1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2015

ഇന്റര്‍നെറ്റ് രംഗപ്രവേശം ചെയ്തത് മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമായാണ്. അത് ഉപയോക്താക്കളെ കൂടുതല്‍ കരുത്തരാക്കുമെന്നും കരുതപ്പെട്ടു. എന്നാല്‍ ഇന്ന് ലോക ജനസംഖ്യയുടെ പകുതിയിലേറെയും ഓണ്‍ലൈനാകുമ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്.

ലോകം മുഴുവന്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇന്റര്‍നെറ്റിന് ഉപയോക്താക്കളേക്കാള്‍ കൂടുതല്‍ ഇരകളാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സാമ്പത്തികമായ നേട്ടങ്ങള്‍ പങ്കുവക്കുന്നതിനേക്കാള്‍ ഇന്റര്‍നെറ്റ് പാവപ്പെട്ടവനും ധനികനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുകയാണ്.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ അത് മത്സരം വര്‍ധിപ്പിക്കുകയും തൊഴിലന്വേഷകരെ സമ്മര്‍ദത്തിലാഴ്ത്തുകയുമാണ്. മത്സരത്തില്‍ വിജയിക്കുന്നയാള്‍ എല്ലാം സ്വന്തമാക്കുന്ന ഒരു സാമ്പത്തിക ന്യായമാണ് ഇന്നത്തെ ഇന്റര്‍നെറ്റ് മുന്നോട്ട് വക്കുന്നത്.

നാം ഇന്റര്‍നെറ്റിലൂടെ നടത്തുന്ന ഓരോ യാത്രയും കൃത്യമായി നിരീക്ഷിക്കപെടുകയും അത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് സഹായകരമായ വിവരങ്ങളായി മാറ്റപ്പെടുകയും ചെയ്യുന്നു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ വരവോടെ ഈ പ്രവണത ശക്തി പ്രാപിക്കുകയാണ്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ മുന്നോട്ടു വക്കുന്ന ഏറ്റവും വലിയ ഭീഷണി ഉയരുന്ന ആത്മത്യാ നിരക്കുകളാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പെരുകുന്ന വ്യക്തിഹത്യാ പ്രവണതയാണ് ഇതിന് പ്രധാന കാരണം. തങ്ങള്‍ക്കിഷ്ടമില്ലാത്ത എന്തിനേയും കണ്ണും പൂട്ടി വിമര്‍ശിക്കാമെന്നും ചീത്ത വിളിക്കമ്മെന്നും ആയതോടെ അപമാനിക്കപ്പെടുന്നവരുടെ എണ്ണവും കുത്തനെ ഉയരുകയാണ്.

പോര്‍ണോഗ്രഫിയാണ് ഇന്നത്തെ ഇന്റര്‍നെറ്റ് നേരിടുന്ന മറ്റൊരു ഭീഷണി. പോര്‍ണോഗ്രഫി ഇന്റര്‍നെറ്റ് കേന്ദ്രീകരിച്ച് ഒരു വന്‍ വ്യവസായമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. സെല്‍ഫി യുഗം പിറന്നതോടെ ഓരോ ഉപയോക്താവും ഏറ്റവും കൂടുതല്‍ കാണാന്‍ താത്പര്യപ്പെടുന്നത് സ്വന്തം ചിത്രങ്ങളാണ്. അതു കഴിഞ്ഞാലാകട്ടെ, മറ്റുള്ളവരുടെ സ്വകാര്യ ജീവിതവും.
ഇസ്റ്റാഗ്രാം പോലുള്ള സൈറ്റുകളുടെ വരവോടെ ഈ പ്രവണത ഉച്ചസ്ഥായിയിലാണ്.

ഇന്റര്‍നെറ്റ് നമ്മുടെ ജീവിതത്തെ തലതിരിഞ്ഞാണോ ബാധിക്കുന്നതെന്ന് പരിശോധിക്കേണ്ട സമയം വന്നു കഴിഞ്ഞുവെന്നാണ് ലോകമെമ്പാടുനിന്നും വരുന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഓരോ വ്യക്തിയും തങ്ങളുടേത് മാത്രമായ ഒരു വിര്‍ച്വല്‍ ലോകത്ത് സ്വന്തം ചിത്രങ്ങളും മറ്റുള്ളവരുടെ സ്വകാര്യതയും ആസ്വദിച്ച് സ്വയം മറന്നിരിക്കുന്ന ഒരു സങ്കല്പ ലോകത്തിലേക്കാണോ ഇന്റര്‍നെറ്റ് നമ്മെ കൈപിടിച്ച് കൊണ്ടു പോകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.