1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2015

സ്വന്തം ലേഖകന്‍: മലേഷ്യയില്‍ വിഷപ്പുക ഭീഷണി, സ്‌കൂളുകള്‍ അടച്ചിട്ടു, സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ കാട്ടുതീയില്‍ നിന്നുള്ള വിഷപ്പുകയാണ് അയല്‍രാജ്യമായ മലേഷ്യയിലേക്ക് വ്യാപിച്ചത്. വിഷപ്പുകയുടെ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ ഭൂരിഭാഗം സ്‌കൂളുകള്‍ക്കും ഇന്നും നാളെയും അവധി നല്‍കി.

കാട്ടുതീയെത്തുടര്‍ന്ന് ഏതാനും ആഴ്ചകളായി പുകപടലം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായിരിക്കുകയാണ്. സിംഗപ്പൂരില്‍ നടക്കേണ്ട ഫിന രാജ്യാന്തര നീന്തല്‍ മല്‍സരവും മലേഷ്യയില്‍ 30,000 ഓട്ടക്കാര്‍ പങ്കെടുക്കുന്ന മാരത്തണും പ്രാദേശിക ഫുട്‌ബോള്‍ മല്‍സരങ്ങളും പുക മൂലം ഉപേക്ഷിച്ചു.

ഇത്തവണത്തെ കാട്ടുതീയും വിഷപ്പുകയും 1997ലെ സമാനസ്ഥിതി ഉണ്ടാക്കിയ മലിനീകരണ റെക്കോര്‍ഡ് തകര്‍ത്തിട്ടുണ്ട്. ഒപ്പം പരിസ്ഥിതി നാശത്തിന്റെ റെക്കോര്‍ഡും. 900 കോടി ഡോളറിന്റെ(58,000 കോടി രൂപ) നാശനഷ്ടമാണ് 1997ലെ കാട്ടുതീ വിതച്ചത്. മലേഷ്യയിലെ മലിനീകരണ നിരീക്ഷണ കേന്ദ്രങ്ങളില്‍ പകുതിയിലേറെയും രാജ്യത്തെ വായു ഗുണനിലവാരം ‘അനാരോഗ്യകരം’ എന്നാണ് രേഖപ്പെടുത്തുന്നത്. ക്വാലലംപൂരിലേത് ഉള്‍പ്പെടെ ആറോളം കേന്ദ്രങ്ങള്‍ വായുവിന്റെ മലിനീകരണ തോത് ‘അപകടകരമാം വിധം അനാരോഗ്യകര’മാണെന്നും സ്ഥിരീകരിച്ചു.

കാട്ടുതീ മൂലമുള്ള ദുരിതം മലേഷ്യയും സിംഗപ്പൂരും കടന്ന് ഫിലിപ്പീന്‍സ് ദ്വീപായ സെബുവിലും രൂക്ഷമാണ്. ഇന്തൊനീഷ്യയില്‍നിന്ന് വടക്കുകിഴക്കോട്ടടിക്കുന്ന കാറ്റാണ് മാലിന്യപ്പുക പരത്തുന്നത്. സുമാത്രയില്‍ ഇപ്പോള്‍ ഉണ്ടായത് സ്വാഭാവിക കാട്ടുതീയല്ല, അനധികൃത തീയിടലിന്റെ ഭാഗമാണെന്ന അഭ്യൂഹവും ശക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.