1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2015

അനീഷ് ജോണ്‍: ഒരു ദേശീയ സംഘടനയെന്ന യുകെ മലയാളികളുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് യുക്മ. നൂറിലധികം അംഗ അസോസിയേഷനുകളുടെ കരുത്തുമായി, ഒന്‍പത് റീജിയണുകളിലായി ചിട്ടയായ കേഡര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനായി കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് യുക്മ വളര്‍ന്നു കഴിഞ്ഞു.

യുകെ മലയാളികളുടെ ജീവിതത്തിന്റെ വ്യത്യസ്തമായ തലങ്ങളിലേക്ക് കടന്ന് ചെന്ന് ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ ശക്തിയുള്ള ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ ആഗോള പ്രവാസി സമൂഹത്തില്‍ തന്നെ ‘യുക്മ’ ചര്‍ച്ച ചെയ്യപ്പെടുന്നു. യുകെയില്‍ അങ്ങോളമിങ്ങോളം 12000 ല്‍ പരം കുടുംബങ്ങള്‍ വിവിധ അംഗ അസോസിയേഷനുകളിലൂടെ യുക്മയുടെ സജീവ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം മറ്റൊരു 8000 ത്തോളം കുടുംബങ്ങള്‍ യുക്മയുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ സഹകാരികളും ഗുണഭോക്താക്കളുമാകുന്നു. ഇതിനകം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞിട്ടുള്ള ‘യുക്മ നേഴ്‌സ് ഫോറം’, യുകെ മലയാളികളുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ പരിഛേദം എന്ന് വിശേഷിപ്പിക്കാവുന്ന ‘യുക്മ സാംസ്‌കാരിക വേദി’ നേപ്പാള്‍ ചാരിറ്റി പോലുള്ള വന്‍ ദൌത്യങ്ങള്‍ ഏറ്റെടുത്തു സംഘടനാശേഷി തെളിയിച്ച ‘യുക്മ ചാരിറ്റി ഫൌണ്ടേഷന്‍’ തുടങ്ങി നിരവധി മേഖലകള്‍ യുക്മയുടെ പ്രൗഡി വിളിച്ചോതുന്നു.

യുവജനങ്ങള്‍ക്കായുള്ള ‘യുക്മയൂത്ത്’ പ്രോജക്ട്, ബിസിനസ് സംരഭകര്‍ക്കായുള്ള ‘യുക്മ ബിസിനസ് ഫോറം’, ‘യുക്മ ന്യൂസ്’ ഓണ്‍ ലൈന്‍ ദിനപത്രം, ‘യുക്മ സ്റ്റാര്‍ സിംഗര്‍’ സംഗീത പരിപാടി, ‘ജ്വാല ഇമാഗസിന്‍’, റീജിയണല്‍ തലത്തിലും ദേശീയ തലത്തിലും നടക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളും കായികമേളകളും കലാമേളകളും എന്നിങ്ങനെ എടുത്തുപറയാന്‍ ഇനിയും നിരവധി പ്രവര്‍ത്തന വേദികള്‍ യുക്മയ്ക്ക് സ്വന്തം.

ഇതില്‍ യുക്മ കലാമേളകളുടെ പ്രാധാന്യം വളരെ മുന്നിലാണ്. ഏറ്റവും കൂടുതല്‍ യുകെ മലയാളികള്‍ പങ്കെടുക്കുന്ന ദേശീയ ഉത്സവമായി കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍കൊണ്ട് യുക്മ കലാമേളകള്‍ മാറിക്കഴിഞ്ഞു. യുകെ മലയാളി സമൂഹത്തിന്റെ കലാബോധത്തിന്റെ ആത്മസ്പന്ദനങ്ങളാണ് യുക്മ കലാമേളകള്‍ എന്ന് നിസംശയം പറയാം.യുകെയുടെ വിവിധ ഭാഗങ്ങളെ കേന്ദ്രീകരിച്ച് ഒന്‍പത് മേഖലകളിലായി നടക്കുന്ന റീജിയണല്‍ കലാമേളകളാണ് ഇതിന്റെ ഒന്നാംഘട്ടം. അംഗ അസോസിയേഷനുകളില്‍ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ വിജയിക്കുന്ന മത്സരാര്‍ത്ഥികളാണ് റീജിയണല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഒന്‍പത് റീജിയണുകളിലുമായി 5,000ല്‍ പരം ആളുകള്‍ പങ്കെടുക്കുന്ന ഈ മേളകള്‍ യുക്മ ദേശീയ കലാമേളയെന്ന മഹാമാമാങ്കത്തിന്റെ കേളികൊട്ടുകള്‍ തന്നെയാണ്.

ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലോത്സവമാണ് യുക്മ ദേശീയ കലാമേള. 3000ല്‍ അധികം ആളുകളാണ് ഈ മഹാമേളക്കെത്തുന്നത്. നാല് വേദികളിലായി പ്രഭാതം മുതല്‍ പ്രദോഷം വരെ നടക്കുന്ന കടുത്ത മത്സരങ്ങള്‍ കേരളത്തിലെ സംസ്ഥാനതല സ്‌കൂള്‍കോളേജ് കലോത്സവങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിക്കുന്നവയാണ്.

2010 ല്‍ ബ്രിസ്‌റ്റോളില്‍ നടന്ന ആദ്യ ദേശീയ കലോത്സവത്തില്‍ തുടങ്ങി, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സൗത്തെന്റ് ഓണ്‍സി, സ്‌റ്റോക്ക് ഓണ്‍ ട്രന്റ്, ലിവര്‍പൂള്‍, ലെസ്റ്റര്‍ നഗരങ്ങള്‍ കീഴടക്കി 2015ല്‍ ഹണ്ടിംഗ്ടണില്‍ എത്തി നില്‍ക്കുമ്പോള്‍ വലിയൊരു ജൈത്രയാത്രയുടെ ആവേശകരമായ വിജയഗാഥ രചിക്കുകയായിരുന്നു യുക്മ.പ്രാദേശിക ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഓരോ യുക്മ ദേശീയ കലാമേളകളും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. അതുപോലെതന്നെ യുകെയിലെ മുഴുവന്‍ മലയാളം ഓണ്‍ലൈന്‍ ദിനപത്രങ്ങളും യുക്മ ദേശീയ കലാമേള നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ മലയാളം ദിനപത്രങ്ങളുടെ ‘പ്രവാസി’ വിഭാഗം വലിയ തലക്കെട്ടുകള്‍ യുക്മ ദേശീയ കലാമേളകള്‍ക്ക് വേണ്ടി മാറ്റിവക്കാറുണ്ട് എന്നതും അഭിമാനകരമാണ്.

ബഹുജനങ്ങളില്‍ നിന്നും ലഭിച്ച സൃഷ്ടികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മനോഹരമായ ലോഗോ കലാമേളക്കായി പ്രകാശനം ചെയ്യപ്പെട്ടുകഴിഞ്ഞു. ഈ വര്‍ഷത്തെ പ്രത്യേകത എന്ന നിലയില്‍ പുറത്തിറങ്ങിയ ‘ലോഗോഗ്രാഫിക് ആനിമേഷന്‍’ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയി പടരുകയാണ്.തെന്നിന്ത്യന്‍ സംഗീതജ്ഞന്‍ യശഃശരീരനായ ശ്രീ.എം.എസ്. വിശ്വനാഥനെ ആദരിച്ചുകൊണ്ട് കലാമേള നടക്കുന്ന ഹണ്ടിംടണിലെ സെന്റ് ഐവോ സെക്കന്‍ഡറി സ്‌കൂളിന് എം.എസ്.വി. നഗര്‍ എന്ന് നാമകരണം ചെയ്യപ്പെട്ടതും ശ്രദ്ധേയമാണ്. (അഡ്രസ്: MSV Nagar, St.Ivo Secondary school, High Leys, Saint Ives, Huntingdonshire – PE27 6RR). എം.എസ്.വി. നഗര്‍ എന്ന നാമകരണത്തെ അഭിനന്ദിച്ച് കൊണ്ടും യുക്മ ദേശീയ കലാമേളക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടും പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ.ജി.വേണുഗോപാല്‍ അയച്ചുതന്ന വീഡിയോ വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പേ പുറത്തിറക്കിയ കലാമേള ഇമാനുവല്‍, കലാമേളയിലേക്ക് സ്വാഗതംചെയ്യുന്ന വിവിധ പ്രമോവീഡിയോകള്‍, ദേശീയ കലാമേളയുടെ മുന്നൊരുക്കമായി, മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ അംഗഅസോസിയേഷനുകള്‍ പങ്കെടുത്ത റീജിയണല്‍ കലാമേളകള്‍ എന്നിങ്ങനെ ഈ വര്‍ഷത്തെ കലാമേളക്ക് നിരവധി സവിശേഷതകള്‍ എടുത്തു പറയാനുണ്ട്. നൂപുര ധ്വനികള്‍ക്ക് കാതോര്‍ത്ത് നവംബര്‍ 21 ശനിയാഴ്ച നേരം പുലരാന്‍ യുക്മ നേതൃത്വവും 600 ലേറെ മത്സരാര്‍ഥികളും മൂവായിരത്തോളം പ്രവാസി മലയാളികളും കാത്തിരിക്കുന്നു.

പ്രശസ്ത നര്‍ത്തകനും അഭിനേതാവുമായ ശ്രീ.വിനീത് ആണ് ഈ വര്‍ഷത്തെ കലാമേളയോടനുബന്ധിച്ചു വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യാതിഥി ആയി പങ്കെടുക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാപ്രതിഭ ആയി സിനിമാ രംഗത്തേക്ക് കടന്നുവന്ന ശ്രീ.വിനീതിന്റെ സാന്നിധ്യം മത്സരാര്‍ഥികള്‍ക്ക് എന്നപോലെതന്നെ കലാമേള നഗറിലേക്ക് കടന്നുവരുന്ന ഓരോരുത്തര്‍ക്കും ആവേശവും പ്രചോദനവും ആകുമെന്നതിന് സംശയമില്ല.

ഒരു ജനതയുടെ സാംസ്‌കാരിക ഉത്കര്‍ഷത്തിന്റെ പ്രതിഫലനമായി യുക്മ ദേശീയ കലാമേളകള്‍ കൂടുതല്‍ ജനകീയമാകുകയും കരുത്താര്‍ജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പിറന്ന നാടിന്റെ ആത്മസ്പന്ദനങ്ങള്‍ നെഞ്ചിലേറ്റി, അത് വരും തലമുറക്ക് പകരാനുള്ള ഈ യജ്ഞം നാള്‍ക്കു നാള്‍ കൂടുതല്‍ സാര്‍ത്ഥകമാകുന്നു എന്ന തിരിച്ചറിവ് ഏറെ അഭിമാനകരവും ചാരിതാര്‍ത്ഥ്യജനകവും തന്നെ.നവംബര്‍ 21 ശനിയാഴ്ച കേംബ്രിഡ്ജിനടുത്തുള്ള പുരാതന ബ്രിട്ടീഷ് നഗരമായ ഹണ്ടിംഗ്ടണിലെ സെന്റ് ഐവോ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9 മണിക്ക് ആരംഭിച്ച് രാത്രി 9 മണിക്ക് സമാപിക്കുന്ന രീതിയില്‍ വിഭാവനം ചെയ്തിരിക്കുന്ന യുക്മ ആറാമത് ദേശീയ കലാമേള 2015 ലേക്ക് ഏവരേയും സാദരം സസന്തോഷം സ്വാഗതം ചെയ്യുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.