1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2010

ലീഡര്‍ കെ കരുണാകരന്റെ ചിതയിലെ ചൂടമരും മുമ്പേ ശിഷ്യന്‍ സിനിമാ തീയേറ്ററിലെത്തി. രാഷ്ട്രീയത്തില്‍ തന്നെ വളര്‍ത്തിവലുതാക്കിയ കെ കരുണാകരന്‍ മരിച്ചിട്ട് ദിവസങ്ങള്‍ കഴിയും മുമ്പേ സകുടുംബം തീയേറ്ററിലെത്തിയത് കേന്ദ്രസഹമന്ത്രി കെ വി തോമസാണ്.

കെ പി എ സി സി പ്രഖ്യാപിച്ച ഒരാഴ്ചത്തെ ദു:ഖാചരണം പോലും വകവയ്ക്കാതെയാണ് കെ വി തോമസ് ദിലീപ് ചിത്രമായ മേരിക്കുണ്ടൊരു കുഞ്ഞാട് കാണാനെത്തിയത്. സുരക്ഷാഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കൊച്ചിയിലെ പത്മാ തീയേറ്ററില്‍ ഞായറാഴ്ച സെക്കന്‍ഡ് ഷോയ്ക്കാണ് മന്ത്രിയെത്തിയത്. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തിയതിനാല്‍ മന്ത്രിക്ക് സിനിമ മുഴുവനാക്കാനായില്ല. പകുതിക്ക് പിന്‍‌വാതിലൂടെ ഇറങ്ങേണ്ടിവന്നു.

കരുണാകരന്റെ ഭൌതികശരീരം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ എത്താതിരുന്ന മന്ത്രി തോമസ്, പ്രധാനമന്ത്രിയെത്തിയപ്പോള്‍ സ്വീകരിക്കാന്‍ മുന്‍നിരയില്‍തന്നെയുണ്ടായത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.കോളേജ് അധ്യാപകനായിരുന്ന കെ വി തോമസിനെ ഒരു സാധാരണ രാഷ്ട്രീയപ്രവര്‍ത്തകനില്‍ നിന്ന് കോണ്‍ഗ്രസ്സിന്റെ മുന്‍നിരയിലെത്തിച്ചത് കെ കരുണാകരനാണ്. കെ കരുണാകരന്റെ ശിഷ്യന്‍ എന്ന പേരാണ് കെ വി തോമസിന് അധികാരകേന്ദ്രങ്ങളിലേക്കെത്താന്‍ തുടക്കത്തില്‍ സഹായകമായതും.

കെ വി തോമസ് സിനിമയ്ക്ക് പോകുകയാണ് ചെയ്തതെങ്കില്‍, കേരളത്തിലുണ്ടായിട്ടും കരുണാകരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോലും എത്താതിരുന്നാണ് കോണ്‍ഗ്രസ്സിന്റെ മറ്റൊരു കേന്ദ്രമന്ത്രി അദ്ദേഹത്തോട് അനാദരവ് കാട്ടിയത്. കേന്ദ്ര സ്പോര്‍ട്സ് മന്ത്രി എം സ് ഗില്ലാണ് സംസ്ഥാനത്തുണ്ടായിട്ടും കരുണാകരന്റെ ഭൌതികശരീരം പോലും കാണാനെത്താതിരുന്നത്.
കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളായ കരുണാകരന്‍ മരിച്ചുകിടക്കുമ്പോള്‍ ഗില്‍ തേക്കടി തടാകത്തില്‍ ഉല്ലാസയാത്ര നടത്തുകയായിരുന്നു.

പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ്സിന്റെ ദേശീയനേതാക്കള്‍ കരുണാകരന് ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയതൊന്നും ഗൌനിക്കാതെയാണ് ഗില്‍ ഉല്ലാസയാത്ര നടത്തിയത്.

കരുണാകരന്‍ അന്തരിച്ച ദിവസം തന്നെ ഗില്‍ സംസ്ഥാനത്തെത്തിയിരുന്നു. തൊടുപുഴയില്‍ ഭാരതോത്സവത്തിന്റെ ഉദ്ഘാടനത്തിനാണ് ഗില്‍ എത്തിയത്. എന്നാല്‍ കരുണാകരന്‍ മരിച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയതിനാല്‍ ഗില്‍ ഉല്ലാസയാത്രയ്ക്ക് പോകുകയായിരുന്നു. തേക്കടി തടാകത്തിലെ യാത്രയ്ക്ക് പുറമെ കുമളിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ മസാജിംഗ് നടത്താനും ഗില്‍ സമയം കണ്ടെത്തി. ഞായറാഴ്ച വരെ കേരളത്തിലുണ്ടായിരുന്ന ഗില്ലിന്, കരുണാകരന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ മാത്രം സമയം കിട്ടിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.