1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2020

സ്വന്തം ലേഖകൻ: ചൈനീസ് സോഷ്യല്‍ മീഡിയാ സേവനമായ ടിക് ടോക്കിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പ്രസിഡന്റിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ തങ്ങള്‍ പ്രാധാന്യം നല്‍കുന്നുവെന്നും സമ്പൂര്‍ണ്ണ സുരക്ഷാ അവലോകനത്തിന് വിധേയമായി ടിക് ടോക്ക് ഏറ്റെടുക്കുന്നതിനും യുണൈറ്റഡ് ട്രഷറി ഉള്‍പ്പെടെയുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിന് ശരിയായ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ഇത് പ്രതിജ്ഞാബദ്ധമാണ്. മൈക്രോസോഫ്റ്റ് പുറത്തുവിട്ട ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.

ടിക് ടോക്ക് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഈ വിഷയത്തില്‍ വൈറ്റ്ഹൗസിന്റെ നിലപാട് എന്താണെന്ന് വ്യക്തമായിരുന്നില്ല. പ്രസിഡന്റ് ട്രംപുമായി സത്യ നദെല്ല കൂടിക്കാഴ്ച നടത്തിയതിന് ശേഷം ചര്‍ച്ചകള്‍ തുടരുമെന്ന് കമ്പനി പ്രഖ്യാപിച്ചുവെങ്കില്‍ ഭരണകൂടത്തില്‍ നിന്ന്, പ്രത്യേകിച്ചും ട്രംപില്‍ നിന്ന് എതിര്‍പ്പില്ല എന്ന് വ്യക്തം.

ടിക്ക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ചര്‍ച്ചകള്‍ ധ്രുതഗതിയിലാക്കും. 2020 സെപ്റ്റംബര്‍ 15 ന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അമേരിക്കന്‍ ഭരണകൂടവുമായും ചര്‍ച്ചകള്‍ തുടരുമെന്നും കമ്പനി വ്യക്തമാക്കി.

യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലെ ടിക് ടോക്ക് സേവനങ്ങള്‍ ഏറ്റടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നത്. ഈ ഇടപാടില്‍ ചെറിയ പങ്കാളിത്തത്തിനായി മറ്റ് അമേരിക്കന്‍ നിക്ഷേപകരെയും മൈക്രോസോഫ്റ്റ് ക്ഷണിക്കും.

ലോകോത്തര സുരക്ഷ, സ്വകാര്യത, ഡിജിറ്റല്‍ സുരക്ഷാ പരിരക്ഷകള്‍ എന്നിവ ഉള്‍പ്പെടുത്തി ടിക്ക് ടോക്ക് ഉപയോക്താക്കളുടെ ഇഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ് മൈക്രോസോഫ്റ്റ് ടിക് ടോക്ക് സേനനം നല്‍കുക. ഉപയോക്താക്കള്‍ക്ക് സുതാര്യത ഉറപ്പുവരുത്തുന്നതിനും ഈ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ ഉചിതമായ സുരക്ഷാ മേല്‍നോട്ടത്തിനും വേണ്ടിയാണ് ടിക് ടോക്കിന്റെ പ്രവര്‍ത്തന മാതൃക നിര്‍മിക്കുകയെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.

എല്ലാ അമേരിക്കന്‍ ഉപയോക്താക്കളുടെ ഡാറ്റയും അമേരിക്കയില്‍ തന്നെ നിലനിര്‍ത്തും. രാജ്യത്തിന് പുറത്ത് ഏതെങ്കിലും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കില്‍ അത് അമേരിക്കയിലേക്ക് തിരികെയെത്തിക്കുകയും വിദേശ സെര്‍വറുകളില്‍ നിന്ന് അത് നീക്കം ചെയ്യുകയും ചെയ്യും.

എന്തായാലും ടിക് ടോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനാല്‍ തന്നെ ടിക് ടോക്ക് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമെന്ന് ഇപ്പോള്‍ ഉറപ്പിക്കാനാവില്ല. അതേസമയം, ബൈറ്റ്ഡാന്‍സില്‍ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് തന്നെ ടിക് ടോക്ക് ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.