1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2011

വെസ്റ്റ് സസക്‌സിലെ അരുണ്‍ഡേലിലെ ഫോര്‍ഡ് ജയിലിലെ കലാപം അടിച്ചമര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. കലാപത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടുവെന്ന് പ്രിസണ്‍സ് മിനിസ്റ്റര്‍ ക്രിസ്പിന്‍ ബ്‌ളണ്ട് അറിയിച്ചു.

വെയ്ല്‍സിലെ റീജിയണല്‍ കസ്റ്റഡി മാനേജരായിരിക്കും പ്രാഥമിക അന്വേഷണം നടത്തുകയെന്ന് മന്ത്രി പറഞ്ഞു.

തീവയ്പ്പില്‍ ജയിലിലെ നരവധി കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. എന്നാല്‍, തടവുകാരെ പാര്‍പ്പിക്കുന്ന കെട്ടിടങ്ങളില്‍ ചുരുക്കം ചിലതിനു മാത്രമേ കേടുപാടുള്ളുവെന്നാണ് നാഷണല്‍ ഒഫന്‍ഡര്‍ മാനേജുമെന്റ് സര്‍വീസ് ചീഫ് എക്‌സിക്യൂട്ടിവ് മൈക്കേല്‍ സ്പര്‍ പറയുന്നത്. തുറന്ന ജയിലുകളില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്നും അക്രമത്തില്‍ തടവുകാര്‍ക്കോ ജയില്‍ അധികൃതര്‍ക്കോ കാര്യമായ പരിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

നവവത്സര രാത്രിയില്‍ തടവുപുള്ളികള്‍ മദ്യം കഴിച്ചുവെന്ന സൂചനയെത്തുടര്‍ന്ന് ശ്വാസപരിശോധനയ്ക്കു വിധേയരാവാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതാണ് കലാപത്തിലേക്കു നയിച്ചത്. കലാപത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അക്രമാസക്തരായ തടവുപുള്ളികള്‍ ജനലുകളും വാതിലുകളും അടിച്ചുപൊളിക്കുകയും അര്‍ദ്ധരാത്രിയോടെ ജയിലിനു തീയിടുകയുമായിരുന്നു. നാല്പതോളം തടവുകാരാണ് അക്രമം കാട്ടിയത്. ആകെയുള്ള 496 തടവുകാരെ നിയന്ത്രിക്കാന്‍ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ആറു ജീവനക്കാര്‍ മാത്രം.

തടവുകാരെ പാര്‍പ്പിക്കുന്ന ആറു ബ്ലോക്കുകള്‍, ഒരു സ്‌നൂക്കര്‍ റൂം, ഒരു പൂള്‍ റൂം, ജിം ബ്ലോക്ക്, മെയില്‍ റൂം എന്നിവ തകര്‍ക്കപ്പെടുകയോ അഗ്‌നിക്കിരയാക്കുകയോ ചെയ്തു.

നാല്പതോളം ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ജയില്‍ പരിസരത്ത് കണ്ടതോടെയാണ് അധികൃതര്‍ പരിശോധനയ്ക്കു തീരുമാനിച്ചത്. ഇവിടെ നേരത്തേയും തടവുപുള്ളികളില്‍ നിന്ന് മദ്യം പിടികൂടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.