1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2011

നാദാപുരം: നാദാപുരത്തിനടുത്ത് നരിക്കാട്ടേരിയില്‍ ബോംബുനിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വട്ടക്കാട്ടില്‍ മീത്തലിലെ അണിയാറകുന്നുമ്മല്‍ മറിയത്തിന്റെ പറമ്പില്‍ ഇന്നലെ രാത്രിയാണ് സ്‌ഫോടനമുണ്ടായത്.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ പുത്തേരിടത്ത് മൊയ്തുവിന്റെ റഫീഖ് (30), ചെറിയതയ്യില്‍ ഹംസയുടെ മകന്‍ ഷെമീര്‍ (29), ചാലില്‍ മമ്മുഹാജിയുടെ മകന്‍ റിയാസ് (35) കരയത്ത് മൂസയുടെ മകന്‍ ഷബീര്‍ (21), വലിയപീടികയില്‍ അബ്ദുള്ളയുടെ മകന്‍ സബീര്‍ എന്നിവരാണ് മരിച്ചത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അവിടെത്തുന്നതിനുമുമ്പുതന്നെ മരിക്കുകയായിരുന്നു.

പരിക്കേറ്റ അജിനാസ് പൂവുള്ളതില്‍, സബീല്‍ പൂവുള്ളത്ത്, റിയാസ് (25) എന്നിവരെ കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.പോലീസ് എത്തുന്നതിനുമുമ്പ് പരിക്കേറ്റവരില്‍ ചിലരെ സ്ഥലത്തുനിന്നും മാറ്റിയിരുന്നു. ബാക്കിയുള്ളവരെ പോലീസ് എത്തിയശേഷമാണ് ആശുപത്രികളില്‍ കൊണ്ടുപോയത്.

ആളൊഴിഞ്ഞ വീട്ടിനടുത്താണ് സ്‌ഫോടനം നടന്നത്. കുന്നിന്‍പ്രദേശമായതിനാല്‍ സ്‌ഫോടനവിവരം പുറത്തറിയാന്‍ വൈകി. നിര്‍മിച്ച ബോംബ് എടുത്തുകൊണ്ടുപോകുന്നതിനിടയിലാണ് സ്‌ഫോടനം നടന്നതെന്നാണ് സൂചന.

ഇവിടെ നിന്ന് അഞ്ച് സ്റ്റീല്‍ ബോംബുകളുടെ അവശിഷ്ടങ്ങളും നിര്‍മാണ സാമഗ്രികളും പോലീസ് കണ്ടെടുത്തു. കൂടാതെ സ്‌ഫോടനസ്ഥലത്തുനിന്ന് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ നാല് ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സി.പി.എംയു.ഡി.എഫ്. സംഘര്‍ഷം നിലനില്‍ക്കുന്ന കല്ലാച്ചി ടൗണിനടുത്ത് പയന്തോങ്ങിന്റെ സമീപ പ്രദേശമാണ് നരിക്കാട്ടേരി. പയന്തോങ്ങില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അക്രമസംഭവങ്ങളില്‍ പതിമൂന്ന് വീടുകള്‍ക്ക് നാശം സംഭവിച്ചിരുന്നു. ബോംബാക്രമണത്തിനിരയായ വീടുകളില്‍ എട്ടെണ്ണം ലീഗ് അനുഭാവികളുടെയും മൂന്നെണ്ണം സി.പി.ഐ. എം. അനുഭാവികളുടെയും ഒന്നു കോണ്‍ഗ്രസ് അനുഭാവിയുടേതും ആണ്.
പ്രദേശത്തു നടത്തിയ തിരച്ചലില്‍ പത്ത് പൈപ്പ് ബോംബുകള്‍ പോലീസ് ശനിയാഴ്ച പിടികൂടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.