1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2015

അജിമോന്‍ ഇടക്കര: നവംബര്‍ 28 നു ബര്‍മിങ്ങ്ഹാമില്‍ വച്ചു നടക്കുന്ന ഫോബ്മ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി പൊതു ജന അഭ്യര്‍ത്ഥന മാനിച്ചു മൂന്നു ദിവസം കൂടി നീട്ടി. ഈ വരുന്ന ബുധനാഴ്ച വരെ ഫോബ്മ കലോത്സവത്തിന് പേരു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മുന്‍കൂട്ടി അറിയിച്ചിരുന്നത് പോലെ ഈ വര്‍ഷത്തെ കലോത്സവത്തിലെ പ്രസംഗ മത്സര വിഷയങ്ങളും കലോത്സവ കമ്മിറ്റി മത്സരാര്‍ത്ഥികളെ അറിയിച്ചു കഴിഞ്ഞു. രണ്ടു വിഷയങ്ങള്‍ ആണ് മുന്‍കൂര്‍ നല്കുക, ഇവയില്‍ നിന്ന് കലോത്സവ വേദിയില്‍ വച്ച് നറുക്കിട്ട് എടുക്കുന്ന ഒരു വിഷയത്തില്‍ ആയിരിക്കും മത്സരം നടക്കുക. ഒന്‍പതു വയസ്സ് മുതല്‍ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും വെവ്വേറെ പ്രസംഗ മത്സരങ്ങളാണുള്ളത്. പതിനാറു വയസ്സിനു മുകളിലേക്കുള്ള സീനിയര്‍ വിഭാഗത്തില്‍ മലയാളത്തില്‍ മാത്രമേ പ്രസംഗ മത്സരം ഉണ്ടാകൂ

ജൂനിയര്‍ വിഭാഗത്തിന്റെ പ്രസംഗ മത്സര വിഷയങ്ങള്‍

1. ഒരു നല്ല പ്രസംഗത്തിന്റെ ഗുണങ്ങള്‍ / Qualities of a good speech

2. ആത്മ വിശ്വാസം / Confidence

സീനിയര്‍ വിഭാഗത്തിന്റെ പ്രസംഗ മത്സര വിഷയങ്ങള്‍

1. ഞാന്‍ ഈ ലോകം ഭരിച്ചാല്‍ (If I rule the World)

2. സമയ വിനിയോഗം (Time management )

വ്യക്തിത്വ വികസനത്തിനുപകരിക്കുന്നതും കാണികളുമായി നേരിട്ടു സംവദിക്കുവാന്‍ ഏറ്റവും അധികം അവസരം ലഭിക്കുന്ന ഒരു മഹത്തായ കലയാണു പ്രസംഗം. മുന്‍പിലിരിക്കുന്ന നൂറു കണക്കിന് കാണികളെയും കൂര്‍മ്മ ദൃഷ്ടിയോടെ കാതു കൂര്‍പ്പിച്ചിരിക്കുന്ന വിധി കര്‍ത്താക്കളേയും ഒരുപോലെ നേരിട്ട് അനുവദനീയ സമയത്തിനുള്ളില്‍ തന്നിരിക്കുന്ന വിഷയം ആധികാരികമായും തന്മയത്വമായും അവതരിപ്പിക്കുവാന്‍ അവസരം ലഭിക്കുക എന്നത് സഭാകമ്പം മാറ്റി എടുക്കുവാനും അനുദിന ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാനുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്ന ഒന്നാണ്. സമ്മാനം ലഭിക്കുക എന്നതിലും ഈ ഒരു കല നല്കുന്ന വ്യകതിത്വ വികസനം ആണ് പ്രധാനം.

നാട്ടിലെ സ്‌കൂള്‍ കലോത്സവത്തിന്റെ അതേ മാതൃകയില്‍ എല്ലാ ജനപ്രിയ കലകളും ഉള്‍പ്പെടുത്തികൊണ്ടു തന്നെയാണ് ഈ വര്‍ഷവും കലോത്സവം അരങ്ങേറുന്നത്. മത്സരത്തിന്റെ വിശദാംശങ്ങള്‍ അറിയുവാനും രജിസ്‌ട്രേഷന്‍ ഫോം ലഭിക്കുന്നതിനുമായി ഇന്‍ഫോ.ഫോബ്മ@ജിമെയില്‍.കോം (info.fobma@gmail.com) എന്ന ഈ മെയില്‍ അഡ്രസ്സിലേക്കു എഴുതുകയോ ഫോബ്മ വെബ് സൈറ്റിലെ കലോത്സവം 2015 എന്ന പേജ് (http://www.fobmauk.org/artsandliterature/kalolsavam2015/) സന്ദര്‍ശിക്കുകയോ ചെയ്യുക. നവംബര്‍ 25 നു മുന്‍പ് അപേക്ഷിക്കുന്നവര്‍ക്കായിരിക്കും ഈ വര്‍ഷത്തെ ഫോബ്മ കലോത്സവത്തില്‍ മാറ്റുരയ്ക്കുവാന്‍ അവസരം ലഭിക്കുക . അഞ്ചു വയസ്സുമുതല്‍ മുകളിലേയ്ക്കുള്ള കുട്ടികളും മുതിര്‍ന്നവരും മൂന്നു ഗ്രൂപ്പുകളിലായി 34 ഇനങ്ങളില്‍ ആണ് മത്സരിക്കുക. സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കമുള്ള കാഷ് അവാര്‍ഡുകളാണു വിജയികളെ കാത്തിരിക്കുന്നത്. കലയെ സ്‌നേഹിക്കുന്ന അതതു മേഖലകളിലെ വിദഗ്ദരായ കലോപാസകരായിരിക്കും ഓരോ ഇനങ്ങളിലും വിധികര്‍ത്താക്കളായി കടന്നു വരിക.

ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യൂകെയില്‍ താമസിക്കുന്ന, സ്വന്തം പ്രതിഭ തെളിയിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തികച്ചും സ്വതന്ത്രമായി പങ്കെടുക്കുവാന്‍ സാധിക്കുന്ന കലാമാമാങ്കമാണ് ഫോബ്മ കലോത്സവം. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മതമോ രാഷ്ട്രീയമോ ഏതെങ്കിലും സംഘടനയിലെ അംഗത്വമോ മാനദണ്ഡം ആക്കാതെ പ്രതിഭ തെളിയിക്കുവാന്‍ ആഗ്രഹമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ആണു ഫോബ്മ കലോത്സവം ഈ വര്‍ഷവും വിഭാവനം ചെയ്തിരിക്കുന്നത്. കലയ്ക്കും കലാകാരന്മാര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ട് അവരുടെ ഉത്തമ പ്രകടനങ്ങള്‍ പുറത്തെടുക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കുക എന്നതാണ് ഫോബ്മ കലോത്സവത്തിന്റെ ലക്ഷ്യം. യാതൊരു തിരി മറികള്‍ക്കും ഇട കൊടുക്കാതെ വേദികളില്‍ ഉടനുടന്‍ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന പതിവ് കഴിഞ്ഞ കലോല്‍സവത്തിലൂടെ യൂകെ മലയാളികള്‍ക്ക് ആദ്യമായി പരിചയപെടുത്തി വിശ്വാസ്യതയും കയ്യടിയും നേടിയ ഫോബ്മ, ഇത്തവണയും പങ്കെടുക്കുന്നവര്‍ക്കും സംഘാടകര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ രീതിയില്‍ സുതാര്യമായ കുറ്റമറ്റ വേദികള്‍ ആണു ഒരുക്കുന്നത്. സംഘടന അംഗത്വം ഇല്ലാത്തത് കൊണ്ടു മാത്രം സ്വന്തം പ്രതിഭ തെളിയിക്കുവാന്‍ വേദി ലഭിക്കാതെ പോകുന്നവര്‍ക്കുള്ള ഒരു അസുലഭ അവസരമാണ് ഫോബ്മ കലോത്സവം. ഇതര സമാനസംഘടനകളില്‍ നിന്നും വ്യത്യസ്തമായി കുറ്റമറ്റ വിധിനിര്‍ണ്ണയവും കൃത്യനിഷ്ഠയും സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കമുള്ള ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഒക്കെ ആയി ഫോബ്മ കലോത്സവം കലാ ഹൃദയങ്ങള്‍ക്ക് ഒരു പുതു പുത്തന്‍ അനുഭവം ആയിരുന്നു കഴിഞ്ഞ വര്‍ഷം പകര്‍ന്നുനല്കിയത്. ഈ മഹത്തായ മാമാങ്കത്തിന്റെ സംഘാടനത്തില്‍ പങ്കുകാരായി ചരിത്രത്തിന്റെഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോബ്മ പ്രതിനിധികളുമായോ info.fobma@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.