1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2018

Appachan Kannanchira (ലണ്ടന്‍): ന്യുഹാം ജനറല്‍ ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാന്‍സീസിന്റെ അന്ത്യോപചാര ശുശ്രുഷയും, പൊതുദര്‍ശ്ശനവും വ്യാഴാഴ്ച നടത്തപ്പെടും. ഒക്ടോബര്‍ 4 നു വ്യാഴാഴ്ച 12:00 മണിക്ക് ഫോറസ്‌ററ് ഗേറ്റില്‍ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. തോമസ് പാറയടിയില്‍, ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാംകുളം, വെസ്റ്റ് മിന്‍സ്റ്റര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയ വൈദികര്‍ സമൂഹബലിയില്‍ പങ്കു ചേരും.

ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ പാരീഷ് അംഗമായിരുന്ന ബീനയുടെ ഭര്‍ത്താവ് മലയാറ്റൂര്‍ സ്വദേശി ഫ്രാന്‍സീസ് പാലാട്ടിയാണ്. റോണ്‍, ഫെബ, നിക്ക് എന്നിവര്‍ മക്കളാണ്. ബാംഗ്ലൂര്‍ ഫാദര്‍ മുള്ളേഴ്‌സില്‍ നിന്നും നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ബീന (51) പതിന്നാലു വര്‍ഷത്തോളം ദോഹയില്‍ ജോലി ചെയ്ത ശേഷം 2005 ല്‍ ആണ് യു കെ യില്‍ എത്തിച്ചേരുന്നത്. ബീനാ ഫ്രാന്‍സീസ് ലണ്ടന്‍ ചെല്‍സി ആന്‍ഡ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം ചെയ്തുവരികയായിരുന്നു.

ലണ്ടനില്‍ നിന്ന് മൃതദേഹം വെള്ളിയാഴ്ച എമിറേറ്റ്‌സില്‍ നാട്ടിലേക്ക് അയക്കും. കുടുംബാംഗങ്ങളും, ബന്ധുക്കളും അനുധാവനം ചെയ്യുന്നതാണ്. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ നാട്ടില്‍ എത്തിച്ചേരുന്ന മൃതദേഹം ഏറ്റു വാങ്ങി വിലാപ യാത്രയായി ബീനയുടെ കുടുംബ വീട്ടിലേക്കു കൊണ്ടുപോകും.

കൂത്താട്ടുകുളം കോഴിപ്ലാക്കിത്തടത്തില്‍ കുടുംബ വീട്ടില്‍ ഒക്ടോബര്‍ 6 നു ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിച്ചു കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സിമിത്തേരിയില്‍ സംസ്‌കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

സഹോദരിയുടെ അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുവാനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും, യാത്രാമൊഴിയേകുവാനും, സന്തപ്ത കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുവാനുമായി ഈ അവസരം ഉപയോഗിക്കുവാന്‍ ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ ചാപ്ലിനും, പാരീഷ്‌ക്കമ്മിറ്റിയും ഏവരോടും സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു.

പള്ളിയുടെ വിലാസം.

St.Antony’s Church, Forest Gate E7 9QB, London.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.