1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2018

അലക്‌സ് വര്‍ഗീസ് (വാറിംഗ്ടണ്‍): നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാറിംഗ്ടണിലെ മലയാളികളെ കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ, പൈതൃകത്തോടെ ഒത്തൊരുമിപ്പിച്ച് മുന്നോട്ട് നയിക്കുവാനുള്ള ആഹ്വാനത്തോടെ, അന്നത്തെ കൊച്ചി മേയര്‍ ശ്രീ ടോണി ചമ്മിണി തിരി തെളിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ച വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ ഈ മാസം നാലു വര്‍ഷങ്ങള്‍ പുര്‍ത്തിയാക്കി. നോര്‍ത്ത് വെസ്റ്റിലെ മുന്‍നിര അസോസിയേഷനുകളിലൊന്നായി മാറിക്കഴിഞ്ഞ വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ വാഷികാഘോഷവും പൊതുയോഗവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഏപ്രില്‍ 15 ന് ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ വാറിംഗ്ടണ്‍ റെയ്‌ലാന്‍ഡ്‌സ് റിക്രിയേഷന്‍ ക്ലബില്‍ വച്ച് നടത്തപ്പെടുന്നതാണ്.

പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി പ്രമീള ജോജോ അദ്ധ്യക്ഷത വഹിക്കും. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ശ്രീ. ഷീജോ വര്‍ഗ്ഗീസ് ഉത്ഘാടനം നിര്‍വ്വഹിക്കുന്ന സമ്മേളനത്തില്‍ വാറിംഗ്ടണ്‍ എം.പി, വാറിംഗ്ടണ്‍ മേയര്‍ എന്നിവര്‍ ആശംസകള്‍ നല്‍കി സംസാരിക്കുന്നതാണ്.

പൊതുസമ്മേളനത്തിന് ശേഷമുള്ള കലാവിരുന്നില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ നൃത്തരൂപങ്ങള്‍, യുക്മ നാഷണല്‍ ഏഷ്യാനെറ്റ് യൂറോപ്പ് ഭരതനാട്യ തിലകം കുമാരി. സ്റ്റെഫി സ്രാമ്പിക്കല്‍ ഒരുക്കുന്ന ഭരതനാട്യം, ശ്രീ. റെക്‌സ് നയിക്കുന്ന ഗാനമേള , യുകെയിലെ അറിയപ്പെടുന്ന ഡാന്‍സ് ട്രൂപ്പ് ആയ ദേശി നാച്ച് അവതരിപ്പിക്കുന്ന ബോളിവുഡ് ഫ്യൂഷന്‍ ഡാന്‍സ് എന്നിവ ആഘോഷത്തിന് കൂടുതല്‍ മനോഹാരിത നല്‍കും.

പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികള്‍ സ്ഥാനമേറ്റ ശേഷം, രാത്രി 9 മണിയോടെ വിഭവ സമൃദ്ധമായ ഭക്ഷണത്തോട് കൂടി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുമെന്ന് ആഘോഷ കമ്മിറ്റിക്ക് വേണ്ടി കണ്‍വീനര്‍ ശ്രീ.എബി തോമസ് ചെയര്‍മാന്‍ ശ്രീ തോമസ് ചാക്കോ എന്നിവര്‍ അറിയിച്ചു.

ഡബ്ല്യൂ.എം.എ യുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ സെക്രട്ടറി ശ്രീ.സുരേഷ് നായര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.