1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2015

സ്വന്തം ലേഖകന്‍: ധര്‍മ്മശാല ട്വന്റി20, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ഏഴു വിക്കറ്റ് ജയം, രോഹിത് ശര്‍മക്ക് സെഞ്ച്വറി. ഇന്ത്യയുയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ ഏഴു വിക്കറ്റുകള്‍ ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക മറികടന്നു. ഓപ്പണര്‍മാരായ ഡിവില്ലിയേഴ്‌സും അംലയും ചേര്‍ന്ന് തുടക്കമിട്ട ആക്രമണത്തിന് ഡുമിനി, ബെഹര്‍ദീന്‍ സഖ്യം അടിത്തറയിട്ടതോടെ ദക്ഷിണാഫ്രിക്കക്ക് അനായാനം ജയമൊരുങ്ങി.

ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരന്‍ ശ്രീനാഥ് അരവിന്ദ്, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. അംല റണ്ണൗട്ടായി. ഇന്ത്യന്‍ ബോളര്‍മാരില്‍ അശ്വിന്‍ ഒഴികെയുള്ളവരെല്ലാം 40ല്‍ ഏറെ റണ്‍സ് വഴങ്ങി.

നേരത്തെ, രോഹിത് ശര്‍മയുടെ മിന്നല്‍ സെഞ്ചുറിയുടെ മികവില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മികച്ച സ്‌കോര്‍ നേടിയിരുന്നു. നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 199 റണ്‍സ് നേടി. സെഞ്ചുറി നേടിയ രോഹിത് ശര്‍മ (66 പന്തില്‍ 106), വിരാട് കോഹ്‌ലി (27 പന്തില്‍ 43) എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കെത്തിയത്.

രാജ്യാന്തര ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന രണ്ടാമത്തെ മാത്രം സെഞ്ചുറിയാണ് രോഹിതിന്റേത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ സെഞ്ചുറി നേടിയ സുരേഷ് റെയ്‌നയുടേതാണ് ആദ്യ സെഞ്ചുറി. രാജ്യാന്തര ട്വന്റി20 മല്‍സരങ്ങളില്‍ വിരാട് കോഹ്‌ലി ആയിരം റണ്‍സ് തികയ്ക്കുന്നതിനും ധര്‍മശാല വേദിയായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ്‌ലി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.