1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2011

രാഷ്ട്രീയക്കാരുടെയും നടന്മാരുടെയുമെല്ലാം പേരുകള്‍ ഉപയോഗിച്ച് പത്രവാര്‍ത്തയെന്ന രൂപത്തില്‍ വ്യാജ മെയിലുകളുണ്ടാക്കി പ്രചരിപ്പിക്കുന്നവരും, അത് കിട്ടുമ്പോള്‍ ആ സന്തോഷത്തില്‍ ഇന്‍ബോക്‌സിലെ മൊത്തം ഇമെയില്‍ വിലാസങ്ങളിലേയ്കും ഇത് ഫോര്‍വേര്‍ഡ് ചെയ്യുന്നവരും ശ്രദ്ധിയ്ക്കുക. പിടിക്കപ്പെടാം, പിടിക്കപ്പെട്ടാല്‍ സൈബര്‍ നിയമപ്രകാരം അഴിയ്ക്കുള്ളില്‍ കിടക്കേണ്ടിയും വരും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നേമം സ്വദേശിയായ എസ് ഷിബുവെന്ന ഇരുപത്തിരണ്ടുകാരന് ഉണ്ടായിരിക്കുന്നത് ഒട്ടും സുഖകരമല്ലാത്ത അനുഭവമാണ്. ഷിബുവിന്റെ ഓര്‍ക്കുട്ട്, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ കണ്ട ഒരു വ്യാജവാര്‍ത്തയാണ് പ്രശ്‌നമായത്. നടന്‍ പൃഥിരാജിനെക്കുറിച്ചുള്ളതായിരുന്നു വാര്‍ത്ത.

പ്രമുഖ ദിനപ്പത്രമായ മാതൃഭൂമിയുടെ മുന്‍പേജില്‍ അച്ചടിച്ചരീതിയില്‍ തയ്യാറാക്കിയ മെയിലായിരുന്നു അത്. പേജിന്റെ മുകളിലായി നല്‍കിയ പ്രധാന വാര്‍ത്ത സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനെ നാട്ടുകാര്‍ തല്ലിക്കൊന്നു എന്നും താഴെയായി കേരളത്തിലാകെ ആഹ്ലാദപ്രകടനം-ഒബാമ നടുക്കം രേഖപ്പെടുത്തി എന്നുമായിരുന്നു.

ഇതിന് താഴെയായുള്ള കോളത്തില്‍ പൃഥ്വിയുടെ ഭാര്യ, അമ്മ മല്ലിക സുകുമാരന്‍, സന്തോഷ് പണ്ഡിറ്റ്, മുഖ്യമന്ത്രി, വിനയന്‍ എന്നിവരുടെ പേരുകളില്‍ പ്രതികരണങ്ങളും കൊടുത്തിരിക്കുന്നു. ഇതിനൊപ്പം പൃഥ്വി കൈകൂപ്പിക്കൊണ്ടു നില്‍ക്കുന്ന ഫോട്ടോയുമുണ്ട്, ഇതിന്റെ കാപ്ഷന്‍ നല്‍കിരിക്കുന്നത് അണ്ണന്‍ റോക്‌സ്-ഫാന്‍സ് എന്നാണ്.

സംഗതി തമാശയായി എടുക്കുകയും ചിരിക്കുകയുമൊക്കെയാവാമെങ്കിലും ഇതൊരു വ്യക്തിഹത്യയാണെന്നതില്‍ തര്‍ക്കമില്ല. മെയിലുകളായും, ഒപ്പം ഓര്‍ക്കുട്ട്, ഫേസ്ബുക്ക് എന്നിവവഴിയും ഇത് പ്രചരിക്കുകയാണ്.

പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയ മാനേജര്‍ കെ.ആര്‍. പ്രമോദ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് ഫിലിംസിന്റെ ഓഫീസില്‍ നിന്ന് സന്ദേശത്തിന്റെ രണ്ട് ലിങ്കുകള്‍ പരാതിക്കാരന് നല്‍കിയിരുന്നു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള സൈബര്‍ ടീം നടത്തിയ അന്വേഷണത്തിലാണ് നേമം ശിവന്‍കോവില്‍ ജങ്ഷന് സമീപം ഷിബു നിവാസില്‍ എസ്. ഷിബു (22) പിടിയിലായത്. ഇയാളുടെ പേരിലുള്ള ഫേസ്ബുക്ക്, ഓര്‍ക്കുട്ട് അക്കൗണ്ടുകളില്‍ ഈ വാര്‍ത്ത ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

എന്നാല്‍, ഇയാള്‍ തന്നെയാണോ ഇത് നിര്‍മിച്ചതെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി കോഴിക്കോട് ടൗണ്‍ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.