1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2018

Alex Varghese: മാഞ്ചസ്റ്റര്‍:ക്‌നാനായ ജനതയുടെ ശക്തമായ പ്രാര്‍ഥന പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ കര്‍ത്താവിലേക്ക് ഉയര്‍ന്നപ്പോള്‍, ക്‌നാനായ ജനതയുടെ വിശ്വസ തീവ്രത ബോദ്ധ്യപെട്ട തിരുസഭ നേതൃത്വം ഷൂഷ്ബറി രൂപതയിലൂടെ മാഞ്ചസ്റ്ററില്‍ അനുവദിച്ചു നല്കിയ യുകെയിലെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സിലെ (മിഷന്‍) മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ നടന്ന ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ വിഥിന്‍ഷോയിലെ മനോഹരമായ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് നിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

രാവിലെ പത്തുമണിക്ക് ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ കൊടിയേറ്റിയതോടെ തിരുന്നാളിന് തുടക്കമായി. തുടര്‍ന്ന് ദേവാലയത്തില്‍ ബഹുമാനപ്പെട്ട വൈദികര്‍ പ്രദിക്ഷണമായി ദിവ്യബലിക്കായി എത്തിച്ചേര്‍ന്നപ്പോള്‍ ഇടവക വികാരി ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ ഏവരേയും തിരുന്നാളിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് വര്‍ഷങ്ങളായി ഇടവകയില്‍ അഭിവന്ദ്യ പിതാക്കന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നുവരുന്ന തിരുന്നാളാഘോഷങ്ങളില്‍ നിന്നും വിത്യസ്തമായി ഈ വര്‍ഷം ഗായകന്‍ കൂടിയായ ബഹു: റവ: ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട തിരുന്നാള്‍ റാസയില്‍ വിശ്വാസികളെ ഭക്തിയുടെ പാരമ്യത്തിലെത്തിച്ചു. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, വിഥിന്‍ഷോ സെന്റ്.ആന്റണീസ് ഇടവക വികാരി ഫാ.നിക്ക് കേന്‍, ഫാ.സാജന്‍ നൊട്ടപൊങ്ങ്, ഫാ.സജി തോട്ടത്തില്‍, ഫാ.ബേബി കട്ടിയാങ്കല്‍, ഫാ.ഫിലിപ്പ്, ഫാ.ജോസ് തേക്കിനിക്കുന്നേല്‍, ഫാ.ജസ്റ്റിന്‍ കാരക്കാട്ട്, ഫാ.ഷന്‍ജു കൊച്ചു പറമ്പില്‍ ഉള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മികരായിരുന്നു.. ഫാ.ജോസ് അഞ്ചാനിക്കല്‍ വചന സന്ദേശം നല്കി. മാതാവ് ക്ഷമയുടെയും സഹനത്തിന്റെയും പര്യായമായിരുന്നുവെന്നും, മാതാവിന്റെ മാതൃക പിന്തുടര്‍ന്ന് തീഷ്ണമായ വിശ്വാസത്തോടെ ജീവിക്കുവാന്‍ ഏവരേയും ജോസച്ചന്‍ ഉദ്‌ബോധിപ്പിച്ചു

റെക്‌സ് ജോസ്, റോയ് മാത്യു ജോസ് പടപുരയ്ക്കല്‍, തുsങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയില്‍ ഗാനങ്ങള്‍ ആലപിച്ച് തിരുന്നാള്‍ ദിവ്യബലിയെ കൂടുതല്‍ ഭക്തസാന്ദ്രമാക്കി. തിരുനാള്‍ കുര്‍ബാനക്ക് ശേഷം നഗരം ചുറ്റി നടന്ന പ്രദക്ഷിണത്തില്‍ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നൂറ് കണക്കിന് വിശ്വാസികള്‍ ജപമാല ചൊല്ലിക്കൊണ്ട് പങ്കു ചേര്‍ന്നു. ഐറിഷ് ബാന്റിന്റെ അകമ്പടിയില്‍ പൊന്‍ വെള്ളിക്കുരിശുകള്‍, മുത്തുക്കുടകള്‍, പതാകകള്‍ എന്നിവയേന്തി ഭക്തജനങ്ങള്‍ വിശ്വാസ പൂര്‍വ്വം പങ്കുചേര്‍ന്നു. തിരുന്നാള്‍ പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം വാഴ് വും സമാപന ആശീര്‍വാദവും നടന്നു. കഴുന്ന് എടുക്കുവാനും, മുടി എടുക്കുന്നതിനും സൗകര്യം ഉണ്ടായിരുന്നു.

മാഞ്ചസ്റ്റര്‍ മിഷനിലെ വിവിധ പ്രദേശങ്ങളായ സ്റ്റോക്ക് ഓണ്‍ ട്രെന്റ്, വാറിംഗ്ടണ്‍, വിഗന്‍, ബറി, ബോള്‍ട്ടന്‍, ഓള്‍ധാം, റോച്ച് ഡെയില്‍, സാല്‍ഫോര്‍ഡ്, ട്രാഫോര്‍ഡ്, മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിന്നും നൂറ് കണക്കിന് വിശ്വാസികള്‍ തിരുനാളാഘോഷങ്ങളില്‍ പങ്കു ചേര്‍ന്നിരുന്നു. ഇടവകയില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിവാഹിതരായ നവദമ്പതികളെ അനുമോദിച്ചു. ഇടവകയിലെ മതബോധത്തില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്കും മറ്റ് മത്സര വിജയികള്‍ക്കും സമാനങ്ങള്‍ വിതരണം ചെയ്തു. പാച്ചോര്‍ നേര്‍ച്ചയോട് കൂടി തിരുനാളാഘോഷങ്ങള്‍ സമാപിച്ചു.

തിരുനാളാഘോഷത്തിന് കമ്മിറ്റി ജനറള്‍ കണ്‍വീനര്‍ റെജി മടത്തിലേട്ട്, ട്രസ്റ്റിമാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ് കുട്ടി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നടന്നത്. ജയ്‌മോന്‍ തോമസിന്റെ നേതൃത്വത്തിലുള്ള ലിറ്റര്‍ജി കമ്മിറ്റിയും അള്‍ത്താര ബാലന്‍മാരും ദിവ്യബലിയില്‍ സഹായിച്ചു. മതബോധന അദ്ധ്യാപകരും കൂടാരയോഗം ഭാരവാഹികളും ഉള്‍പ്പെടെ മുഴുവന്‍ ഇടവകാംഗങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് തിരുനാളിന്റെ ദിവസം കാണുവാന്‍ കഴിഞ്ഞത്.

പരിശുദ്ധ അമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുവാന്‍ സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാവര്‍ക്കും തിരുന്നാള്‍ കമ്മിറ്റിക്കു വേണ്ടി വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.