1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2011


അടിയന്തരാവസ്ഥയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥി രാജന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്നു. ചിത്രത്തിന്റെ പേര് ‘സഹപാഠി 1975’. രാജനൊപ്പം കോഴിക്കോട് റീജ്യണല്‍ എന്‍ജിനീയറിങ് കോളേജില്‍ പഠിച്ച രാജാറാം തിരക്കഥ രചിച്ച സിനിമ കേരളീയസമൂഹത്തില്‍ രാജനെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്നാണ് സംവിധായകന്‍ ജോണ്‍ ടിറ്റോയുടെ പ്രതീക്ഷ.

എന്‍ജിനീയറിങ് കോളേജിലെ ഏവര്‍ക്കും പ്രിയങ്കരനായ ഗായകനായിരുന്നു രാജന്‍ വാര്യര്‍ എന്ന യുവാവ്. മാര്‍ക്‌സിസ്റ്റ് നേതാവായിരുന്ന സഹപാഠി മുരളി കണ്ണമ്പുഴയായിരുന്നു രാജന്റെ ഏറ്റവുമടുത്ത സുഹൃത്ത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ മുരളി നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. കായണ്ണ പോലീസ് സ്റ്റേഷനില്‍ നടന്ന നക്‌സലൈറ്റ് ആക്രമണത്തില്‍ മുരളി പ്രതിയായി. മുരളിയെത്തേടി കാമ്പസിലെത്തിയ നരിക്കോടന്‍ നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാജനെ കസ്റ്റഡിയിലെടുക്കുന്നു. പിന്നീട് രാജനെ പുറംലോകത്താരും കണ്ടിട്ടില്ല. പോലീസില്‍നിന്ന് വിരമിച്ചശേഷം നരിക്കോടന്‍ സംന്യാസിയായിമാറി. നക്‌സല്‍വര്‍ഗീസ് വധക്കേസിന്റെ സത്യം പുറത്തുവന്നതോടെ രാജന് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്ന് നരിക്കോടന്‍ കോടതിയില്‍ വെളിപ്പെടുത്തുന്നു. ഇതാണ് ‘സഹപാഠി 1975’ പറയുന്ന കഥ.

”രാജന് എന്തുസംഭവിച്ചുവെന്നറിയുന്ന ചിലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സിനിമയുടെ തിരക്കഥ രൂപപ്പെടുത്തുന്നതിനായി നടത്തിയ യാത്രകള്‍ക്കിടയില്‍ അവരില്‍ പലരെയും ഞാന്‍ നേരിട്ടുകണ്ടു സംസാരിച്ചു. ഇത്രകാലം ആരൊക്കെയോ സൗകര്യപൂര്‍വം മറച്ചുവെച്ച ചില യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സിനിമ നിമിത്തമാകുമെന്നാണ് കരുതുന്നത്”- ടിറ്റോ പറയുന്നു.

യുവനടന്‍ വിനീത്കുമാറാണ് രാജന്‍ വാര്യരുടെ വേഷത്തിലെത്തുന്നത്. മനോജ് കെ. ജയന്‍ നരിക്കോടന്‍ നാരായണനാകുന്നു. വിജയരാഘവന്‍, സായ്കുമാര്‍, അനിരുദ്ധ്, കൊല്ലം തുളസി, സുബൈര്‍, മീര വാസുദേവ്, അംബിക മോഹന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ക്യാമറ: നമ്പ്യാതിരി. എഡിറ്റിങ്: കെ. രാജഗോപാല്‍. സംഘട്ടനം മാഫിയ ശശി. ഹേമവിഷന്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രം ജയലക്ഷ്മി മൂവീസ് ഈ മാസം തിയേറ്ററുകളിലെത്തിക്കും.

രാജന്റെ പിതാവ്‌ ഈച്ചരവാര്യരുടെ മകനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഷാജി എന്‍.കരുണിന്റെ ‘പിറവി’ എന്ന സിനിമ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.