1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2017

ജയകുമാര്‍ നായര്‍ (ദേശീയ കായികമേള കോഓര്‍ഡിനേറ്റര്‍): ‘യുക്മ ദേശീയ കായികമേള 2017’ ബര്‍മിംഗ്ഹാം സര്‍ട്ടന്‍ കോള്‍ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്ററില്‍ അരങ്ങേറും. ജൂണ്‍ 24 ശനിയാഴ്ച നടക്കുന്ന മേള കുറ്റമറ്റതാക്കുവാന്‍ വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യുക്മ ദേശീയ കമ്മിറ്റി അറിയിച്ചു. ഇത് തുടര്‍ച്ചയായ ആറാം തവണയാണ് വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ യുക്മ ദേശീയ കായികമേളക്ക് അരങ്ങൊരുക്കുന്നത്.

യുക്മ മിഡ് ലാന്‍ഡസ് റീജിയനും മിഡ്‌ലാന്‍ഡ്‌സ്‌ലെ പ്രബല അസ്സോസിയേഷനായ ഇ എം എ ഏര്‍ഡിങ് ടണും ചേര്‍ന്നാണ് ഇത്തവണത്തെ മേള ഏറ്റെടുത്തു നടത്തുന്നത്. മേളയുടെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ട അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് ആതിഥേയര്‍. യുക്മ റീജണല്‍ കായികമേളകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന കായിക താരങ്ങള്‍ക്കാണ് ദേശീയ മേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. മിഡ് ലാന്‍ഡസ് ,ഈസ്റ്റ് ആംഗ്ലിയ ,യോക് ഷെയര്‍ ,സൗത്ത് ഈസ്റ്റ് റീജിയണുകളിലെ കായികമേളകള്‍ വിജയ പ്രദമായി അവസാനിച്ചപ്പോള്‍ തന്നെ ദേശീയ കായികമേളയിലെ മത്സരങ്ങള്‍ വാശിയേറിയതാകും എന്നുറപ്പായിക്കഴിഞ്ഞു. സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് , വെയില്‍സ് റീജിയണുകളിലെ മേളകള്‍കൂടി അവസാനിക്കുന്നതോടെ പൂര്‍ണമായ ചിത്രം തെളിയും.

രാവിലെ പത്തു മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. വടംവലി ഒഴികെയുള്ള എല്ലാ ഇനങ്ങള്‍ക്കും മുന്ന് പൗണ്ട് ആണ് രജിസ്‌ട്രേഷന്‍ ഫീസ്. വടംവലി മത്സരത്തിന് ടീം ഒന്നിന് ഇരുപത്തഞ്ചു പൗണ്ട് ആയിരിക്കും രജിസ്‌ട്രേഷന്‍ ഫീസ്ആയി നല്‍കേണ്ടത്. അന്‍പതു വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്കായി ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ മത്സര ഗ്രൂപ്പ് കായികമേളയുടെ ആവേശം പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുമെന്നാണ് ഇതുവരെ പൂര്‍ത്തിയായ റീജിയണല്‍ മല്‍സരങ്ങള്‍ക്കുശേഷം ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.

പതിനൊന്നു മണിക്ക് മാര്‍ച്ചു പാസ്റ്റോടെ മത്സരങ്ങള്‍ ആരംഭിക്കും.ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെഡലും പ്രശംസാപത്രവും നള്‍കുന്നതാണ്. വടംവലി മത്സരത്തിലെ വിജയികള്‍ക്ക് സമ്മാന തുകയും ഉണ്ടായിരിക്കുന്നതാണ്. സമ്മാന തുക പിന്നീട് അറിയിക്കും. ഓരോ വിഭാഗത്തിലും കൂടുതല്‍ വിജയങ്ങള്‍ നേടുന്നവര്‍ക്ക് ചാമ്പ്യന്‍ഷിപ്പും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന അസോസിയേഷനും റീജയണും എവര്‍റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ കായികമേള കോഓര്‍ഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ് (07403223066). വേദിയുടെ വിലാസം:

Wyndley Leisure Cetnre, Sutton Coldfield, Birmingham B73 6 EB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.