1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2017

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്ററിലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) ഓണാഘോഷം കേരളീയ തനിമയിലും, സംസ്‌കാരത്തിലും നിന്ന് കൊണ്ട് പ്രൗഢഗംഭീരമായി ആഘോഷിച്ചു. കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ കുട്ടികളും മുതിര്‍ന്നവരുമായ അസോസിയേഷന്‍ അംഗങ്ങള്‍ രാവിലെ 10 മണിക്ക് പൂക്കളമിട്ട് ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടു. കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഇന്‍ഡോര്‍ മത്സരങ്ങളോടെ തുടങ്ങിയതോടെ കൂടുതല്‍ ആവേശമായി. അവസാനം വടംവലി മത്സരത്തിലേക്ക് എത്തിയപ്പോള്‍ ആവേശം അതിന്റെ പാരതമ്യത്തിലെത്തിച്ചേര്‍ന്നു.

തുടര്‍ന്ന് ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയുടെ സമയമായി. നാനാജാതി മതസ്ഥരായ മലയാളികള്‍ ഒന്നിച്ച് ഒരേ മനസ്സോടെ വിളമ്പി, ഓണത്തിന്റെ നന്മ മനസുകളില്‍ വാരി വിതറി സന്തോഷത്താടെ, തൃപ്തിയോടെ, വലിപ്പച്ചെറുപ്പമില്ലാതെ, കഴിച്ച ഭക്ഷണം മാവേലി വാണ കേരളത്തിന്റെ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും സമത്വവും എന്ന ഐതിഹൃത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ഓണസദ്യക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ അകാലത്തില്‍ വേര്‍പിരിഞ്ഞ് പോയ പോള്‍ ജോണിനും, ജോം ലാലിനും ആദരാഞ്ജലി അര്‍പ്പിച്ച് ഒരു നിമിഷം എല്ലാവരും എഴുന്നേറ്റ് നിന്ന് മൗന പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു. ഇതിനിടയില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുവാനായി മാവേലി തമ്പുരാന്‍ എത്തിച്ചേര്‍ന്നു. മാവേലി തമ്പുരാനെ തന്റെ പ്രജകള്‍ എഴുന്നേറ്റ് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് എം.എം.സി.എ. പ്രസിഡന്റ് ശ്രീ.ജോബി മാത്യു യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ ശ്രീ.റെജി മoത്തിലേട്ട്, ശ്രീ.ഉതുപ്പ്.കെ.കെ. എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ട്രഷറര്‍ ശ്രീ. സിബി മാത്യു നന്ദി പ്രകാശിപ്പിച്ചു.തുടര്‍ന്ന് 20172019 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്ക് ലിസി എബ്രഹാം അവതാരകയായിരുന്നു. കള്‍ച്ചറല്‍ കോഡിനേറ്റര്‍മാരായ ജനീഷ് കുരുവിള, സുമ ലിജോ എന്നിവര്‍ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി, കാണികളുടെ കൈയ്യടി ഏറ്റ് വാങ്ങി. തിരുവാതിര, ബോളിവുഡ്, പരമ്പരാഗത നൃത്തരൂപങ്ങള്‍, ഫാഷന്‍ ഷോ, ഗാനങ്ങള്‍, ഇന്‍സ്ട്രുമെന്റ് മ്യൂസിക് തുടങ്ങി വിവിധ കലാപ്രകടനങ്ങള്‍ വേദിയില്‍ നിറഞ്ഞാടി. തുടര്‍ന്ന് സമ്മാനദാനം നടത്തി. കഴിഞ്ഞ ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ടിം മാര്‍ട്ടിന്‍, ആഷ്‌ലി ജോസ്, സാന്ദ്ര സാബു എന്നിവര്‍ക്കും മറ്റെല്ലാ വിജയികള്‍ക്കും ഉപഹാരകള്‍ വിതരണം ചെയ്തു. എം എം സി എ ട്രോഫിക്ക് വേണ്ടിയും അലീഷാ ജിനോ മെമ്മോറിയല്‍ ട്രോഫിക്കും വേണ്ടിയുള്ള വടംവലി മത്സരങ്ങളില്‍ ഒന്നാം സമ്മാനം ബേബി സ്റ്റീഫന്‍, ജീനാ റോയി എന്നിവര്‍ ക്യാപ്റ്റന്‍മാരായ ടീമുകള്‍ കരസ്ഥമാക്കി. ട്രോഫിയും കാഷ് അവാര്‍ഡുമായിരുന്നു സമ്മാനം. രണ്ടാം സമ്മാനം സാബു ചാക്കോ, പ്രീതാ മിന്റോ എന്നിവര്‍ ക്യാപ്റ്റന്‍മാരായ ടീമുകളും കരസ്ഥമാക്കി. സ്‌പോര്‍ട്‌സ് മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ടീം എം.എം. സി.എയെ ജോബി മാത്യുവിന്റെ നേതൃത്വത്തില്‍ ശ്രീ. ഹരികുമാര്‍.പി.കെ, വൈസ് പ്രസിഡന്റ്, അലക്‌സ് വര്‍ഗീസ് സെക്രട്ടറി, ആഷന്‍ പോള്‍ ജോയിന്റ് സെക്രട്ടറി, സിബി മാത്യു ട്രഷറര്‍, കമ്മിറ്റിയംഗങ്ങളായി ബോബി ചെറിയാന്‍, മോനച്ചന്‍ ആന്റണി, ജയ്‌സന്‍ ജോബ്, സാബു പുന്നൂസ്, ഷീ സോബി, മനോജ് സെബാസ്റ്റ്യന്‍, ഹരികുമാര്‍.കെ.വി. കള്‍ച്ചറല്‍ കോഡിനേറ്റര്‍മാരായി ജനീഷ് കുരുവിള, സുമ ലിജോ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നയിച്ചിരുന്നത്.

വൈകുന്നേരം ഏഴ് മണിയോടെ ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. മികച്ച ജനപങ്കാളിത്തം കൊണ്ട് ഓണാഘോഷം ഒരു വലിയ വിജയമാക്കിത്തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും ടീം എം.എം. സി. എ ക്ക് വേണ്ടി സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് നന്ദി രേഖപ്പെടുത്തി.

എം. എം.സി.എ ഓണാഘോഷ പരിപാടികളുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക,

https://photos.app.goo.gl/6eckuKosQ19swz3I3
https://photos.app.goo.gl/5dZ8uBJTiQID464k1

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.