1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2018

സജീഷ് ടോം (സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 യൂറോപ്പ് മലയാളികള്‍ നെഞ്ചിലേറ്റിയ സംഗീത യാത്രയായി മാറിക്കഴിഞ്ഞു. യുകെയിലെ രണ്ട് വേദികളില്‍ നടന്ന ഒഡിഷനുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗായകപ്രതിഭകളും, സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍നിന്നുമുള്ള മത്സരാര്‍ത്ഥികളുമുള്‍പ്പെടെയുള്ള പ്രൗഢമായ ഗായകനിരയാണ് സ്റ്റാര്‍സിംഗര്‍ 3 യില്‍ തുയിലുണര്‍ത്താന്‍ എത്തുന്നത്. 1970 80 കളിലെ ഹൃദ്യഗാനങ്ങളുടെ ഈ പുതിയ എപ്പിസോഡില്‍ വ്യത്യസ്തമായ സംഗീത ശൈലികളുമായെത്തുന്ന മൂന്ന് മത്സരാര്‍ഥികളാണ് മാറ്റുരക്കുന്നത്.

എം ഡി രാജേന്ദ്രന്റെ വരികള്‍ക്ക് ജെറി അമല്‍ദേവ് ഈണം നല്‍കിയ ‘വാചാലം എന്‍ മൗനവും നിന്‍ മൗനവും’ എന്ന ഗാനവുമായാണ് നോര്‍ത്താംപ്ടണില്‍നിന്നുള്ള ആനന്ദ് ജോണ്‍ ഈ എപ്പിസോഡിലെ ആദ്യ ഗായകനായെത്തുന്നത്. ‘കൂടുംതേടി’ എന്ന പോള്‍ ബാബു ചിത്രത്തിലെ ഈ ഗാനത്തില്‍ യേശുദാസിന്റെ ശബ്ദത്തോട് അടുത്ത് നില്‍ക്കാനുള്ള ആനന്ദിന്റെ ഒരു പരിശ്രമവും നമുക്ക് കാണാന്‍ കഴിയും.

1970 കളുടെ ആദ്യം പുറത്തിറങ്ങിയ ‘സ്വപ്നം’ എന്ന ചിത്രത്തിലെ ഒരുഗാനമാണ് അടുത്ത മത്സരാര്‍ത്ഥി രചനാ കൃഷ്ണന്‍ ആലപിക്കുന്നത്. ‘മഴവില്‍കൊടി കാവടി അഴകുവിടര്‍ത്തിയ മാനത്തെ പൂങ്കാവില്‍’ എന്ന ഈ ഗാനത്തിന് മലയാളത്തിന്റെ സ്വന്തം ഒ എന്‍ വി കുറുപ്പിന്റെ രചനയില്‍ ഇന്ത്യന്‍ സിനിമയുടെ സലില്‍ ദാദഎന്ന സലില്‍ ചൗധരിയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. എസ് ജാനകിയുടെ മാസ്മരിക ശബ്ദത്തില്‍ മലയാളി മനസ്സില്‍ പാടിപ്പതിഞ്ഞ ഈ ഗാനം നോട്ടിംഗ്ഹാമില്‍നിന്നുള്ള രചനയുടെ ശബ്ദത്തില്‍ നമുക്ക് കേള്‍ക്കാം.

ഈ എപ്പിസോഡിലെ അവസാന മത്സരാര്‍ത്ഥിയായി എത്തുന്നത് ഹള്ളില്‍നിന്നുള്ള സാന്‍ തോമസ് ആണ്. ‘അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന വ്യത്യസ്തത പുലര്‍ത്തുന്ന മനോഹര ഗാനവുമായാണ് സാന്‍ എത്തുന്നത്. പൂവച്ചല്‍ ഖാദര്‍ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ജോണ്‍സന്‍ മാഷ് ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച ഈ ഗാനം 1980 കളില്‍ മലയാളക്കരയുടെ ഹരമായിരുന്ന ‘ഒരു കുടക്കീഴില്‍’ എന്ന ചിത്രത്തില്‍ നിന്നാണ്.

സ്റ്റാര്‍സിംഗര്‍ 3 പുരോഗമിക്കുന്ന വേഗത്തില്‍ തന്നെ മത്സരാര്‍ത്ഥികളും പ്രേക്ഷക മനസുകളില്‍ ചേക്കേറുകയാണ്. ഫേസ്ബുക്കിലൂടെയും മറ്റ് നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മത്സരാര്‍ത്ഥികള്‍ക്ക് പ്രേക്ഷകരില്‍നിന്നും നിരവധി പ്രോത്സാഹനങ്ങളും ആശംസകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മ്യുസിക്കല്‍ റിയാലിറ്റി ഷോയെ ക്കുറിച്ചുള്ള നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും uukmastarsinger3@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കാവുന്നതാണ്. പുതിയ എപ്പിസോഡ് താഴെ കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.