1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2010

റോയ്‌ കാഞ്ഞിരത്താനം

അജപാലന വഴിയിലെ ഒരു ദൌത്യം കൂടി പൂര്‍ത്തിയാക്കി ബിര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ ആയിരുന്ന  അരീക്കാട്ടച്ചന്‍ ഇന്ന്  നാട്ടിലേക്ക് മടങ്ങുന്നു.ബര്‍മിംഗ്‌ഹാം അതിരൂപതയുടെ കീഴിലുള്ള ബ്ലെസ്‌ഡ്‌ റോബര്‍ട്ട്‌ ഗ്രിസോള്‍ഡ്‌ റോമന്‍ കാത്തലിക്‌ ദേവാലയത്തിലെ വികാരിയായി ആറു വര്‍ഷം സേവനമനുഷ്‌ഠിച്ച ശേഷമാണ്  ഫാ.സെബാസ്റ്റ്യന്‍ അരീക്കാട്ട്‌ ഇന്ന്‌ നാട്ടിലേക്കു മടങ്ങുന്നത്.

1945ല്‍ തൃശൂര്‍ ജില്ലയിലെ ആളൂരില്‍ ജനിച്ച ദേവസിക്കുട്ടി എന്ന സെബാസ്‌റ്റിയനച്ചന്‍ 1972 ജനുവരി അഞ്ചിന്‌ വൈദികനായി. റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റിയില്‍ തിയോളജി പഠനം പൂര്‍ത്തിയാക്കി കേരളത്തില്‍ തിരിച്ചെത്തിയ അരീക്കോട്ടച്ചന്‍ കേരളത്തിലെ വിവിധ സെമിനാരികളില്‍ റെക്ടറായും സെന്റ്‌ തോമസ്‌ മേജര്‍ സെമിനാരിയിലെ സ്‌പിരിച്വല്‍ ഡയറക്ടറായും സേവനമനുഷ്‌ഠിച്ചു. ഏതാണ്ട്‌ 30 വര്‍ഷം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അദ്ദേഹം കാനഡയിലെ മോറിസ്‌ ബര്‍ഗില്‍ മൂന്നു വര്‍ഷം വികാരിയായിരുന്നു. 2004ല്‍ അച്ചന്‍ യു.കെയിലെത്തി.

ഇടവകവികാരി, സീറോ മലബാര്‍ ചാപ്ലിന്‍ , ജീസസ്‌ യൂത്തിന്റെ സ്‌പിരിച്വല്‍ പാസ്റ്റര്‍ , ഡിവൈന്‍ വിഷന്‍ ഡയറക്ടര്‍ എന്നിങ്ങനെ അച്ചന്റെ വിലമതിക്കാനാകാത്ത പ്രവര്‍ത്തനങ്ങള്‍ അനവധിയാണ്‌.

രൂപതയുടെ കീഴില്‍ 14 സെന്ററുകളിലായി സീറോ- മലബാര്‍ യൂണിറ്റുകള്‍ രൂപീകരിക്കുകയും എല്ലാ സ്ഥലങ്ങളിലും അച്ചന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യുന്നു. പ്രവാസി മലയാളികള്‍ക്ക്‌ ആത്മീയ ഉണര്‍വ്വ്‌ പകര്‍ന്നു നല്‍കുന്നതില്‍ അരീക്കോട്ടച്ചന്‍ ചെയ്‌ത സേവനങ്ങള്‍ സ്‌തുത്യര്‍ഹമാണ്‌. പ്രാര്‍ഥാനഗ്രൂപ്പുകള്‍, മതപഠനക്ലാസുകള്‍, ബൈബിള്‍ കണ്‍വെന്‍ഷനുകള്‍, കുട്ടികള്‍ക്കുള്ള ധ്യാനങ്ങള്‍ ഇവയെല്ലാം അച്ചന്റെ വിശ്രമമില്ലാത്ത പ്രവാസജീവിതത്തിന്റെ ഭാഗമായിരുന്നു.

അരീക്കോട്ടച്ചനെ അടുത്തറിയാവുന്നവര്‍ക്ക്‌ അച്ചനെക്കുറിച്ചു പറയാനേറെയാണ്‌. ജീവിത വിശുദ്ധിയും, ക്ഷമയും, അര്‍പ്പണമനോഭാവവും മുഖമുദ്രയാക്കിയ അരീക്കാട്ടച്ചന്‍ അജപാലനവഴിയിലെ വേറിട്ടൊരു വ്യക്തിത്വമായിരുന്നു. നിരവധി ധ്യാനഗുരുക്കന്മാരെ യു.കെയില്‍ കൊണ്ടുവന്ന്‌ വചനവിരുന്ന്‌ നടത്തുന്നതിനൊപ്പം കഴിവുള്ള കലാകാരന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നിതലും അച്ചന്‍ എന്നും മുന്നിലായിരുന്നു. എല്ലാ മേഖലയിലൂടെയും സുവിശേഷവല്‍ക്കരണം എന്നതായിരുന്നു അച്ചന്റെ ലക്ഷ്യം.

അച്ചന്റെ സ്വന്തം രൂപതയായ ഇരിങ്ങാലക്കുടയിലേക്ക്‌ അച്ചന്‍ തിരികെപോകുമ്പോള്‍ യു.കെയിലുള്ള മലയാളികള്‍ വളരെ സങ്കടത്തോടെയാണ്‌ അച്ചനെ യാത്രയാക്കുന്നത്‌. ഏതു സാഹചര്യത്തിലും വചനത്തെ മുറുകെപ്പടിച്ച്‌ പ്രാര്‍ഥനയിലൂടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്ന അരീക്കോട്ടച്ചന്റെ ജീവിതം തന്നെയാണ്‌ അച്ചന്റെ സാക്ഷ്യവും. പ്രാര്‍ഥനയിലൂടെ ലഭിച്ച ആത്മീയ അഭിഷേകം അജഗണങ്ങളിലേക്കു പകര്‍ന്നുകൊടുത്ത ഇടയശ്രേഷഠന്‍ , ദൈവവചനത്തിന്റെ പൊരുള്‍ പരിശുദ്ധാത്മനിറവില്‍ ലോകത്തോടു പ്രസംഗിക്കുന്ന ആത്മീയ ഗുരുനാഥന്‍, ജീവിച്ചിരിക്കുന്നവര്‍ ഇനി ജീവിതം തന്നവനുവേണ്ടി ജീവിക്കണമെന്ന ഉപദേശവുമായി അച്ചന്‍ തന്റെ സുവിഷേഷയാത്ര തുടരുകയാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.