1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2019

മാഞ്ചസ്റ്റര്‍: യുകെയിലെ ഏറ്റവും പ്രശസ്തമായ മാഞ്ചസ്റ്റര്‍ തിരുനാളിന് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കള്‍ ഗാനന്‍ നൂറ് കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കൊടിയേറ്റി. വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ വൈദികരെയും പ്രസുദേന്തിമാരെയും സ്വീകരിച്ചാനയിച്ചതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഇടവക വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ കൊടിയേറ്റത്തിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകളെ തുടര്‍ന്നാണ് കെടിയേറ്റം നടന്നത്. കെടിയേറ്റത്തിന് ശേഷം റവ. ഫാ. മൈക്കള്‍ ഗാനന്‍ ലത്തീന്‍ റീത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. റവ.ഫാ.ജോസ് അഞ്ചാനിക്കല്‍ വി.അല്‍ഫോന്‍സാമ്മ യുടെ നൊവേന അര്‍പ്പിച്ചു. പ്രസുദേന്തി വാഴ്ചയും ഉണ്ടായിരുന്നു. പൗരോഹൃത്തിന്റെ നാല്പത് വര്‍ഷം പിന്നിടുന്ന ഫാ.മൈക്കള്‍ ഗാനന് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഉപഹാരം വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ കൈമാറി.

ഗ്രേറ്റ് ബ്രിട്ടന്‍  രൂപതാ ചാന്‍സലര്‍ റവ.ഫാ മാത്യു പിണക്കാട്ട് ദിവ്യബലി അര്‍പ്പിച്ച് നൊവേനയ്ക്ക് നേതൃത്വം കൊടുക്കും. ജൂലൈ 6 വരെ എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ ആറിന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാസിക്കല്‍ മുഖ്യ കാര്‍മികനായി തിരുന്നാളാഘോഷങ്ങള്‍ നടക്കും.

ശനിയാഴ്ച വൈകുന്നേരം തിരുന്നാളിനോടനുബന്ധിച്ചുള്ള സ്റ്റേജ് ഷോ വിഥിന്‍ഷോ ഫോറം സെന്റില്‍ അരങ്ങേറി. വിഥിന്‍ഷോ ഫോറം സെന്ററിലെ കാണികളെ ഇളക്കിമറിച്ച് അത്യുഗ്രന്‍ പെര്‍ഫോര്‍മന്‍സുമായി താരങ്ങള്‍ വേദിയും മനസ്സും കീഴടക്കി. അറാഫത്ത് കടവില്‍ നേതൃത്വം കൊടുത്ത കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സ് ടീമില്‍ പ്രശസ്ത പിന്നണി ഗായകരായ സാം ശിവ, സുമി അരവിന്ദ് എന്നിവര്‍ മലയാളം തമിഴ് ഗാനങ്ങളാലപിച്ച് കാണികളുടെ മനം കവര്‍ന്നപ്പോള്‍ സ്വിസ്വര്‍ലാന്‍ഡില്‍ നിന്നുമുള്ള അനുഗ്രഹീത ഗായകന്‍ ബെന്നി മുക്കാടന്‍ മലയാളഗാനങ്ങളാലപിച്ച് വേദി കീഴടക്കി. കോമഡിയും വണ്‍ മാന്‍ ഷോയുമായി ടി വി താരങ്ങളായ റെജി രാമപുരം, ഷിനോ പോള്‍ എന്നിവരും അണിചേര്‍ന്നപ്പോള്‍ മാഞ്ചസ്റ്റര്‍ അടുത്ത് കണ്ട ഏറ്റവും മനോഹരമായതും, മാഞ്ചസ്റ്റര്‍ തിരുന്നാളില്‍ ഇതുവരെ നടത്തിയതില്‍ ഏറ്റവും മികച്ചതും കാണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചതുമായ സ്റ്റേജ് ഷോ ആയി ഇന്നലെ നടന്ന പ്രോഗ്രാം.

ഇടവക വികാരിയും മാഞ്ചസ്റ്റര്‍ റീജിയന്‍ കോര്‍ഡിനേറ്ററും അനുഗ്രഹീത ഗായകനുമായ റവ.ഫാ.ജോസ് അഞ്ചാനിക്കല്‍ ആലപിച്ച സത്യനായകാ…. എന്ന പ്രസിദ്ധമായ ഭക്തിഗാനത്തോടെയാണ് ഗാനമേളക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് മെലഡി യില്‍ തുടങ്ങി അടിപൊളി ഗാനങ്ങളിലേക്ക് കത്തിക്കയറിയതോടെ കാണികളൊന്നാകെ ഇളകി മറിഞ്ഞു. ഇടവേള ഒന്നുമില്ലാതെ നാല് മണിക്കൂര്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിച്ച മെഗാ സ്റ്റേജ് ഷോയില്‍ ഇടവകയിലെ കുട്ടികള്‍ കൂടി ചേര്‍ന്നപ്പോള്‍ പൊടി പൂരമായി മാറി പരിപാടികള്‍. ഗായകരെ ആവേശത്തിലാക്കി കാണികളൊന്നാകെ ഇളകി മറിഞ്ഞപ്പോള്‍, ആസ്വാദകരെ നിറഞ്ഞാടാന്‍ ഗായകരും പരമാവധി പരിശ്രമിച്ചു. ഓര്‍ക്കസ്ട്ര ടീമില്‍ മനോജ് ശിവ, സാബു ജോസ്, ബേബി കുര്യന്‍, രാജേഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

ഫോറം സെന്ററില്‍ ട്രസ്റ്റി ബിജോയ് കലാകാരന്‍മാരെയും കാണികളെയും സ്വാഗതം ചെയ്തതോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് റവ.ഫാ. മൈക്കള്‍ ഗാനന്‍, ഇടവക വികാരി റവ.ഫാ ജോസ് അഞ്ചാനിക്കല്‍, ട്രസ്റ്റിമാരായ സിബി ജെയിംസ്, ജോബി തോമസ്, ബിജോയ് മാത്യു, കലാകാരന്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷത്തിന് തുടക്കം കുറിച്ചു. റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ യഥാക്രമം സിമി, ബിജു ആന്റണി, സേവ്യര്‍ തോമസ് ഒന്ന് മുതല്‍ മൂന്ന് വരെ സമ്മാനങ്ങള്‍ നേടി. പരിപാടിക്കൊടുവില്‍ സിബി ജെയിംസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ഇന്ന്
ജൂലൈ ഒന്ന് തിങ്കളാഴ്ച ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ചാന്‍സലര്‍ റവ.ഫാ. മാത്യു പിണക്കാട്ട് ദിവ്യബലിയില്‍ മുഖ്യകാര്‍മികനാകും. നാളെ
ജൂലൈ രണ്ടിന് റവ.ഫാ. നിക്കോളാസ് കേന്‍ ലത്തീന്‍ റീത്തില്‍ ഇംഗ്ലീഷ് കുര്‍ബാന അര്‍പ്പിക്കും.
ജൂലൈ മൂന്നിന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ റവ.ഫാ. സജി മലയില്‍ പുത്തന്‍ പുരയില്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികനാകും.
ജൂലൈ നാലിന് സീറോ മലങ്കര റീത്തില്‍ റവ.ഫാ രഞ്ജിത്ത് മടത്തിറമ്പില്‍ ദിവ്യബലി അര്‍പ്പിക്കും.
ജൂലൈ 5 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ റവ. ഫാ.ആന്റണി ചൂണ്ടെലിക്കാട്ട് ദിവ്യബലി അര്‍പ്പിക്കും.
എല്ലാ ദിവസവും നൊവേനയും പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ 6 ശനിയാഴ്ച രാവിലെ 10ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മുഖ്യ കാര്‍മ്മികനായി എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍.ജോസഫ് ഡ്രാമ്പിക്കല്‍ പിതാവിനെയും മറ്റ് വൈദികരെയും ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതാടെ
അത്യാഘോഷപൂര്‍വ്വമായ തിരുനാള്‍ ദിവ്യബലിക്ക് തുടക്കമാകും. മാഞ്ചസ്റ്ററിലെ ഗായക സംഘം റെക്‌സ് ജോസ് മിന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ദിവ്യബലി ഭക്തി സാന്ദ്രമാക്കും. ദിവ്യബലിക്ക് ശേഷം മാഞ്ചസ്റ്ററിലെ സ്വദേശിയരും മറ്റ് മതസ്ഥരുമെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം മാഞ്ചസ്റ്ററിന്റെ തെരുവീഥികളില്‍ നടക്കും. പ്രദക്ഷിണത്തില്‍ മാര്‍.തോമാശ്ലീഹായുടെയും, വി.അല്‍ഫോന്‍സയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട്, പൊന്‍ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണം നാട്ടിലെ തിരുനാളാഘോഷങ്ങളെ അനുസ്മരിപ്പിക്കും. പ്രദക്ഷിണത്തിന് റിഥം ഓഫ് വാറിംഗ്ടണ്‍ ടീമിന്റെ ചെണ്ടമേളം, ഐറിഷ് ബാന്റ് എന്നിവ അകമ്പടിയേകും. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവും ഉണ്ടായിരിക്കും. തുടര്‍ന്ന് സ്‌നേഹ വിരുന്നോടെയാണ് ഒരാഴ്ച നീണ്ടു നിന്ന തിരുന്നാളാഘോഷങ്ങള്‍ സമാപിക്കുന്നത്.

യുകെയില്‍ ആദ്യമായി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതു മുതല്‍ ഓരോ വര്‍ഷം ചെല്ലുംതോറും കൂടുതല്‍ പ്രശസ്തിതിയിലേക്ക് ഉയരുകയാണ് മാഞ്ചസ്റ്റര്‍ തിരുനാള്‍. വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരും പാരീഷ് കമ്മിറ്റിയംഗങ്ങളും ചേര്‍ന്ന 101 അംഗ കമ്മിറ്റിയാണ് തിരുനാളിന്റെ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്റര്‍ തിരുന്നാളില്‍ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ മാഞ്ചസ്റ്റര്‍ മിഷന്‍ കോര്‍ഡിനേറ്ററും ഇടവക വികാരിയുമായ ഫാ.ജോസ് അഞ്ചാനിക്കല്‍ ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:

സിബി ജെയിംസ് 07886670128
ജോബി തോമസ് 07985234361
ബിജോയി മാത്യു 07710675575

ദേവാലയത്തിന്റെ വിലാസം

ST .ANTONY’S CHURCH,
DUNKERY ROAD,
PORTWAY,
M22 0WR

സ്റ്റേജ് ഷോയുടെ കൂടുതല്‍ ഫോട്ടോകള്‍: https://photos.app.goo.gl/4TUnPmM22XqsHvSSA

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.