1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2016

ടോം ശങ്കൂരിക്കല്‍: 2015ലെ ജി എം എ ചാരിറ്റി ഫൗന്‍ഡേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സഹായം ലഭിക്കുന്നത് ആരോഗ്യ രംഗത്ത് ഏറെ പിന്നോക്കം നില്ക്കുന്ന വയനാട് ജില്ലാ ആശുപത്രിക്കാണു. അടിസ്ഥാന സൗകര്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്ന വയനാട് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് വേണ്ടി അഞ്ചു പോര്‍റ്റബിള്‍ ഓക്‌സിജെന്‍ സിലിന്‍ഡെര്‍ കിറ്റ് അതിനോട് അനുബന്ധമായിട്ടുള്ള വിവിധ തരം മെഡിസിന്‍ കിറ്റ് എന്നിവയും അതുപോലെ തന്നെ ആശുപത്രിയില്‍ വരുന്ന നിര്‍ധനരായിട്ടുള്ള രോഗികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടിയുള്ള പാത്രങ്ങളടക്കം ഒരു ലക്ഷം രൂപയുടെ സഹായമാണ് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികളിലൂടെ വയനാട് ജില്ലയിലേക്കെത്തുന്നത്. ജി എം എ യുടെ വിവിധ പരിപാടികള്‍ക്കിടയില്‍ റാഫിള്‍ ടിക്കെറ്റിലൂടെയും അംഗങ്ങള്‍ തന്നെ ഭക്ഷണം പാകം ചെയ്തു നടത്തുന്ന ചാരിറ്റി ഫുഡ് കൗണ്ടെറിലൂടെയെല്ലാമാണു അവര്‍ ഇതിനാവശ്യമായ തുക കണ്ടെത്തിയത്. വയനാട് സ്വദേശിയും ജി എം എ ആര്ട്‌സ് കോര്‍ടിനേറ്റരുമായ ശ്രീ. റോബി മേക്കരയിലൂടെയാണു ഈ സഹായം അവരിലേക്കെത്തിച്ചത്.
2010 ലാണ് എന്നും എക്കാലവും യു കെ യിലെ വിവിധ അസ്സോസ്സിയേഷനുകള്‍ മാതൃക ആക്കിയിട്ടുള്ള ജി എം എ ക്ക് ഒരു ചാരിറ്റി ഫൗണ്ടേഷന്‍ എന്ന ആശയം ഉടലെടുക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്ന കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികള്‍ക്കു വേണ്ടി തങ്ങളാലാവാവുന്ന സഹായം ഒരോ വര്‍ഷവും ചെയ്യാം എന്ന് തീരുമാനിച്ചതും. ഇതിന്‍ പ്രകാരം ഓരോ വര്‍ഷവും അവര്‍ ഓരോ ജില്ലയെ നറുക്കെടുത്തു തീരുമാനിക്കുകയും ആ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസരുടെ ഉപദേശ പ്രകാരം ഏതാണ്ട് ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഉപകരണങ്ങളാണ് ഓരോ വര്‍ഷവും അവര്‍ നല്‍കി വരുന്നത്. ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രുത്വം നല്കുന്നത് ജി എം എ ചാരിറ്റി കോര്ടിനെട്ടെര്‌സ് ആയ ശ്രീ. മാത്യു അമ്മായിക്കുന്നേല്‍, ശ്രീ. ലോറെന്‍സ് പെല്ലിശ്ശേരി എന്നിവരാണ്.
2010 ല്‍ ജി എം എ തുടങ്ങിയ ഈ സംരംഭത്തിലൂടെ ഇതുവരെ തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍, കോട്ടയം, വയനാട് ജില്ലാ ആശുപത്രികള്‍ക്കു വേണ്ടി ഒരു കൈത്താങ്ങ് നല്കാന്‍ കഴിഞ്ഞു എന്നുള്ളതു ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ക്ക് ഒന്നടങ്കം ചരിതാര്‍ത്യവും അതോടൊപ്പം അഭിമാനവും നല്‍കുന്നു. തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്കു വേണ്ടി കനത്ത ചൂടില്‍ ദാഹിച്ചു വലഞ്ഞു വരുന്ന രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാടര്‍ കൂളര്‍ പ്യൂരിഫയെര്‍ സിസ്റ്റെം ആണു നല്‍കിയത്. ഇടുക്കി, തൃശൂര്‍ ജില്ലാ ആശുപത്രികളിലേക്കായി ഓപറേഷന്‍ തീയറ്റരിലേക്കുള്ള യു പി എസ് സിസ്റ്റെം നല്‍കിയതു വഴി കേരളത്തിലെ എന്നത്തേയും തീരാശാപമായ പവര്‍ കട്ട് എന്ന ദുരവസ്തയിലൂടെ ശസ്ത്രക്രീയക്കിടയില്‍ പ്രവര്‍ത്തിപ്പിക്കേണ്ട വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ രോഗികള്‍ മരണമടയുന്ന നിരവധി സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു എന്നുള്ളതു അവിടത്തെ ഡോക്ടര്‍മാര്‍ കൃതജ്ഞതയോടെ സാക്ഷിപ്പെടുത്തുന്നു. കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് വേണ്ടി മുപ്പതു ബെഡ്ഡുകളും മുഴുവന്‍ വാര്‍ഡും ഡിസ് ഇന്‍ഫെക്റ്റ് ചെയ്യുവാനുമുള്ള അവസരം ഒരുക്കുന്നത് വഴി മൂട്ട ശല്യത്താലും വൃത്തിഹീനമായും ഉപയോഗശൂന്യമായി കിടന്നിരിന്ന ബെഡ്ഡുകളില്‍ അവശരായ രോഗികള്‍ക്ക് ഒന്ന് നേരെ കിടക്കുവാന്‍ പോലും കഴിയാതെ ഉള്ള സാഹചര്യം ഒഴിവാക്കി വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് തെല്ല് ആശ്വാസം നല്കുവാനും കഴിഞ്ഞു.
ഏതു അസുഖം വന്നാലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നമ്മുടെ സഹോദരങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും എന്നാല്‍ അധികം ആരുടെയും ശ്രദ്ധ പെടാതെ കിടക്കുന്നതുമായ ജില്ലാ ആശുപത്രികള്‍ക്കു നല്‍കുന്ന സഹായങ്ങള്‍ എന്നും വേറിട്ട പാതയില്‍ ചിന്തിച്ചിട്ടുള്ള ജി എം എ ക്ക് എല്ലാ കാലത്തും ചാരിതാര്‍ത്ഥ്യം നല്കുന്നതും ഇതര അസ്സോസ്സിയേഷനുകള്‍ക്കു ഒരു മാതൃകയും ആയിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.