1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2017

സജീഷ് ടോം (യുക്മ പിആര്‍ഒ): എട്ടാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് നാളെ തിരശീല ഉയരുകയാണ്. ഏഴ് റീജിയണുകളിലാണ് ഈ വര്‍ഷം കലാമേളകള്‍ സംഘടിപ്പിക്കപ്പെടുന്നത്. പ്രൗഢ ഗംഭീരമായ ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള യോഗ്യതാ മത്സരങ്ങള്‍ എന്ന നിലയില്‍, റീജിയണല്‍ കലാമേളകള്‍ അത്യന്തം വാശിയേറിയവയും ആവേശം നിറഞ്ഞവയുമാകും.

ഒക്‌റ്റോബറിലെ ആദ്യ ശനിയാഴ്ചയായ നാളെ ഒരിക്കല്‍ കൂടി ‘സൂപ്പര്‍ സാറ്റര്‍ഡേ’ എന്നറിയപ്പെടാന്‍ പോകുകയാണ്. നാല് റീജിയണല്‍ കലാമേളകള്‍ ഒരേ ദിവസം സംഘടിപ്പിക്കപ്പെടുന്നു എന്ന പ്രത്യേകതയാണ് യുക്മയുടെ ചരിത്രത്തില്‍ നാളത്തെ ദിവസത്തിന്റെ സവിശേഷത. ഒക്‌റ്റോബര്‍ 28 ശനിയാഴ്ച നടക്കുന്ന ദേശീയ കലാമേള കഴിഞ്ഞാല്‍ ഏറ്റവും അധികം യു.കെ. മലയാളികള്‍ അണിഞ്ഞൊരുങ്ങി അരങ്ങിലെത്തുന്ന ദിനം നാളെത്തന്നെയാകും. 2015 ലെ ഒക്‌റ്റോബര്‍ ആദ്യ ശനിയാഴ്ച ആയിരുന്നു ഇതിനു മുന്‍പ് നാല് റീജിയണല്‍ കലാമേളകള്‍ ഒരേദിവസം സംഘടിപ്പിക്കപ്പെട്ട ദിനം. ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ്, യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ എന്നീ നാല് റീജിയണുകളിലാണ് നാളെ കലാമേളകള്‍ അരങ്ങേറുന്നത്.

നിലവിലുള്ള ദേശീയ ചാമ്പ്യന്‍മാരായ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ കലാമേള ബര്‍മിംഗ്ഹാമിനടുത്തുള്ള റ്റിപ്റ്റണ്‍ ആര്‍.എസ്.എ. അക്കാഡമിയില്‍ നടക്കും. റീജിയണല്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജ് അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് കലാമേള ഉദ്ഘാടനം ചെയ്യും. കലാമേള കണ്‍വീനര്‍ നോബി കെ. ജോസ്, റീജിയണല്‍ സെക്രട്ടറി സന്തോഷ് തോമസ്, ദേശീയ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, നാഷണല്‍ കമ്മറ്റി അംഗം സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ബാസില്‍ഡണ്‍ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ ആണ് ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കലാമേള അരങ്ങേറുന്നത്. റീജിയണല്‍ പ്രസിഡന്റ് രഞ്ജിത്കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് കലാമേള ഉദ്ഘാടനം ചെയ്യും. കലാമേള കണ്‍വീനര്‍ കുഞ്ഞുമോന്‍ ജോബ്, റീജിയണല്‍ സെക്രട്ടറി ജോജോ തെരുവന്‍, ദേശീയ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, മുന്‍ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു തുടങ്ങിയവര്‍ കലാമേളയ്ക്ക് നേതൃത്വം നല്‍കും. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ആണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.

സൗത്ത് വെസ്റ്റ് റീജിയണ്‍ കലാമേളക്ക് ഈ വര്‍ഷം രണ്ട് അസോസിയേഷനുകള്‍ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡിലെ കരുത്തരായ ഓക്‌സ്മാസ്സും യുക്മയിലെ നവാഗതരായ ‘ഒരുമ’യും ചേര്‍ന്ന് കലാമേളയ്ക്ക് വേദിയൊരുക്കുന്നു. റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ യുക്മ ദേശീയ വൈസ് പ്രസിഡന്റ് സുജു ജോസഫ് കലാമേള ഉദ്ഘാടനം ചെയ്യും. യുക്മ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, യുക്മ ടൂറിസം വൈസ് ചെയര്‍മാന്‍ ടിറ്റോ തോമസ് എന്നിവര്‍ സമ്മേളനത്തില്‍ മുഖ്യാതിഥികള്‍ ആയിരിക്കും. റീജിയണല്‍ സെക്രട്ടറി എം.പി. പദ്മരാജ്, നാഷണല്‍ കമ്മറ്റി അംഗം ഡോക്ടര്‍ ബിജു പെരിങ്ങത്തറ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ദേശീയ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷത്തെ സൗത്ത് വെസ്റ്റ് കലാമേളയില്‍ വെയ്ല്‍സ് റീജിയണിലെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനുള്ള പ്രത്യേക അവസരം ഒരുക്കിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡിനടുത്തുള്ള വാലിംഗ്‌ഫോര്‍ഡ് സ്‌കൂളിലാണ് കലാമേള അരങ്ങേറുന്നത്.

യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് കീത്ത് ലി മലയാളി അസോസിയേഷനാണ്. റീജിയണല്‍ പ്രസിഡന്റ് കിരണ്‍ സോളമന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മ ദേശീയ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് കലാമേള ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഡോക്റ്റര്‍ ദീപ ജേക്കബ്, റീജിയണല്‍ സെക്രട്ടറി ജസ്റ്റിന്‍ എബ്രഹാം, കലാമേള കോര്‍ഡിനേറ്റര്‍മാരായ റീന മാത്യു, സജിന്‍ രവീന്ദ്രന്‍, നാഷണല്‍ കമ്മറ്റി അംഗം ജിജോ ചുമ്മാര്‍ തുടങ്ങിയവര്‍ മേളക്ക് നേതൃത്വം നല്‍കും. കീത്ത് ലി ഹോളി ഫാമിലി കാത്തലിക് സ്‌കൂളില്‍ വച്ചാണ് റീജിയണല്‍ കലാമേള നടക്കുന്നത്.

ഒക്‌റ്റോബര്‍ 14 ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള റിഥം മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഹോര്‍ഷമില്‍ നടക്കും. മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടിയോളം അംഗ അസോസിയേഷനുകള്‍ ഇത്തവണ പങ്കെടുക്കുന്നു എന്നത് ഈ വര്‍ഷത്തെ സൗത്ത് ഈസ്റ്റ് കലാമേളയുടെ സവിശേഷതയാണ്. അന്നേ ദിവസം തന്നെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ലിവര്‍പൂളില്‍ നടക്കും. ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) ആണ് ആതിഥേയത്വം വഹിക്കുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് (മാന്‍) ന്റെ ആതിഥേയത്വത്തില്‍, ഒക്‌റ്റോബര്‍ 22 ഞായറാഴ്ച നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയോടെ യുക്മ റീജിയണല്‍ കലാമേളകള്‍ സമാപിക്കും. ഒക്‌റ്റോബര്‍ 28 ശനിയാഴ്ച വെസ്റ്റ് ലണ്ടനിലെ ഹെയര്‍ ഫീല്‍ഡ് അക്കാഡമിയില്‍ അണിയിച്ചൊരുക്കുന്ന ‘കലാഭവന്‍ മണി’ നഗറില്‍ നടക്കുന്ന എട്ടാമത് യുക്മ ദേശീയ കലാമേളയിലേക്ക് ഏവരെയും സാദരം സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.