1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ‘തിരുസ്സഭാ പരിജ്ഞാനം ഇല്ലാതെ ക്രൈസ്തവ വിശ്വാസവും സഭാ സ്‌നേഹവും അപൂര്‍ണ്ണവും, അപ്പസ്‌തോലിക് അധികാരങ്ങള്‍ ദൈവ ഹിതത്തില്‍ നല്കപ്പെട്ടവയാണെന്നുള്ള ബോദ്ധ്യം ഓരോ സഭാമക്കളും ഗൗരവമായി മനസ്സിലാക്കണമെന്നും’ അരുണ്‍ അച്ചന്‍.ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സുവിശേഷവല്‍ക്കരണ ദൗത്യത്തിന്റെ ഭാഗമായി യു കെ യില്‍ എട്ടു റീജിയണുകളിലായി തിരുവചന ശുശ്രുഷകള്‍ നടത്തപ്പെടുന്നതില്‍,ലണ്ടന്‍ റീജിയണിലെ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ വിജയത്തിനായി വൈദികരുടെയും,വോളണ്ടിയേഴ്സ്സിന്റെയും സംയുക്ത യോഗത്തില്‍ ദിവ്യ ബലിയും ഒരുക്ക ധ്യാനവും നയിക്കുകയായിരുന്നു ഫാ.അരുണ്‍.

തിരുസ്സഭയുടെ അപ്പസ്‌തോലിക അധികാര ഘടനയും, വിവിധ തലങ്ങളും, മെത്രാന്മാരുടെ പങ്ക് അടക്കം തിരുസ്സഭയെ പറ്റിയുള്ള അടിസ്ഥാന പരിജ്ഞാനം വോളണ്ടിയേഴ്സ്സിന് ഫാ.അരുണ്‍ പകര്‍ന്നു നല്‍കുകയായിരുന്നു. വോളണ്ടിയേഴ്‌സില്‍ സഭാ ജ്ഞാനവും സ്‌നേഹവും വിശ്വാസവും വളര്‍ത്തുന്നത്തിനുതകുന്ന ധ്യാന ചിന്തകള്‍ പങ്കു വെച്ച ഫാ.അരുണ്‍ പാലക്കാട് രൂപതാംഗവും റോമിലെ ദൈവശാസ്ത്ര ഗവേഷണ വിദ്യാര്‍ഥിയും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥങ്ങളില്‍ അഗാധമായ പാണ്ഡിത്യവുമുള്ള ഉജ്ജ്വല വാഗ്മികൂടിയാണ്.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ വിജയത്തിനും, തയ്യാറെടുപ്പിനുമായി ലണ്ടനിലെ വാല്‍ത്തംസ്റ്റോ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രന്‍ഡ് വുഡ്,സതക് രൂപതകളുടെ പരിധിയിലുള്ള മൂന്നു ചാപ്ലിന്‍സികളുടെ കീഴിലുള്ള കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നെത്തിയ വോളണ്ടിയേഴ്സ്സിനായിട്ടാണ് ഒരുക്ക ധ്യാനം സംഘടിപ്പിച്ചത്. ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ റവ.ഡോ.തോമസ് പാറയടി, ചാപ്ലൈന്മാരായ ഫാ.ജോസ് അന്ത്യാംകുളം,ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല,ഫാ. ഹാന്‍സ്, ഡീക്കന്‍ ജോയ്‌സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും, അനേകായിരങ്ങള്‍ക്ക് വിശ്വാസവും,നിത്യ രക്ഷയുടെ മാര്‍ഗ്ഗവും തന്റെ ജീവിത ദൗത്യമായി പകര്‍ന്നു നല്‍കിപ്പോരുന്ന അനുഗ്രഹീത തിരുവചന പ്രഘോഷകനായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആണ് അഭിഷേകാഗ്‌നി ശുശ്രുഷകള്‍ നയിക്കുക.അഭിഷേകാഗ്‌നി റീജിയണല്‍ കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രുഷയാണ് ലണ്ടനില്‍ നടത്തപ്പെടുന്നത്.

ദിവ്യബലിക്ക് ആമുഖമായി ആതിഥേയ ദേവാലയത്തിന്റെ ചാപ്ലയിനും ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസ് അന്ത്യാംകുളം ഏവരെയും സ്വാഗതം ചെയ്തു കൊണ്ട് കണ്‍വെന്‍ഷന്റെ വിജയത്തിനുള്ള ഏവരുടെയും നിര്‍ലോഭമായ സഹകരണവും,പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചു. ഒക്ടോബര്‍ മാസം 29 നു ഞായറാഴ്ച രാവിലെ 10:00 നു ആരംഭിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വൈകുന്നേരം 6:00 മണിയോടെ സമാപിക്കും.

ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ശ്രേഷ്ഠ അജപാലന ശുശ്രുഷയുടെ ഭാഗമായി യു കെ യിലുടനീളം വിശ്വാസ ദീപ്തമാവുന്നതിനും വ്യക്തിഗത നവീകരണത്തിനും അതിലൂടെ കുടുംബവും കൂട്ടായ്മ്മകളും ആദ്ധ്യാല്‍മിക നവോദ്ധാനത്തിലേക്കു നയിക്കപ്പെടുന്നതിനും രൂപത ആല്മീയമായി ശക്തിപ്പെടുന്നതിനും ഉദ്ദേശിച്ചാണ് തിരുവചന ശുശ്രുഷ സംഘടിപ്പിക്കുന്നത്.

എല്ലാ കാതുകളിലും തിരുവചനം എത്തിക്കുന്നതിനും, മനസ്സുകളില്‍ അവ ആഴത്തില്‍ പതിക്കുന്നതിനും, ജീവിത യാത്രയില്‍ രക്ഷയുടെ അമൂല്യ മാര്‍ഗ്ഗ ദീപമായി തിരുവചനങ്ങളാല്‍ നയിക്കപ്പെടുന്നതിനും, പരിശുദ്ധാരൂപിയുടെ അനുഗ്രഹ സ്പര്‍ശം പ്രാപിക്കുന്നതിലേക്ക് ദൈവ നാമത്തില്‍ ഏവരെയും ‘അഭിഷേകാഗ്‌നി 2017 ‘ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി സംഘാടക സമിതി അറിയിച്ചു.

വിശുദ്ധ ബലിക്ക് ശേഷം അഭിഷേഗ്‌നി കണ്‍വെന്‍ഷന്റെ നടത്തിപ്പിനായി വോളണ്ടിയേഴ്‌സ് കമ്മിറ്റിക്കു രൂപം നല്‍കുകയും ഉണ്ടായി.

ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ : ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെ 10:00 മുതല്‍ ആരംഭിക്കുന്നതാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.