1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2017

അലക്‌സ് വര്‍ഗീസ്: ആഗോള മലയാളികള്‍ക്ക് അഭിമാനമായി ലിവര്‍പൂളില്‍ നിന്നുള്ള തോമസ് ജോണ്‍ വാരികാട്ടും, ന്യൂകാസില്‍ സ്വദേശി ജിജോ മാധവപ്പള്ളിയും പ്രൗഡഗംഭീര സദസ്സിനെ സാക്ഷിനിര്‍ത്തി 2017 ലെ ഇന്റര്‍നാഷണല്‍ കണക്ടിംഗ് കമ്യൂണിറ്റി അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ അത് യുകെ മലയാളികളുടെ ചരിത്രത്തിലെ മറ്റൊരു വിജയഗാഥയും, ആഗോള മലയാളികള്‍ക്കുള്ള ബ്രിട്ടീഷ് ജനതയുടെ അംഗീകാരവുമായി.

2007 ല്‍ ഇരുവരും ചേര്‍ന്ന് തുടക്കം കുറിച്ച ഇന്‍ഡോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പദ്ധതിയുടെ ഫലമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വളരെ നിര്‍ണായകമായി എന്ന അവാര്‍ഡ് ജൂറിയുടെ കണ്ടെത്തലാണ് പരിഗണനാ പട്ടികയിലുണ്ടായിരുന്ന മറ്റ് രാജ്യക്കാരായ പതിനാലു പേരെ പിന്തള്ളി ഇരുവരും സ്വന്തമാക്കിയത്.

ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ തുടക്കം കുറിച്ച ഇന്‍ഡോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പദ്ധതിയ്ക്ക് 2010ല്‍ ബ്രിട്ടീഷ് കൗണ്‍സിലിന്റെ അംഗീകരം ലഭിച്ചതോടെ ഇന്ന് യു കെയിലെ വിവിധ സ്ഥലങ്ങളിലുള്ള ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിയ്ക്കുന്നുണ്ട്. വിവിധ സ്‌കൂളുകളില്‍ നിന്നുമായി വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരുമടങ്ങുന്ന നിരവധി സംഘങ്ങള്‍ എല്ലാ വര്‍ഷവും ഇന്ത്യയില്‍ പര്യടനം നടത്തി ഗവേഷണം നടത്തുന്നത് കൂടാതെ, കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും യു കെ യില്‍ പര്യടനം നടത്തുന്നതിനുള്ള അവസരവും ഈ പദ്ധതി മൂലം സംജാതമായി.

ഐ ബി ആസ്ഥാനത്തു നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ യുകെ യിലെ വിവിധ ഇന്റര്‍നാഷണല്‍ സ്‌കൂളുകളുടെ പ്രതിനിധികളും, നിരവധി വിദ്യാഭ്യാസ സാംസ്‌കാരിക നായകരും പങ്കെടുത്തു.
അവാര്‍ഡ് കമ്മറ്റി ചെയര്‍മാനും, ബ്രിട്ടീഷ് കൗണ്‍സില്‍ പ്രതിനിധിയുമായ ഫില്‍ ജോണ്‍സും, ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രതിനിധി സാലി ബീവേഴ്‌സും ചേര്‍ന്ന് ഇരുവര്‍ക്കും അവാര്‍ഡ് സമ്മാനിച്ചപ്പോള്‍ ഇന്ത്യയുടെയും, ഗ്രേറ്റ് ബ്രിട്ടന്റെയും ദേശീയ പതാകകള്‍ വേദിയില്‍ പാറിപ്പറന്നു.

കോട്ടയം കാരിത്താസ് സ്വദേശിയായ തോമസ് ജോണ്‍ വാരികാട്ട് കടിഞ്ഞ പതിനാലു വര്‍ഷമായി ലിവര്‍പൂളില്‍ കുടുംബസമേതം താമസിയ്ക്കുന്നു. ലിവര്‍പൂളിലെ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായ അദ്ദേഹം മികച്ച സംഘടനാ പ്രവര്‍ത്തകന്‍ കൂടിയാണ്. ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഗവര്‍ണിഗ് ബോര്‍ഡ് മെമ്പര്‍, പ്രമുഖ മലയാളി സംഘടനയായ ലിംകയുടെ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

കോട്ടയം കല്ലറ സ്വദേശിയായ ജിജോ മാധവപ്പള്ളില്‍ കുടുംബസമേതം ന്യൂകാസിലില്‍ താമസിക്കന്നു. അറിയപ്പെടുന്ന സംഘടനാ പ്രവര്‍ത്തകനായ ജിജോ നല്ലൊരു സംഘാടകനും, മുന്‍ യു കെ കെ സി എ വൈസ് പ്രസിഡന്റ്, കൂടാതെ കഴിഞ്ഞ പത്തു വര്‍ഷമായി ഇന്റര്‍നാഷണല്‍ ടൂര്‍ ഓപ്പറേറ്റിംഗ് രംഗത്ത് നിറസാന്നിദ്ധ്യമായ ആഷില്‍ സിറ്റി ടൂര്‍സ് & ട്രാവല്‍സിന്റെ ഡയറക്ടറും കൂടിയാണ്.
തോമസ് ജോണ്‍ വാരികാടിനും ജിജോ മാധവപ്പള്ളിക്കും യുക്മയ്ക്കു വേണ്ടി നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അഭിനന്ദനം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.