1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2016

വോകിംഗ് കാരുണ്യയോടൊപ്പം യു കെ മലയാളികള്‍ നല്‍കിയ എണ്‍പതിനായിരം രൂപ അന്നമ്മയ്ക്ക് കൈമാറി
കാന്‍സര്‍ എന്ന മഹാരോഗം കണ്ണിരിലാഴ്ത്തിയ അന്നമ്മയെ സഹായിക്കുവാനായി വോകിംഗ് കാരുണ്യ സമാഹരിച്ച എണ്‍പതിനായിരം രൂപയുടെ ചെക്ക് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോര്‍ജ്ജ് അന്നമ്മയുടെ വീട്ടിലെത്തി കൈമാറി. തദവസരത്തില്‍ വോകിംഗ് കാരുണ്യയുടെ ഭാരവാഹി ബോബന്‍ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍മാരായ ജോസഫ് കാഞ്ഞിരത്തിങ്കല്‍,മൊയ്ദീന്‍ കുഞ്ഞു,നൈസി ജോസ് എന്നിവരും സന്നിഹിതരായിരുന്നു.കുറ്റ്യാടിയുടെ മലയോരപ്രദേശമായ കുണ്ടുതോട്ടില്‍ താമസിക്കുന്ന കാഞ്ഞിരത്തിങ്കല്‍ അന്നമ്മയും കുടുംബവും ഇന്ന് ദുരിതങ്ങളുടെ നടുവിലാണ്. മൂന്നു വര്‍ഷത്തോളമായി അന്നമ്മയുടെ ആന്തരിക അവയവങ്ങള്‍ കാന്‍സര്‍ എന്ന മഹാരോഗം കാര്‍ന്നു തിന്നുകയാണ്. ഈ കാലയളവിനുള്ളില്‍ പതിമൂന്നു ലക്ഷത്തോളം രൂപ രണ്ട് സര്‍ജറിക്കും മറ്റു ചികിത്സകള്‍ക്കുമായി ചിലവാക്കിക്കഴിഞ്ഞു.

നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഇതുവരെ മുന്നോട്ടുപോയത്. ലക്ഷംവീട് കോളനിയില്‍ പ്ലാസ്റ്റിക് ഷീറ്റിനടിയിലാണ് സഹിക്കാന്‍ കഴിയാത്ത വേദന കടിച്ചമര്‍ത്തി അന്നമ്മ ദിനങ്ങള്‍ തള്ളിനീക്കുന്നത്. അസുഖം മാറിയില്ലെങ്കിലും ഈ കൊടിയ മഴക്കാലത്ത് നനയാതെ കിടക്കാന്‍ ഒരു മേല്‍കൂര ഉണ്ടായിരുന്നെങ്കില്‍ എന്നാണ് വേദന കടിച്ചമര്‍ത്തി അന്നമ്മ ആഗ്രഹിക്കുന്നത്. പാല്‍ കച്ചവടക്കാരനായിരുന്ന അന്നമ്മയുടെ ഭര്‍ത്താവ് തങ്കച്ചന്‍ ജോലിക്ക് പോകാന്‍ സധിക്കാതെ അന്നമ്മയെ ശുശ്രൂഷിക്കുകയാണ്. അന്നമ്മയുടെ അഞ്ചു മക്കളില്‍ ഏക മകന്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇന്ന് ഈ കുടുംബം അനുദിന ചിലവുകള്‍ തള്ളിനീക്കുന്നത്. അന്നമ്മയുടെ ഇളയ മകളുടെ ഭര്‍ത്താവ് രണ്ടുമാസം മുന്‍പ് കാന്‍സര്‍ വന്നു മരിച്ചു

ഒരു മാസത്തെ മരുന്നിനുതന്നെ നാലായിരത്തിലധികം രൂപ വേണം. ഉടനടി ഒരു സര്‍ജറി കൂടെ വേണമെന്നാണ് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്നമ്മയുടെയും കുടുംബത്തിന്റെയും അവസ്ഥ അറിഞ്ഞ വോക്കിംഗ് കാരുണ്യ നാല്പത്തിഒന്‍പതാമത് ധനസഹായം അന്നമ്മയ്ക്ക് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ കുടുംബത്തെ അവരുടെ നിസഹായാവസ്ഥയില്‍ സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യയുടെ നന്ദി.

കുടുതല്‍ വിവരങ്ങള്‍ക്ക്:

Jain Joseph:07809702654

Siby Jose:07875707504

Boban Sebastian:07846165720

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.