ കലാമേളകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നുവരുന്നതിനിടെയാണ് ആറാമത് കലാമേള 2015 നവംബര്‍ 21ന് ഹണ്ടിംങ്ടണില്‍ വച്ച് നടത്തപ്പെടുന്നത്. എന്നാല്‍ സംഘാടകരുടെ പ്രതീക്ഷകളെ അതിശയിപ്പിച്ചുകൊണ്ടാണ്, യശഃശരീയനായ സംഗീത ചക്രവര്‍ത്തി എം.എസ്.വിശ്വനാഥന്റെ ബഹുമാനാര്‍ത്ഥം ‘എം.എസ്.വി. നഗര്‍’ എന്നു നാമകരണം ചെയ്ത ഹണ്ടിംങ്ടണിലെ സെന്റ് ഐവോ സ്‌കൂളിലേയ്ക്ക് അയ്യായിരത്തോളം യു കെ മലയാളികളാണ് ഒഴുകിയെത്തിയത്.

യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവേശത്തിന്റെ പരകോടിയിലെത്തുന്ന ദേശീയ കലാമേളയാണ്. റീജയണല്‍ കലാമേളയിലെ വിജയികളെ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതില്‍ റീജണല്‍ ഭാരവാഹികളുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ് ദേശീയ കലാമേളകള്‍. ലെസ്റ്ററിലെ സ്വന്തം മണ്ണില്‍ തങ്ങളുടെ ഹാട്രിക് പ്രതീക്ഷകള്‍ തകര്‍ത്തു കിരീടം നേടിയ ഈസ്റ്റ് ആംഗ്ലിയക്ക് അതേനാണയത്തില്‍ മറുപടി നല്‍കിക്കൊണ്ട്, ഈസ്റ്റ് ആംഗ്ലിയായുടെ തട്ടകത്തില്‍ നടന്ന ദേശീയ കലാമേളയില്‍ ജേതാക്കളായി മിഡ്‌ലാന്‍ഡ്‌സ് പകരം വീട്ടി.

ഏഴാമത് ദേശീയ കലാമേള കവന്‍ട്രിയില്‍

2016 നവംബര്‍ 5 ശനിയാഴ്ച്ച കവന്‍ട്രിയിലെ വാര്‍വിക് മെറ്റന്‍ സ്‌കൂളില്‍ ഏഴാമത് യുക്മ ദേശീയ കലാമേള ആണ് അരങ്ങേറിയത്. യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണും മിഡ്‌ലാന്‍ഡ്‌സ് ലെ ഏറ്റവും ശക്തമായ മലയാളി സംഘടകളിലൊന്നായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും കലാമേളയുടെ സംയുക്ത ആതിഥേയരായി. മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ഇത് മൂന്നാം തവണയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ജ്ഞാനപീഠം ജേതാവായ ഒ എന്‍ വി കുറുപ്പിന്റെ അനുസ്മരണാര്‍ത്ഥം ‘ഒ.എന്‍.വി.നഗര്‍’ എന്ന് നാമകരണം ചെയ്ത കലാമേള നഗര്‍ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തില്‍ ദര്‍ശിച്ചിട്ടില്ലാത്ത വന്‍ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വിശ്വ മഹാകവി വില്യം ഷേക്‌സ്പിയറിന്റെ ജന്മനാട്ടില്‍ നടക്കുന്ന കലാമേളയെന്ന സവിശേഷത കൂടി 2016 ലെ യുക്മ ദേശീയ കലാമേളയ്ക്ക് സ്വന്തം. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍, അര്‍ദ്ധരാത്രിക്കു ശേഷം വിധി പ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ഒരിക്കല്‍ക്കൂടി ‘ഡെയ്‌ലി മലയാളം എവര്‍റോളിങ്ങ് ട്രോഫി’ക്കു അര്‍ഹരായി.

അരങ്ങൊരുക്കി ഹെയര്‍ഫീല്‍ഡ് കാത്തിരിക്കുന്നു; എട്ടാമത് ദേശീയ കലാമേളയ്ക്ക് ഇനി മൂന്നു നാളുകള്‍ കൂടി മാത്രം

ഇതാദ്യമായാണ് സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ദേശീയ കലാമേള വന്നെത്തുന്നത്. അസോസിയേഷന്‍ ഓഫ് സ്‌ലോ മലയാളീസിന്റെയും സൗത്ത് ഈസ്റ്റ് റീജിയന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് ദേശീയ കലാമേള ഒരു ചരിത്ര സംഭവമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. ഇദംപ്രഥമമായി ലണ്ടനില്‍ നടക്കുന്ന യുക്മ ദേശീയ മേള എന്നനിലയിലും എട്ടാമത് ദേശീയ കലാമേള ശ്രദ്ധ ആകര്‍ഷിക്കുന്നു.

ഇതുവരെയും ഒരു റീജിയണും യുക്മ ദേശീയ കലാമേളയില്‍ ഹാട്രിക്ക് വിജയം കൈവരിക്കുവാന്‍ സാധിച്ചിട്ടില്ല. ആദ്യ രണ്ട് കലാമേളകളില്‍ സംയുക്ത ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണ്‍’ ചാമ്പ്യന്മാരായപ്പോള്‍ പിന്നീടുള്ള രണ്ട് വട്ടം മിഡ്‌ലാന്‍ഡ്‌സ് ആയിരുന്നു ജേതാക്കള്‍. ലെസ്റ്ററില്‍ നടന്ന കലാമേള 2015ല്‍ മിഡ്‌ലാന്‍ഡ്‌സ് ഹാട്രിക്ക് ജേതാക്കളാവും എന്നു കരുതപ്പെട്ടിരുന്നുവെങ്കിലും ഈസ്റ്റ് ആംഗ്ലിയ അട്ടിമറി ജയം നേടി.

2017 ഒക്‌റ്റോബര്‍ 28 ശനിയാഴ്ച അര്‍ദ്ധരാത്രി കഴിയുമ്പോള്‍ ഹെയര്‍ഫീല്‍ഡ് അക്കാഡമിയില്‍ ചരിത്രം തിരുത്തി മിഡ്‌ലാന്‍ഡ്‌സ് ഹാട്രിക് കിരീടം നേടുമോ എന്നാണ് യു കെ മലയാളികള്‍ മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അതോ ഈസ്റ്റ് ആംഗ്ലിയ ലെസ്റ്റര്‍ വിജയം ആവര്‍ത്തിക്കുമോ? മേളയിലെ ഈ വര്‍ഷത്തെ കറുത്ത കുതിരകളാകാന്‍ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകള്‍ കഠിന പരിശീലനത്തിലാണ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് കിരീടം നേടാന്‍ നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയനുകള്‍ക്ക് കഴിയുമോ? തങ്ങളുടെ പ്രഥമ ദേശീയ മേളയില്‍ നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ നിറസാന്നിധ്യം ആകുമോ? കാത്തിരിപ്പിന് ഇനി മൂന്നു നാളുകള്‍ കൂടി മാത്രം. ആകാംക്ഷയുടെ പൂത്തിരി മേളത്തിലേക്ക് എല്ലാ യു കെ മലയാളികള്‍ക്കും സ്വാഗതം. ദേശീയ കലാമേള നടക്കുന്ന വേദിയുടെ വിലാസം താഴെക്കൊടുക്കുന്നു.

The Harefield Academy, Northwood Way, Harefield, Uxbridge, Middlesex UB9 6ET

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.