1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2016

സുജു ജോസഫ്: യുക്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന ‘ജ്വാല’യുടെ ജൂലൈ ലക്കം ഗ്രാമീണ ഭംഗിയുടെ ശീലുകളിലൂടെ നാടക കലയുടെ ആചാര്യനായി മാറിയ കാവാലം നാരായണപ്പണിക്കര്‍ക്കുള്ള സമര്‍പ്പണമായി മാറി. തന്റെ നാടിന്റെ സിദ്ധി വിശേഷത്തിലും അവിടെത്തെ കലാസമ്പത്തിലും ഊറ്റം കൊണ്ട കാവാലത്തിന് മലയാളി മനസ്സുകളില്‍ എന്നും സ്ഥാനമുണ്ടാകും എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ഓര്‍മ്മകുറിപ്പ്.

മലയാളിയുടെ വായന മരിക്കുന്നു, പുതു തലമുറ വായനാശീലമില്ലാത്തവരായിരിക്കുന്നു എന്നുള്ള ആരോപണങ്ങള്‍ക്ക് മറുപടികൂടിയാകുന്നു, ബന്യാമിനിന്റെ ‘ആട് ജീവിതം’. ആട് ജീവിതത്തിന്റെ നൂറാം പതിപ്പ് ഇറങ്ങിയെന്നുള്ളത് സാഹിത്യലോകം ഏറെ ആകാംക്ഷയോടെയാണ് ശ്രവിച്ചത്. ശ്രീ.ബന്യാമിനുമായി അനുശ്രീ നടത്തിയ അഭിമുഖം ആട് ജീവിതത്തിന്റെ കഥാകാരനെ നമുക്ക് ചിരപരിചിതനാക്കുന്നു.

ബീനാ റോയ് യുടെ ‘വിജനവീഥികള്‍’ എന്ന കവിതയും, ‘പെണ്ണ്’ എന്ന കഥയിലൂടെ രൂപികയും നമുക്ക് മുന്നില്‍ വരച്ച് കാട്ടുന്നത് കാലിക പ്രാധാന്യമുള്ള വിഷയങ്ങളാണ്. പ്രിയന്റെ ‘തിരകള്‍ എണ്ണുമ്പോള്‍’ എന്ന കവിത നമുക്ക് പ്രിയതരമാകുമ്പോള്‍ ദിവ്യാലക്ഷ്മിയുടെ ‘ജീവിത വഴിയിലെ ഗുല്‍മോഹറും’ സുനി പൗലോസിന്റെ ‘മടങ്ങിവരും നേരം’ എന്ന കവിതയും വായനക്കാര്‍ക്ക് നല്ലൊരു അനുഭവമാകുന്നു.

യുക്മ സാഹിത്യമത്സരത്തില്‍ സമ്മാനാര്‍ഹമായ മാത്യു ഡൊമിനിക്കിന്റെ ‘ചെറുക്കന്‍ ഐ റ്റിയാ’ എന്ന കഥ ഏറെ രസകരമാകുമ്പോള്‍ ഷേബാ ജെയിംസിന്റെ ‘ഒരു പ്രവാസി മലയാളിയുടെ സ്വത്വ പ്രതിസന്ധികള്‍’ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. അക്ബര്‍ കക്കട്ടിലിന്റെ ‘നാദാപുരം’ എന്ന കഥ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തു കൊണ്ടു ഡോ ആന്റണി ഫെര്‍ണാണ്ടസും മണമ്പൂര്‍ രാജന്‍ ബാബുവിന്റെ കവിത ഡോ ടി എം രഘുറാമും അവതരിപ്പിച്ചിരിക്കുന്നത് പുതു തലമുറയെ വായനയുടെ ലോകത്തേക്ക് അടുപ്പിക്കാന്‍ ഏറെ ഉപകരിക്കും.

ചീഫ് എഡിറ്റര്‍ ശ്രീ റെജി നന്തിക്കാട്ടിന്റെ മേല്‍നോട്ടത്തില്‍, എല്ലാ മാസവും കൃത്യമായി പുറത്തിറക്കുന്ന യുക്മ സാംസ്‌കാരിക വേദിയുടെ ജ്വാല മാഗസിന് വായനക്കാര്‍ നല്‍കുന്ന പ്രോത്സാഹനത്തിനും പിന്തുണക്കും മാനേജിങ് എഡിറ്റര്‍ ശ്രീ.സജീഷ് ടോം നന്ദി അര്‍പ്പിച്ചു. യുക്മയുടെ ഈ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്ന സാംസ്‌കാരിക വേദി പ്രവര്‍ത്തകരെ യുക്മ പ്രസിഡന്റ് ശ്രീ.ഫ്രാന്‍സിസ് കവളക്കാട്ടില്‍ അനുമോദിച്ചു.

https://issuu.com/jwalaemagazine/docs/july_2016

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.