1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2018

സജീഷ് ടോം (സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ് ഫിനാലക്ക് ഇനി നാലുനാളുകള്‍ കൂടി മാത്രം. മെയ് 26 ശനിയാഴ്ച ലെസ്റ്റര്‍ അഥീന തീയറ്ററില്‍ വച്ച് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. 2017 അവസാനം യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയ ഒഡിഷന്‍ വേദികളില്‍നിന്നാരംഭിച്ച ഈ സംഗീത യാത്ര ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തുമ്പോള്‍, യൂറോപ് മലയാളികളുടെ സംഗീത സംസ്‌ക്കാരത്തില്‍ പുത്തനൊരേട് കൂടി എഴുതിചേര്‍ക്കപ്പെടുകയാണ്.

ഒഡിഷന്‍ മുതല്‍ സെമിഫൈനല്‍സ് വരെ എട്ട് റൗണ്ടുകളിലായി മുപ്പത്തിയഞ്ചോളം പ്രതിഭകളുടെ മാറ്റുരക്കലിന് ശേഷമാണ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് അഞ്ച് ഗായകര്‍ക്ക് നടതുറന്ന് ലഭിച്ചത്. ആദ്യന്തം ആകാംഷാഭരിതവും ആവേശോജ്വലവുമായ എട്ടുമാസങ്ങള്‍ നീണ്ട മത്സരങ്ങള്‍ക്കൊടുവില്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്കെത്തിയവരെ ഇവിടെ പരിചയപ്പെടുത്തുകയാണ്. മെയ് 26 ശനിയാഴ്ച ലെസ്റ്റര്‍ അഥീനയില്‍ നിങ്ങള്‍ എത്തുമ്പോള്‍ ഈ മുഖങ്ങള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും പരിചിതങ്ങളായി കഴിഞ്ഞിരിക്കും.

യുക്മ സ്റ്റാര്‍സിംഗര്‍ ഗ്രാന്‍ഡ്ഫിനാലെകളില്‍ സ്ഥിരമായി സാന്നിധ്യം അറിയിക്കുന്ന പുകള്‍പെറ്റ നോര്‍ത്താംപ്ടണില്‍നിന്നും ഇത്തവണയും പതിവുതെറ്റിക്കാതെ ഒരു മത്സരാര്‍ത്ഥി ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയിട്ടുണ്ട് വിവിധ റൗണ്ടുകളില്‍ തന്റേതായ മുദ്രപതിപ്പിച്ചുകൊണ്ട് കടന്നുവന്നിരിക്കുന്ന ആനന്ദ് ജോണ്‍. ഇക്കുറി സ്റ്റാര്‍സിംഗര്‍ പട്ടം തങ്ങളുടെ നാട്ടിലേക്കാണോ എന്നറിയാന്‍ ലെസ്റ്ററിലെത്തുന്ന നൂറുകണക്കിന് നോര്‍ത്താംപ്ടന്‍കാരുടെ സാന്നിധ്യം ഗ്രാന്‍ഡ്ഫിനാലെയില്‍ ആനന്ദിന് മുതല്‍കൂട്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് യു കെ മലയാളി സംഗീതലോകം.

യുക്മ ദേശീയ കലാമേളകളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്ഥിരം ജേതാവായി വെന്നിക്കൊടി പാറിക്കുന്ന ഷെഫീല്‍ഡില്‍ നിന്നുള്ള ഹരികുമാര്‍ വാസുദേവന്‍ ആണ് അടുത്ത മത്സരാര്‍ത്ഥി. ലളിത സംഗീതവും ശാസ്ത്രീയ സംഗീതവും തനിക്ക് അസ്സലായി വഴങ്ങും എന്ന് തെളിയിച്ചുകഴിഞ്ഞ ഹരി സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ്ഫിനാലെയിലേക്ക് കരുതിവച്ചിരിക്കുന്ന അസ്ത്രങ്ങള്‍ ഏതൊക്കെയാണെന്നറിയാന്‍ ഇനി നാലുനാളുകള്‍ കൂടി കാത്തിരുന്നാല്‍ മതിയാവും.

യു കെ മലയാളികളുടെ മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്ന യുക്മ സ്റ്റാര്‍സിംഗറിനെ യൂറോപ് മലയാളികളുടെ സ്വന്തമാക്കി മാറ്റിയ ‘സ്റ്റാര്‍സിംഗര്‍ 3’ യില്‍ ഡബ്ലിനില്‍നിന്നും കടല്‍കടന്നെത്തിയ അനുഗ്രഹീത ഗായിക ജാസ്മിന്‍ പ്രമോദ് ആണ് മറ്റൊരു മത്സരാര്‍ത്ഥി. ഇത്തവണത്തെ ഗ്രാന്‍ഡ്ഫിനാലെ വേദിയിലെ ഒരേ ഒരു സ്ത്രീ സാന്നിദ്ധ്യം കൂടിയാണ് ജാസ്മിന്‍.

ഒഡിഷന്‍ മുതല്‍ വ്യത്യസ്തമായ ഗാനങ്ങള്‍ തെരഞ്ഞെടുത്തു ആത്മവിശ്വാസത്തോടെ ഓരോ കടമ്പകളും വിജയകരമായി കടന്നെത്തിയ ഗായകനാണ് സാന്‍ ജോര്‍ജ് തോമസ്. ഹള്ളില്‍നിന്നും കൂട്ടുകാരുടെ വലിയൊരു സംഘവുമായാണ് സാന്‍ ഗ്രാന്‍ഡ്ഫിനാലെക്കെത്തുന്നത്. മത്സരത്തിലുടനീളം കാത്തുസൂക്ഷിച്ച കൃത്യമായ പ്ലാനിംഗ് ഗ്രാന്‍ഡ്ഫിനാലെയിലും സാനിന് ആവര്‍ത്തിക്കാന്‍ കഴിയുമോ എന്നറിയാന്‍ ഇനി ഏറെ കാത്തിരിപ്പ് വേണ്ട.

സ്റ്റാര്‍സിംഗര്‍ 3 യിലെ വിവിധ റൗണ്ടുകളിലെ പ്രകടനംകൊണ്ട് തികഞ്ഞ ഒരു ഭാവഗായകന്‍ എന്ന് പേരെടുത്ത ഫൈനലിസ്റ്റ് ആണ് വിനു ജോസഫ്. തനിക്ക് ഇണങ്ങുന്ന ഗാനങ്ങള്‍ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്തുള്ള വിനുവിന്റെ പടയോട്ടം ഗ്രാന്‍ഡ്ഫിനാലെയില്‍ എത്തിയിരിക്കുകയാണ്. യു കെ യിലെ മറ്റുപല ട്രോഫികളും പോരാടി നേടിയിട്ടുള്ള വൂസ്റ്ററിന്റെ മണ്ണിലേക്ക് സ്റ്റാര്‍സിംഗര്‍ ട്രോഫിയും എത്തുമെന്ന പ്രതീക്ഷയിലാവും വിനുവിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് വൂസ്റ്ററില്‍ നിന്നുള്ള നിരവധി സംഗീതപ്രേമികള്‍ ലെസ്റ്ററിലെത്തുക.

ലോ ആന്‍ഡ് ലോയേഴ്‌സ് സോളിസിറ്റര്‍സ് നല്‍കുന്ന 1000 പൗണ്ട് ക്യാഷ് പ്രൈസും യുക്മ സമ്മാനിക്കുന്ന ട്രോഫിയും പ്രശംസാപത്രവുമാണ് സ്റ്റാര്‍സിംഗര്‍ വിജയിയെ കാത്തിരിക്കുന്നത്. ട്രോഫിക്കും പ്രശംസാ പത്രത്തിനുമൊപ്പം രണ്ടാം സമ്മാനജേതാവിന് മുത്തൂറ്റ് ഗ്ലോബല്‍ യുകെ നല്‍കുന്ന 750 പൗണ്ടും മൂന്നാം സമ്മാനജേതാവിന് അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസസ് നല്‍കുന്ന 500 പൗണ്ടും സമ്മാനമായി ലഭിക്കുന്നതാണ്.

ഗ്രാന്‍ഡ്ഫിനാലെക്ക് മാറ്റുകൂട്ടാന്‍ ‘വേണുഗീതം’ മെഗാഷോ

പ്രശസ്ത മലയാള സിനിമ പിന്നണി ഗായകന്‍ ശ്രീ ജി വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ ‘വേണുഗീത’വും സ്റ്റാര്‍സിംഗര്‍ ഗ്രാന്‍ഡ്ഫിനാലെക്ക് മാറ്റുകൂട്ടുവാനായ് യുക്മ ഒരുക്കിയിട്ടുണ്ട്. വേണുഗോപാലിനെ കൂടാതെ മൃദുല വാര്യര്‍ , വൈഷ്ണവ് ഗിരീഷ് , വാണി ജയറാം, ഫാദര്‍ വില്‍സണ്‍ മേച്ചേരില്‍ എന്നീ ഗായകരും, മജീഷ്യന്‍ രാജമൂര്‍ത്തി, ചിരിയുടെ ബാദുഷ സാബു തിരുവല്ല തുടങ്ങിയവരും അടങ്ങിയ വലിയൊരു താരനിരയും ഈ മെഗാ ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി, ആദ്യ സെഷന്‍ സ്റ്റാര്‍സിംഗര്‍ ഗ്രാന്റ് ഫിനാലെക്ക് മാത്രമായി മാറ്റിവച്ചിരിക്കുന്നു എന്നത് ഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട സവിഷേതയാണ്. നാലുമണിമുതല്‍ ആറുമണിവരെയാണ് ഗ്രാന്റ് ഫിനാലെ അരങ്ങേറുന്നത്. തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നു മണിക്കൂര്‍ ‘വേണുഗീതം’ മെഗാഷോ നടക്കുന്നതാണ്. മെയ് 26 ശനിയാഴ്ച ലെസ്റ്റര്‍ അഥീന തീയറ്ററില്‍വച്ചു നടക്കുന്ന പരിപാടിയുടെ വിജയത്തിനായി ഏവരുടെയും നിസീമമായ പങ്കാളിത്തം യുക്മ അഭ്യര്‍ത്ഥിക്കുകയാണ്.

‘ഗ്രാന്‍ഡ്ഫിനാലെ വേണുഗീതം’ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. സംഗീത പ്രേമികളില്‍നിന്നും വളരെ നല്ല പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇനിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാത്തവര്‍ എത്രയും വേഗം യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് (07885467034 ), ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് (07883068181 ), ട്രഷറര്‍ അലക്‌സ് വര്‍ഗീസ് (07985641921), സുരേഷ്‌കുമാര്‍ നോര്‍ത്താംപ്ടണ്‍ (07903986970), ഡിക്‌സ് ജോര്‍ജ് നോട്ടിങ്ഹാം (07403312250) എന്നിവരെയോ, വിവിധ റീജിയണല്‍ ഭാരവാഹികളെയോ, യുക്മ പോഷക സംഘടനാ ഭാരവാഹികളെയോ, യുക്മയില്‍ അംഗങ്ങളായ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ ഭാരവാഹികളെയോ ബന്ധപ്പെടേണ്ടതാണ്. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളോടുകൂടിയ, യു കെ യിലെ തന്നെ ഏറ്റവും പ്രൗഢഗംഭീരമായ തീയറ്ററുകളില്‍ ഒന്നായ ലെസ്റ്റര്‍ അഥീന മെയ് 26 ശനിയാഴ്ചത്തേക്കായി ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച ടിക്കറ്റുകള്‍ക്ക് കൗണ്ടര്‍ വില്‍പ്പനയും ഉണ്ടായിരിക്കുന്നതാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.