1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2017

രശ്മി പ്രകാശ്: വീണയെന്ന വാദ്യോപകരണത്തെക്കുറിച്ച് കേള്‍ക്കാത്തവരും കാണാത്തവരുമായി മലയാളികള്‍ ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ മോഹന വീണയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗ്രാമി പുരസ്‌കാര ജേതാവ് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് രൂപകല്‍പ്പന ചെയ്ത തന്ത്രി വാദ്യമാണ് മോഹനവീണ. മോഹനവീണ എന്ന അപൂര്‍വവാദ്യം സാധാരണക്കാരിലേക്ക് എത്തിച്ച കലാകാരനാണ് ശ്രീ പോളി വര്‍ഗീസ്. ലോകത്ത് തന്നെ മോഹനവീണ വായിക്കുന്ന അഞ്ചു പേരില്‍ ഒരാള്‍. പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ ശിഷ്യരില്‍ പ്രഥമഗണനീയന്‍.

അതെ, മലയാളികളായ നമുക്കും അഭിമാനിക്കാം ഈ അനുഗ്രഹീത കലാകാരനിലൂടെ. പോളി വര്‍ഗീസ് ഇപ്പോള്‍ നമ്മുടെ കൈയെത്തും ദൂരത്തിലുണ്ട്. ലോക പ്രശസ്ത ജാസ് സിങ്ങര്‍ സ്യൂ മക്രീത്തിന്റെ ക്ഷണപ്രകാരം അവരോടൊപ്പം ആല്‍ബം ചെയ്യുന്നതിനായാണ് ശ്രീ പോളി വര്‍ഗീസ് രണ്ടുമാസത്തേക്ക് യുകെയില്‍ എത്തിയിട്ടുള്ളത്. ഗ്രാമി അവാര്‍ഡ് ജേതാവ് ലോകപ്രശസ്ത ജാസ് റോക്ക് ഗിത്താറിസ്റ്റ് ജോണ്‍ സ്‌കോഫീല്‍ഡ് പോലെയുള്ള പ്രഗല്‍ഭരുമായാണ് ശ്രീ പോളി വര്‍ഗീസ് യുകെയില്‍ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

പൊള്ളത്തരങ്ങളുടെ ലോകത്ത് വിനയമാണ് കലാകാരനെ ജനങ്ങളോട് ചേര്‍ത്തു നിര്‍ത്തുന്നതെന്ന് വിശ്വസിക്കുന്ന ശ്രീ പോളി വര്‍ഗീസ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തെരഞ്ഞെടുത്ത ഇന്ത്യയിലെ പത്തു യുവ ഹിന്ദുസ്ഥാനി സംഗീതജ്ഞരില്‍ നാലാമനാണ് . മൊസാര്‍ട്ട് മ്യൂസിക് ഫെസ്റ്റിവലില്‍ ഭാരതത്തിന്റെ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു. സ്വന്തമായി സംഗീതപരീക്ഷണങ്ങള്‍. ജീവന്‍ മശായിയെന്ന മലയാള സിനിമയില്‍ ബാക് ഗ്രൌണ്ട് സ്‌കോര്‍. തമിഴ് സിനിമയിലും നാടകങ്ങളിലും കവിതാ ലോകത്തും സജീവം. ഇംഗ്ലീഷ്, ബംഗാളി, തമിഴ്, മലയാളം ഭാഷകളിലായി ആയിരത്തിലേറെ കവിതകള്‍. ഇന്ത്യയിലും മറ്റ് വിദേശരാജ്യങ്ങളിലുമായി മോഹനവീണയില്‍ നിരവധി സംഗീത പരിപാടികള്‍. ദേവരാജന്‍ മാഷിനൊപ്പം സംഗീതസപര്യ. ബംഗാളിലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം.ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ബഹുമതികള്‍ ചേര്‍ത്തുവെയ്ക്കാനുണ്ട് പോളി വര്‍ഗീസ് എന്ന പേരിനൊപ്പം. എന്നാല്‍ സ്വതന്ത്രമായ ചിന്തകളും വേറിട്ട നേര്‍ക്കാഴ്ചകളുമാണ് ശ്രീ പോളിയെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്.

ശ്രീ പോളിയുടെ സംഗീത ജീവിതം അതിജീവനത്തിന്റെ പാഠമാണ്. സംഗീതപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഉള്ളില്‍ ചെറുപ്പം മുതലേ സംഗീതമുണ്ടായിരുന്നതായി ശ്രീ പോളി വര്‍ഗീസ് ഓര്‍മ്മിക്കുന്നു. പത്രപ്രവര്‍ത്തകനായിരുന്ന അച്ഛന്‍ വര്‍ഗീസ് മേച്ചേരി വായനയ്ക്കായിരുന്നു വീട്ടില്‍ പ്രാധാന്യം നല്‍കിയിരുന്നത്. പത്താംക്ലാസ് വരെ മാത്രമേ അക്കാദമിക് വിദ്യാഭ്യാസ യോഗ്യത ഉള്ളുവെങ്കിലും വായനയിലൂടെയും യാത്രകളിലൂടെയും പോളി നേടിയെടുത്ത പരന്ന അറിവ് വളരെ വലുതാണ്. എട്ടാം വയസ്സില്‍ ആരംഭിച്ച സംഗീത പഠനം ഇപ്പോഴും തുടരുന്നു. പത്താംക്ലാസ് കഴിഞ്ഞ ഉപരിപഠനത്തിനായ് കലാമണ്ഡലത്തില്‍ ചേര്‍ന്നപ്പോള്‍ മൃദംഗം ആയിരുന്നു തിരഞ്ഞെടുത്തത്. ആറു വര്‍ഷത്തെ അവിടുത്തെ പഠനം ശാസ്ത്രീയ സംഗീതവും അഭിനയവും കഥകളി സംഗീതവും മാത്രമല്ല സംസ്‌കൃതം വേദം ഉപനിഷത്തുകള്‍ തുടങ്ങിയ പുതിയ അറിവുകളിലേക്കും പോളിയെ കൂട്ടിക്കൊണ്ടുപോയി. ഈ കാലത്തുതന്നെയാണ് കവിതയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറുന്നത്. യാത്രകളുടെ അനുഭവങ്ങള്‍ പോളിയ്ക്ക് നല്‍കിയത് പന്ത്രണ്ട്ഭാഷകളില്‍ സംസാരിക്കാനുള്ള കഴിവാണ് ഇതില്‍ പത്തു ഭാഷകളില്‍ എഴുത്തും വായനയും വശമാണ്. ഇരുപതോളം വാദ്യോപകരണങ്ങള്‍ നന്നായി വായിക്കാന്‍ അറിയുന്ന പോളി വര്‍ഗീസിന് മോഹനവീണ കഴിഞ്ഞാല്‍ വായിക്കാന്‍ ഏറെയിഷ്ട്ടം പുല്ലാങ്കുഴലാണ്.

കലാമണ്ഡലത്തില്‍ വച്ച് ഒരിക്കല്‍ ഡല്‍ഹി ദൂരദര്‍ശനിലൂടെ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ മോഹനവീണാ വാദനം കേട്ടതാണ് ശ്രീ പോളിയുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. മോഹനവീണയുടെ ലോകം തേടിയുള്ള യാത്ര അദ്ദേഹത്തെ കല്‍ക്കട്ടയിലെ ശാന്തിനികേതനില്‍ എത്തിച്ചു. അവിടെ അഞ്ചു വര്‍ഷത്തോളം ഹിന്ദുസ്ഥാനിയും രബീന്ദ്ര സംഗീതവും പഠിച്ചു. അവിടത്തെ പഠനകാലത്താണ് വിവിധ വാദ്യോപകരണങ്ങള്‍ വായിക്കാന്‍ പഠിക്കുന്നത്. പിന്നീട് സൂഫി സംസ്‌ക്കാരധിഷ്ഠിതമായ ബാവുള്‍ സംഗീതത്തില്‍ ആകൃഷ്ടനായി. തുടര്‍ന്നങ്ങോട്ട് പോളിയുടെ ജീവിതം സംഗീതം മാത്രമായി. നോര്‍ത്ത് ഈസ്റ്റേണ്‍ സൂഫിസമാണ് ബാവുള്‍. തെരുവുകളില്‍ പാടിയലഞ്ഞ് നടക്കുക. ആര്‍ഭാടങ്ങളെ വിമര്‍ശിച്ചു പാടുക. ജാതിയും മതവുമല്ല വിഷയം. രണ്ടുജാതിയേയുള്ളൂ, അത് സ്ത്രീയും പുരുഷനുമാണെന്ന് പാടുന്ന ഒരു വിഭാഗം. സൂഫിസത്തിന്റെ അഗാധതയിലേക്കുള്ള പ്രയാണമായിരുന്നു അത്.

ശാന്തിനികേതനിലെ പഠനത്തിനിടയില്‍ വച്ച് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് കല്‍ക്കട്ടയില്‍ വരുന്ന വിവരം അറിഞ്ഞ പോളി അദ്ദേഹത്തെപോയി കണ്ടു. അദ്ദേഹത്തിനു മുന്നില്‍ വെച്ച് ഗിത്താറില്‍ ഹിന്ദുസ്ഥാനി വായിച്ചു. മോഹനവീണ അഭ്യസിക്കണമെന്ന തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ പണ്ഡിറ്റ്ജി രാജസ്ഥാനിലേക്ക് ക്ഷണിച്ചു. അങ്ങിനെ ശാന്തിനികേതനോട് വിടപറഞ്ഞ് രാജസ്ഥാനിലേയ്ക്ക് യാത്ര തിരിച്ചു. ഗുരുകുല സമ്പ്രദായത്തിലായിരുന്നു പഠനം. പണ്ഡിറ്റ്ജിയുടെ വീടിന്റെ ഒരു ചായ്പ്പില്‍ വച്ചായിരുന്നു മോഹനവീണ അഭ്യസിച്ചത്. അഞ്ചു വര്‍ഷത്തോളം പഠിച്ചു. പിന്നീട് പത്ത് വര്‍ഷത്തോളം സാധകം. ഗുരുവിന്റെ അനുവാദത്തോടെ മാത്രമേ വാദനം തുടങ്ങാവൂയെന്ന് തുടക്കത്തിലെ തന്നെ പണ്ഡിറ്റ്ജി വ്യക്തമാക്കിയിരുന്നു. 25 വര്‍ഷമായി ദിവസേന ഏകദേശം 10 മണിക്കൂര്‍ വരെ സാധകം. ഇതാണ് മോഹനവീണയെന്ന മാന്ത്രികവാദ്യത്തെ ശ്രീ പോളി വര്‍ഗീസ് എന്ന സംഗീതജ്ഞന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്.

നാല്‍പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗിറ്റാറില്‍നിന്നുമാണ് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് ഈ വാദ്യോപകരണം രൂപകല്‍പ്പന ചെയ്‌തെടുത്തത് . ഹിന്ദുസ്ഥാനി സംഗീതത്തിലെ സിത്താറിന്റെയും, കര്‍ണാടക സംഗീതത്തിലെ വീണയുടെയും സ്വരങ്ങള്‍ ചേര്‍ത്ത് ചിട്ടപ്പെടുത്തിയതാണ് മോഹന്‍ വീണയുടെ സ്വരങ്ങളും. പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് തന്നെ രൂപകല്‍പന ചെയ്തതിനാലാണ് മോഹനവീണ എന്ന പേര് വന്നത്. നിര്‍മ്മിക്കാന്‍ കുറഞ്ഞത് മൂന്നു കൊല്ലമെങ്കിലും എടുക്കും. കല സ്വായത്തമാക്കുവാന്‍ പത്തു വര്‍ഷമെങ്കിലും കുറഞ്ഞത് വേണം. മോഹനവീണാ വാദനം പ്രയാസം നിറഞ്ഞതുതന്നെയാണ്. പഠിക്കുവാന്‍ അസാമാന്യമായ ക്ഷമയും, കഠിനാദ്ധ്വാനവും ആവശ്യമായ കല. ഈ കലയ്ക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കുന്നവര്‍ക്ക് മാത്രമേ ഇത് അഭ്യസിക്കുവാന്‍ കഴിയുകയുള്ളൂ. അതാണ് മോഹനവീണയുടെ ശ്രേഷ്ഠതയും.

ഹവായിയന്‍ ഗിറ്റാറില്‍ നിന്നാണു മോഹനവീണയുടെ രൂപഭേദം. ഗിറ്റാറില്‍ വീണ ചേര്‍ത്തുവച്ചതു പോലെയുള്ള ഉപകരണം. 20 തന്ത്രികളുണ്ട്. ആദ്യത്തെ നാലെണ്ണം മെലഡി സ്ട്രിങ്‌സ്. ശേഷമുള്ള അഞ്ചെണ്ണം ചിക്കാരി(താളം) സ്ട്രിങ്‌സ്. ബാക്കിയുള്ള സ്ട്രിങ്‌സിനു തരഫ് എന്നാണു പേര്. ആദ്യത്തെ 20 സ്ട്രിങ്‌സിനോടു രണ്ടെണ്ണം കൂടി പോളി കൂട്ടിച്ചേര്‍കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മോഹനവീണയുടെ ഈണം പരുവപ്പെടാന്‍ തന്നെയെടുക്കും വര്‍ഷങ്ങള്‍. കാറ്റിനോടും കടലിനോടും പ്രകൃതിയോടും കളിപറഞ്ഞു പോളിയുടെ സംഗീത ജീവിതം ശാന്തമായി അനസ്യൂതം ഒഴുകുന്നു.

ശ്രീ. പോളി വര്‍ഗീസ് ഈമാസം (ജൂലായ്) 24നു മുതല്‍ നാലാഴ്ചകള്‍ ലണ്ടനിലുണ്ട്. അദ്ദേഹത്തെ ബന്ധപ്പെടാനും സംഗീതപരിപാടികളിലേക്ക് ക്ഷണിക്കാനും ലോകോത്തര സംഗീതത്തിന്റെ ഉത്തുംഗതയിലേക്ക് മലയാളത്തെയും എത്തിക്കുന്ന മഹാനായ കലാകാരനെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ മോഹനവീണാ വാദനം അനുഭവിച്ചറിയാനുമുള്ള അസുലഭ അവസരം. പോളിയുടെ യു കെ നമ്പര്‍: 07818783183 മനോജ് 07775707207 ജേക്കബ് കോയിപ്പള്ളി 07402935193 എന്നിവരെയും ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.