1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2017

വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി.ആര്‍.ഒ.): പിങ്ക് പാവകളും നീലക്കളിപ്പാട്ട കാറുകളും കൊണ്ട് ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വേര്‍തിരിക്കുന്നതെന്തിനാണ്? ചോദ്യം വളര്‍ന്നുവരുന്ന പുതുതലമുറയുടേതാണ്. 21ാം നൂറ്റാണ്ടിലും ഇത്തരത്തിലുള്ള അദൃശ്യമായ ചില വേര്‍തിരിവ് ആണിനും പെണ്ണിനും ഇടയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് അപര്‍ണ്ണയുടെ മൂര്‍ച്ചയുള്ള ചോദ്യം. സാക്ഷരതയും ജോലിയും സൗകര്യങ്ങളും ഒക്കെ നേടിയാലും നാം പോലുമറിയാതെ ഇത്തരം വേര്‍തിരിവുകള്‍ നിത്യജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ് യുക്മയൂത്തില്‍ അപര്‍ണ്ണ എഴുതിയിരിക്കുന്ന ‘ക്രിസ്തുമസ് മരത്തിന് കീഴിലെ പിങ്ക് പാവകളും നീലക്കാറുകളും’ എന്ന ലേഖനം.

ഒരു സമൂഹത്തിന്റെ ഭാവി വളര്‍ന്നുവരുന്ന കുട്ടികളുടെ കൈകളാലാണ് എന്ന് പലമഹാന്മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അവഗണിക്കപ്പെടാനാകാത്ത ഒരു ശക്തിയാണ് പുതുതലമുറ. യുകെയിലെ പുതുതലമുറ എഴുത്തുകാരേയും അവരുടെ സൃഷ്ടികളേയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജ്വാല ഇമാഗസീന്‍ ഏറ്റവും പുതിയ ലക്കത്തില്‍ ‘യുക്മ യൂത്ത്’ എന്ന വിഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപര്‍ണ്ണയുടെ ലേഖനം കൂടാതെ ധന്യാ ആന്‍ മാത്യൂവിന്റെ ‘ദ സ്പ്ലിറ്റ്’ എന്ന കവിതയും ചിത്രവും ഗോകുല്‍ ഉണ്ണിയുടെ ‘ദ പെര്‍ഫെക്ട് നൈറ്റ്‌മെയര്‍’ എന്ന കഥയും ആദിത്യ കൃഷ്ണയുടെ ‘ബേബീസ് ദ ജോയ് ഇന്‍ ഔവര്‍ ലൈവ്‌സ്’ എന്ന കവിതയും അരുണ്‍ വരച്ച ചിത്രവും പുതിയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സമ്പൂര്‍ണ്ണ സാക്ഷരരെന്ന് അഭിമാനിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിന്റെ മറ്റൊരു മുഖമാണ് എഡിറ്റോറിയലിലൂടെ എഡിറ്റര്‍ റെജി നന്തിക്കാട്ട് വരച്ച് കാട്ടുന്നത്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളെ കുറിച്ചാണ് എഡിറ്റോറിയല്‍. കൊച്ചിയില്‍ സിനിമാ നടിയെ അക്രമിച്ചത് മുതല്‍ കുണ്ടറയിലെ പത്തുവയസ്സുകാരിയ്ക്ക് നേരെയുളള ലൈംഗികാതിക്രമം വരെ പട്ടികകള്‍ അന്തമില്ലാതെ നീളുകയാണ്. സ്ത്രീ നിയമങ്ങള്‍ അതിശക്തമായ കേരളത്തിന്റെ അവസ്ഥ ഇതാണെങ്കില്‍ ശിരസ്സ് ലജ്ജകൊണ്ട് കുനിയേണ്ടി വരുമെന്ന് എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിക്കുന്നു.

കേരളീയന്റെ സംസ്‌കാരത്തിലുണ്ടായ മൂല്യച്യുതിയും കുടുംബഭദ്രതയിലുണ്ടായ തകര്‍ച്ചയുമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറാന്‍ കാരണം. പീഡനകഥകള്‍ മാധ്യമങ്ങള്‍ക്കുള്ള വില്‍പ്പനചരക്കുകളാണ്. പീഡനങ്ങളുടെ ആസാദ്യകരമായ വിവരങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും വരുന്നത് കുറ്റകൃത്യം പോലെ ഗൗരവമുള്ള കുറ്റമാണെന്നും എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിക്കുന്നു. സ്ത്രീയൊരു ഉപഭോഗവസ്തുവല്ലെന്ന തിരിച്ചറിവില്‍ മാത്രമേ സ്ത്രീ സുരക്ഷിതയാകുകയൂള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

കഥകളും കവിതകളും ലേഖനങ്ങളും കൊണ്ട് സമ്പന്നമാണ് ജ്വാലയുടെ ജൂണ്‍ ലക്കം. ജുനൈദ് അബുബക്കര്‍ എഴുതിയ എമ്മ എന്ന കഥ ഒരു നഷ്ടപ്രണയത്തെ ഓര്‍മ്മിപ്പിക്കുന്നു. പൊട്ടിപ്പോയ മാലയിലെ മുത്തുകള്‍ പോലെയാണ് നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളും. അവ എവിടെയൊക്കെയോ ചിതറിത്തെറിക്കുന്നു. മേല്‍വിലാസമറിയാത്ത എവിടെയേക്കോ ഉള്ള നമ്മുടെ യാത്രയെ ഓര്‍മ്മിപ്പിക്കുന്ന ടൊമസ് ട്രാന്‍സ് ടോമറിന്റെ ചിതറിപ്പോയ സമ്മേളനം എന്ന കവിതയുടെ പരിഭാഷ ഉമരാജീവ് നിര്‍വ്വഹിച്ചിരിക്കുന്നു.

ജോര്‍ജ്ജ് അരങ്ങാശ്ശേരിയുടെ കുറച്ച് ഉറുമ്പുകളും പിന്നെ അരാഫത്തും ഒരു ഓര്‍മ്മക്കുറിപ്പാണ്. ശോഭാ ശ്യാമിന്റെ നാലുമണിപ്പൂക്കള്‍ എന്ന കഥയും മ്യൂസ് മേരിയുടെ ലളിതം എന്ന കവിതയും ഭാഷയുടെ അച്ചടക്കം കൊണ്ട് ശ്രദ്ദേയമാണ്. ചെറിയ പറമ്പില്‍ രാഘവന്‍ എഴുതിയ കല്‍ക്കൊറവ് എന്ന ലേഖനം തന്റെ നൈജീരിയന്‍ പ്രവാസത്തെ കുറിച്ച് പറയുന്നു. മോഹന്‍ പുത്തന്‍ ചിറയുടെ ആകാശത്തിന്റെ ഇരയെന്ന കഥയും സെറ ഐസക് എഴുതിയ നഷ്ടമാകുന്ന കേരളീയത എന്ന കവിതയും വി.എന്‍. രഘുനാഥന്റെ നീളം വെയ്ക്കുന്ന യാത്രകളാണ് പ്രണയം എന്ന കവിതയും ഏറെ ശ്രദ്ധേയമായി.

മാനഭംഗപ്പെട്ട ഭൂമി അഥവാ മാനഭംഗപ്പെടാത്ത നല്ല സ്ത്രീകള്‍ എന്ന യാക്കോബ് തോമസിന്റെ ലേഖനം ഓ.എന്‍.വിയുടെ ഭൂമിയ്‌ക്കൊരു ചരമഗീതം എന്ന കവിതയുടെ പുനഃവായനയാണ്. സ്ത്രീയ്ക്ക് ശാരീരികമായി ഒരു മാനമുണ്ടെന്നും അത് അവളുടെ ഭര്‍ത്താവല്ലാതെ മറ്റാരും കവരാതേ നോക്കേണ്ടതുണ്ടെന്നുമുള്ള പുരുഷ ധാരണയില്‍ നിന്നുകൊണ്ടാണ് കവി സ്ത്രീത്വത്തെ നിര്‍വചിക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. മാനഭംഗപ്പെടുന്ന സ്ത്രീ ശരിയല്ലാത്തവളായി മാറുന്നുവെന്നും അവള്‍ ചീത്തയായതോടെ അവള്‍ക്ക് മുന്നിലുള്ളത് മരണമാണെന്നും കവി തന്റെ കവിതയിലൂടെ വിളിച്ചുപറയുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

പ്രവാസി മലയാളികളുടെ, പ്രത്യേകിച്ച് യു കെ പ്രവാസി മലയാളികളുടെ സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതില്‍ ജ്വാല ഇമാഗസീന്‍ വ്യക്തമായ പങ്ക് വഹിക്കുന്നു എന്നത് അഭിമാനകരമായ വസ്തുതയാണ്. വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്ക് കൃത്യമായ ഇടം നല്‍കികൊണ്ട്, യു കെ മലയാളികളുടെ സാഹിത്യവാസന പ്രോത്സാഹിപ്പിക്കാനും, മികച്ച എഴുത്തുകാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തികൊണ്ട് മലയാളിക്ക് മികച്ച വായനാനുഭവം നല്‍കാനും ജ്വാലയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ‘ജ്വാല’ മാനേജിംഗ് എഡിറ്റര്‍ സജീഷ് ടോം അഭിപ്രായപ്പെട്ടു. ജൂണ്‍ ലക്കത്തില്‍ പുതുതായി ആരംഭിച്ചിട്ടുള്ള ‘ജ്വാല ടാലന്റ് കോണ്ടസ്റ്റ്’ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പൊതുവിജ്ഞാനം പരീക്ഷിക്കാനുള്ള ഒരു നല്ല വേദിയാണ്. സീജ മനോജ്കുമാര്‍ തയ്യാറാക്കിയിട്ടുള്ള ചോദ്യങ്ങളുടെ ശരി ഉത്തരങ്ങള്‍ ജൂണ്‍ മുപ്പതിന് മുന്‍പായി അയച്ചുതരേണ്ടതാണ്. ജ്വാല ഇമാഗസിനിലേക്കുള്ള രചനകളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും Jwalaemagazine@gmail.com എന്ന ഇമെയിലിലേക്ക് ആണ് അയക്കേണ്ടത്.

https://issuu.com/jwalaemagazine/docs/june_17

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.