1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2016

സാബു ചുണ്ടക്കാട്ടില്‍: ബിജു നാരായണന്‍ പാടി തകര്‍ത്തു; മാഞ്ചസ്റ്റര്‍ ജനസാഗരമായി; പെയ്‌തൊഴിഞ്ഞത് സംഗീതാസ്വാദന രാവ്. ബിജു നാരായണന്‍ പാടി കയറിയപ്പോള്‍ ഇന്നലെ വിഥിന്‍ഷോ ഫോറം സെന്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി. മെലഡിയില്‍ തുടങ്ങി ഫാസ്‌ററ് നമ്പറുകളില്‍ കൂടി കത്തിക്കയറിയപ്പോള്‍ ഫോറം സെന്ററില്‍ തടിച്ചു കൂടിയ കാണികള്‍ക്ക് മികച്ച സംഗീത വിരുന്നാണ് ഇന്നലെ ലഭിച്ചത്. കാണികള്‍ക്കു ഒപ്പം ആടിയും പാടിയും ബിജു നാരായണനും രാജേഷ് രാമനും അടങ്ങുന്ന സംഘം മലയാളികള്‍ക്ക് ഇന്നലെ സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത സംഗീത വിരുന്നായിരുന്നു. മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിനോടനുബന്ധിച്ചാണ് വിഥിന്‍ഷോ ഫോറം സെന്ററില്‍ ബിജു നാരായണന്റെ ഗാനമേള നടന്നത്. മലയാറ്റൂര്‍ മലയും കയറി … എന്ന ഗാനത്തോടെയാണ് ആലാപനത്തിന് തുടക്കമായത്. പിന്നെ തന്റെ ആദ്യ സിനിമ ഗാനമാനായ വെങ്കലത്തിലെ പത്തു വെളുപ്പിന് … എന്നു തുടങ്ങുന്ന ഗാനവുമായിട്ടാണ് കാണികളുടെ മംമ്ത കവര്‍ന്നത്. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് ഗാനമേളയ്ക്കു തുടക്കമായത്. അപ്പോഴേക്കും ഫോറം സെന്റര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുമായി പാടിത്തിമിര്‍ത്തപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും നൃത്തച്ചുവടുകളുമായി ഒപ്പം ചേര്‍ന്നു. ഇടവേളയില്‍ ഒരുക്കിയ മിമിക്‌സും കാണികള്‍ക്കു മികച്ച വിരുന്നായി. ഇടവേളയില്‍ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പും നടന്നു. തിരുന്നാള്‍ കമ്മിറ്റി കണ്‍വീനറായ സാബു ചുണ്ടക്കാട്ടില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചപ്പോള്‍ ബിജു നാരായണന്‍ നന്ദി രേഖപ്പെടുത്തി.

ഇന്നലെ വിഥിന്‍ഷോ ഫോറം സെന്ററില്‍ നടന്ന ബിജു നാരായണന്റെ ഗാനമേളയില്‍ റവ. ലോനപ്പന്‍ അരങ്ങാശ്ശേരിയുടെ അറുപ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷവും നടന്നു. കേക്ക് മുറിച്ചു ആഘോഷം പങ്കിട്ട അച്ചന് ആശംസകള്‍ നേരുവാന്‍ ഒട്ടേറെ വൈദികരും സന്നിഹിതരായിരുന്നു.

ഇന്നാണ് മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന്റെ പ്രധാന തിരുന്നാള്‍ ദിനം. തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10ന് ആരംഭിക്കും. കോതമംഗലം രൂപത ബിഷപ്പ് മാര്‍. ജോര്‍ജ് പുന്നക്കോട്ടില്‍, ഷ്രൂസ്ബറി രൂപത ബിഷപ്പ് മാര്‍ക്ക് ഡേവീസ് തുടങ്ങിയവര്‍ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും സെന്റ്. ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ അത്യാഘോഷാപ്പൂര്‍വ്വമായ പൊന്തിഫിക്കല്‍ തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് തുടക്കമാകും. ബിഷപ്പ് മാര്‍ക്ക് ഡേവീസ് ദിവ്യബലി മധ്യേ സന്ദേശം നല്‍കും. തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് സ്വീകരണം നല്‍കുന്നതോടെ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. വിശുദ്ധ മാര്‍ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു മാഞ്ചസ്റ്ററിന്റെ തെരുവീഥികളില്‍ കൂടി നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണത്തില്‍ നൂറു കണക്കിന് മുത്തുക്കുടകളും പൊന്‍, വെള്ളി കുരിശകളാലും അകമ്പടി സേവിക്കും. തിരുന്നാള്‍ പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിക്കുന്നതോടെ സമാപന നേര്‍ച്ചയും ഊട്ട് നേര്‍ച്ചയും സ്‌നേഹവിരുന്നും നടക്കും.

ഇന്നത്തെ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് എത്തുന്നവര്‍ക്കെല്ലാം സൗജന്യ ഭക്ഷണമാണ് തിരുന്നാള്‍ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം മുതലാണ് ഈ മാറ്റം. ടിമ്പര്‍ലിയിലുള്ള പ്രമുഖ ഷെഫ് ജോര്‍ജിയുടെ നേതൃത്വത്തിലുള്ള പാചക വിദഗ്ധരാണ് തിരുന്നാള്‍ പറമ്പില്‍ ഭക്ഷണ സ്റ്റാളുകള്‍ ഒരുക്കുന്നത്. മാതൃവേദിയുടെ സ്റ്റാളുകളില്‍ ഉഴുന്നാടയും പക്കാവടയും, അച്ചപ്പം തുടങ്ങി നാടന്‍ വിഭവങ്ങള്‍ നിറയും. യൂത്തിന്റെ ഗെയിംസ് സ്റ്റാളുകളും ഐസ്‌ക്രീം സ്റ്റാളുകളും തിരുന്നാള്‍ പറമ്പില്‍ പ്രവര്‍ത്തിക്കും.

ഇന്നത്തെ തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയ കാഴ്ചകളാണ്. കോസ്‌റ്റെല്ലോ എന്റര്‍റ്റെയിന്‍മെന്റ്‌സ് എന്ന കമ്പനിയാണ് തിരുന്നാള്‍ പറമ്പില്‍ മാജിക്ക് ഷോയും ബലൂണ്‍ മോഡലിംഗും ഒരുക്കുന്നത്.

ഇന്നലെ രാത്രി ഏറെ വൈകിയും സെന്റ്. ആന്റണീസ് ദേവാലയം മോടി പിടിപ്പിക്കുന്ന പണികള്‍ നടന്നു വരികയാണ്. ദേവാലയവും പരിസരവും കൊടിത്തോരണങ്ങളാല്‍ അലങ്കരിച്ചു കഴിഞ്ഞു. അള്‍ത്താരയില്‍ 12 അടി ഉയരത്തില്‍ വിശുദ്ധ മാര്‍ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും കട്ടൗട്ടുകള്‍ ഉയര്‍ന്നു കഴിഞ്ഞു. പള്ളിയുടെ മുന്‍ഭാഗത്ത് ബലൂണ്‍ ആര്‍ച്ചുകളും ബലൂണ്‍ കുരിശും ഉയര്‍ന്നു കഴിഞ്ഞു.

വാഹനങ്ങളില്‍ വരുന്നവരുടെ ശ്രദ്ധക്ക്:

വാഹനങ്ങളില്‍ വരുന്നവര്‍ ഡങ്കറി റോഡിന്റെ ഇരുവശങ്ങളിലുമുള്ള പോക്കറ്റ് റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. പ്രദക്ഷിണം കടന്നു പോകേണ്ട സെന്റ് ആന്റണീസ് സ്‌കൂള്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്.

തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും റവ. ലോനപ്പന്‍ അരങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.

ബിപിന്‍ കുര്യാക്കോസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക …

https://picasaweb.google.com/109025952740795062520/6302501759236753121?authkey=Gv1sRgCNGRq7LhmpLfqQE&feat=email

സോണി ചാക്കോ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://picasaweb.google.com/116678507110232818143/6302507933787745121

DUNKERY ROAD

MANCHESTER

M220WR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.