1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2018

Alex Varghese (മാഞ്ചസ്റ്റര്‍): യു കെയിലെ ആദ്യത്തെയും ഏറ്റവും വലിയതുമായ മാഞ്ചസ്റ്റര്‍ തിരുന്നാളിന് നാനാജാതി മതസ്ഥരായ നൂറ് കണക്കണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തി. ഇന്നലെ കൊടിയിറങ്ങിയ ചരിത്ര പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ തിരുനാള്‍ യു കെ മലയാളികള്‍ക്കിടയില്‍ യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലാത്ത ഒരു കാര്യം തെളിയിച്ചു. ഇവിടെ ജാതി, മത വര്‍ഗ്ഗീയ രാഷ്ട്രീയ വേരുകള്‍ക്ക് പൊതു സമൂഹത്തില്‍ മനുഷ്യമനസ്സുകളെ ഭിന്നിപ്പിച്ച് നിറുത്താന്‍ സാധിക്കില്ല എന്ന പ്രതീക്ഷ നല്‍കുന്ന സന്ദേശം.

നാട്ടില്‍ നടക്കുന്ന അമ്പലങ്ങളിലെ ഉത്സവങ്ങള്‍ക്കായാലും, മുസ്ലീം, ക്രിസ്ത്യന്‍ പള്ളികളിലെ പെരുന്നാളുകള്‍ക്കായാലും എല്ലാവരും ഒരേ മനസോടെ സംബന്ധിച്ച് സന്തോഷവും സൗഹാര്‍ദ്ദവും പങ്കിടുകയാണല്ലോ പതിവ്. അതുപോലെയുള്ള ഒരു കാഴ്ചയാണ് ഇന്നലെ മാഞ്ചസ്റ്ററില്‍ കാണാന്‍ കഴിഞ്ഞത്. വിത്യസ്ത മേഖലകളില്‍ അഭിപ്രായ വിത്യാസമുള്ള ആളുകള്‍ ഇന്നലെ മാഞ്ചസ്റ്റര്‍ തിരുന്നാളാഘോഷങ്ങളില്‍ പങ്ക് ചേരുകയും സൗഹാര്‍ദ്ദം പങ്കിടുകയും ചെയ്തു.

മണവാട്ടിയെപ്പോലെ ഒരുങ്ങി നിന്ന വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലത്തിലേക്ക് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ഇടവകാംഗങ്ങളും മാതൃവേദി സംഘടനാംഗങ്ങളും ചേര്‍ന്ന് ബഹുമാപ്പെട്ട വൈദികരെയും പ്രസുദേന്തിമാരെയും സ്വീകരിച്ചാനയിച്ചതോടെ മാഞ്ചസ്റ്റര്‍ തിരുന്നാളിന്റെ പ്രധാന ദിവസത്തെ ആഘോഷക്കള്‍ക്ക് തുടക്കമായി.
ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ ഏവരേയും സ്വാഗതം ചെയ്തു കൊണ്ടുള്ള സ്വാഗത പ്രസംഗത്തോടെ ആഘോഷമായ ദിവ്യ ബലിക്ക് തുടക്കമായി. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കല്‍ മുഖ്യകാര്‍മികനായ ദിവ്യബലിയില്‍ ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കല്‍ ഗാനന്‍, സെന്റ്. ആന്റണീസ് ഇടവക വികാരി ഫാ.നിക്ക്, സീറോ മലങ്കര ചാപ്ലയിന്‍ ഫാ. രഞ്ജിത്ത്  മടത്തിറമ്പില്‍, ഫാ. മാത്യു കരിയിലക്കുളം, ഫാ. തദേവൂസ് തുടങ്ങിയ വൈദികര്‍ സഹകാര്‍മികരായിരുന്നു.

ആഘോഷമായ ദിവ്യബലിയില്‍ റെക്‌സ്, മിന്റോ എന്നിവര്‍ നേതൃത്വം കൊടുത്ത ഗായക സംഘം കുര്‍ബാനയെ ഭക്തി സാന്ദ്രമാക്കി.  തിരുനാളാഘോഷങ്ങള്‍ ബാഹ്യമായപ്രകടനങ്ങളായി മാറാതെ പരസ്പരം വിശ്വാസത്തോടും ബഹുമാനത്തോടും കൂടി മുന്നോട്ട് പോകുവാനും, ഭാവി തലമുറയ്ക്ക് വിശ്വാസത്തിന്റെ ദീപം കൈമാറുവാന്‍ സാധിക്കട്ടെയെന്നും സമൂഹത്തെ ഉത്‌ബോധിപ്പിച്ചു. ഫാ.മൈക്കള്‍ ഗാനന്‍ ഷ്രൂസ്ബറി ബിഷപ്പിന് വേണ്ടി സന്ദേശവും, ഫാ.നിക്ക് ആശംസകളും അര്‍പ്പിച്ചു. ലദീഞ്ഞ്, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവക്ക് ശേഷം പ്രദക്ഷിണത്തിന് തുടക്കമായി.

പ്രകൃതി ഏറ്റവും മനോഹരിയായിരുന്ന അന്തരീക്ഷത്തില്‍, മാഞ്ചസ്റ്റര്‍ തിരുന്നാളിന്റെ ഏറ്റവും ആകര്‍ഷണമായ പ്രദക്ഷിണത്തിന് തുടക്കമായതോടെ വലിയ സന്തോഷത്തിന്റെ ഭാവമാറ്റം ഏവരിലും പ്രകടമായി.നേരത്തേ തയ്യാറാക്കിയ കൃത്യമായ അടുക്കും ചിട്ടയോടെയുമായി ആരംഭിച്ച പ്രദക്ഷിണത്തില്‍ കുട്ടികള്‍ ബലൂണുകളും, പതാകകളുമായി അതിന് പിന്നിലായി വിവിധ വര്‍ണ്ണത്തിലുള്ള മുത്തുക്കുടകള്‍ ഏന്തി വനിതകളും പുരുഷന്‍മാരും, പ്രദക്ഷിണത്തിന് നടുവിലൂടെ മരക്കുരിശ് സ്വര്‍ണ്ണക്കുരിശ് വെള്ളിക്കുരിശ്, കുടുംബ യൂണിറ്റുകളുടെ മദ്ധ്യസ്ഥന്‍മാരായ വിശുദ്ധരുടെ ചിത്രങ്ങള്‍ പതിപ്പിച്ച പതാകകള്‍, മാഞ്ചസ്റ്റര്‍ മേളത്തിന്റെ ചെണ്ടക്കാര്‍, ഐറീഷ് ബാന്റ്, എന്നിവയ്ക്ക് പിന്നിലായി വി.അല്‍ഫോന്‍സയുടെയും, വി.തോമാശ്ലീഹായുടെയും തിരുസ്വരൂപങ്ങളും നിരനിരയായി നീങ്ങി.

വളരെ അച്ചടക്കത്തോടെ വാഹന ഗതാഗതത്തിന് തടസ്സം സ്യഷ്ടിക്കാതെ ഭക്തി നിര്‍ഭരമായാണ് കൊച്ചു കുട്ടികള്‍ ഉള്‍പ്പെടുന്ന വലിയ സംഘം നിരനിരയായി നടന്ന് നീങ്ങിയത്. ഇംഗ്ലീഷുകാരുള്‍പ്പെടുന്ന കാഴ്ചക്കാര്‍ റോഡിനിരുവശവും കാത്ത് നിന്നിരുന്നു. പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് വി.തോമാശ്ലീഹായുടെ തിരുസ്വരൂപം മൂന്ന് പ്രാവശ്യം
ഉയര്‍ത്തിയും താഴ്ത്തിയും ആചാരപരമായ കീഴ് വഴക്കവും നടത്തിയാണ് പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദവും ,തിരുശേഷിപ്പ് ചുംബനവും ഉണ്ടായിരുന്നു. കഴുന്ന്, അടിമ നേര്‍ച്ചയ്ക്കുമായി വലിയ തിരക്ക് അനുഭവപ്പെട്ടു.

തുടര്‍ന്ന് ദേവാലയത്തിന് പുറകില്‍ ഒരുക്കിയിരുന്ന പ്രത്യേക സ്ഥലത്ത് വെഞ്ചിരിച്ച പാച്ചോറും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. അള്‍ത്താര ബാലന്‍മാരുടെയും, മതബോധന വിദ്യാര്‍ത്ഥികളുടെയും, മാതൃ വേദിയുടെയുമൊക്കെ സ്റ്റാളുകളിലായി ഐസ് ക്രീം, ചിപ്‌സ്, ഉണ്ണിയപ്പം, അച്ചപ്പം തുടങ്ങിയവയുടെ വില്പനയും ഉണ്ടായിരുന്നു. ശനിയാഴ്ച നടന്ന ഫാ.വില്‍സന്‍ മേച്ചേരിയും, മനോജ് ജോര്‍ജും നേതൃത്വം നല്കിയ ഗാനമേള മികച്ചതായിരുന്നു എന്ന് ഏവരും അഭിപ്രായപ്പെട്ടു.

ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ബിജു ആന്റണി, ടിങ്കിള്‍ ഈപ്പന്‍, സുനില്‍ കോച്ചേരി തുടങ്ങിയവരുള്‍പ്പെടുന്ന പാരീഷ് കമ്മിറ്റിയാണ് ഒരാഴ്ച നീണ്ടു നിന്ന തിരുന്നാളിന്റെ ആഘോഷങ്ങളുടെ നേതൃത്വം വഹിച്ചത്. പാരീഷ് കമ്മിറ്റിയില്‍ നിന്നും വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം കൊടുത്തവര്‍ പ്രോഗ്രാം ജയ്‌സന്‍ ജോബ്, അലക്‌സ് വര്‍ഗ്ഗീസ്, ഡെക്കറേഷന്‍ മോനച്ചന്‍ ആന്റണി, ഫിലിപ്പോസ് ജോസഫ് ഫെസിലിറ്റീസ് ആന്‍ഡ് ജനറല്‍ വെല്‍ഫയര്‍ സജിത്ത് തോമസ്, ജിനോ ജോസഫ് ചര്‍ച്ച് ബോബി ആലഞ്ചേരി, മിനി ഗില്‍ബര്‍ട്ട് ദിവ്യബലി ആരാധന നോയല്‍ ജോര്‍ജ്, സിബി ജെയിംസ് പ്രദക്ഷിണം ജയ്‌സന്‍ ജോബ്, അലക്‌സ് വര്‍ഗ്ഗീസ്.

മാഞ്ചസ്റ്റര്‍ തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എത്തിച്ചേര്‍ന്നവര്‍ക്കും, വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും ഇടവക വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.