1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2018

ബിന്‍സു ജോണ്‍ (ലണ്ടന്): ബ്രിട്ടനിലെ പ്രശസ്തമായ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ കീ നോട്ട് സ്പീക്കറായി (Keynote speaker) സംസാരിക്കാന്‍ ക്ഷണം ലഭിച്ച് മലയാളിയായ യുവ ബിസിനസ് സംരംഭകന്‍. ബ്രിട്ടനിലെ ഏറ്റവും മികച്ച പത്ത് യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ലങ്കാസ്റ്റര്‍ യൂനിവേഴ്‌സിറ്റിയില്‍ ഇന്ന് നടക്കുന്ന സെമിനാറിലാണ് യുകെയിലെ പ്രമുഖ മലയാളി ബിസിനസുകാരനും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ സര്‍വ്വകലാശാല അധികൃതര്‍ ക്ഷണിച്ചിരിക്കുന്നത്. ടൈംസ് മാഗസിന്‍ ഈ വര്‍ഷം ‘യൂണിവേഴ്‌സിറ്റി ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുത്തിരിക്കുന്ന ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക രംഗത്ത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ പ്രസക്തി എന്ന വിഷയത്തിലാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ സംസാരിക്കുന്നത്.

അതിവേഗം വളര്‍ച്ച കൈവരിച്ച് കൊണ്ടിരിക്കുന്ന ടെക്‌നോളജി രംഗത്ത് ഉണ്ടായ വിപ്ലവകരമായ കണ്ടുപിടുത്തമായ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഇന്ന് ലോകമാസകലം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വിവിധ ലോകരാജ്യങ്ങള്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയെ എങ്ങനെ വിവിധ മേഖലകളില്‍ ഉപയോഗിക്കാം എന്ന കാര്യത്തില്‍ പഠനം നടത്തുന്നതിനായി കോടിക്കണക്കിന് പണമാണ് നീക്കി വച്ചിരിക്കുന്നത്. ഈ രംഗത്ത് വളരെയധികം പഠനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തി എന്ന നിലയിലും ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ബിസിനസ് സംരംഭത്തിന്റെ സിഇഒ എന്ന നിലയിലും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നേടിയെടുത്ത ഒരംഗീകാരമാണ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി അധികൃതരില്‍ നിന്ന് ലഭിച്ചിരിക്കുന്ന ഈ ക്ഷണം.

നവംബറില്‍ ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റില്‍ നടന്ന പാനല്‍ ഡിസ്‌കഷനില്‍ പങ്കെടുത്ത് ആയിരുന്നു ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്‌റ്റോ കറന്‍സിയില്‍ ഇന്റര്‍നാഷണല്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് കൂടിയായ സുഭാഷ് ജോര്‍ജ്ജ് ഇതിന് മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും ബിസിനസ് പ്രമുഖരും സാമ്പത്തിക വിദഗ്ദരും പങ്കെടുത്ത ഈ പ്രോഗ്രാമില്‍ പാനല്‍ ഡിസ്‌കഷനില്‍ പങ്കെടുത്ത് സംസാരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അന്ന് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ കീനോട്ട് സ്പീക്കറായി ക്ഷണം ലഭിക്കുന്ന ആദ്യത്തെ മലയാളി ആണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ എന്നത് യുകെയിലെ മുഴുവന്‍ മലയാളി സമൂഹത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്. ബ്രിട്ടനിലെ പുതിയ തലമുറ മലയാളി കുടിയേറ്റക്കാരില്‍ ഇത്രയും ശ്രദ്ധേയമായ നേട്ടം കൈവരിച്ച വ്യക്തികള്‍ വിരലിലെണ്ണാന്‍ പോലുമില്ല എന്നുള്ളിടത്ത് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് ലഭിച്ച ഈ അവസരം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം കൂടിയാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.