1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2017

വോക്കിംഗ് കാരുണ്യ: വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജൂലൈ മാസത്തെ സഹായമായ 53000 രൂപ ജോസിന് കൈമാറി. മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍മാനായ പി. ആര്‍. പ്രവീജ് വോക്കിംഗ് കാരുണ്യക്ക് വേണ്ടി 53000 രൂപയുടെ ചെക്ക് ജോസിന് കൈമാറി. തദവസരത്തില്‍ വോക്കിംഗ് കാരുണ്യയുടെ ട്രസ്റ്റിമാരില്‍ ഒരാളായ ജോയ് പൗലോസും കുടുംബവും സന്നിഹിതരായിരുന്നു.

വോക്കിംഗ് കാരുണ്യയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ച് ബ്രിട്ടനിലെ എല്ലാ മലയാളികളും ഇതിനകം അറിഞ്ഞു കാണുമല്ലോ. കഴിഞ്ഞ 6 വര്‍ഷമായി ഓരോ മാസവും കേരളത്തിലെ ഒരു കുടുംബത്തിന് അല്ലെങ്കില്‍ കാരുണ്യപ്രവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനത്തിന് വോകിംഗ് കാരുണ്യ അതിന്റെ സഹായഹസ്തം നീട്ടുകയാണ്. ഓരോ മാസവും ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ച് അതില്‍ നിന്നും ഏറ്റവും അര്‍ഹതപ്പെട്ടവരെ വോകിംഗ് കാരുണ്യയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആ മാസത്തെ സഹായ വിതരണത്തിനായി തിരഞ്ഞെടുക്കുന്നു. യുകെയിലെ നല്ലവരായ സന്മനസും സാമൂഹിക പ്രതിബദ്ധതയുമുള്ള മലയാളികളും വോകിംഗ് കാരുണ്യയുടെ ട്രസ്റ്റീസും നല്‍കുന്ന സംഭാവനകളില്‍ നിന്നാണ് ഈ സഹായം ഓരോ മാസവും നല്‍കുന്നത്.

ഈ മാസത്തിലെ സഹായം നല്‍കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത് വയനാട് ജില്ലയില്‍ മാനന്തവാടിക്ക് അടുത്ത് ചെറ്റപ്പാലം എന്ന സ്ഥലത്ത് താമസിക്കുന്ന 54 വയസുള്ള വടക്കേടത്ത് വീട്ടിലെ ജോസിനെയാണ്. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഭാര്യയും മകളും മകനും അടങ്ങുന്ന കുടുംബത്തെ വളരെ സന്തോഷമായി പുലര്‍ത്തി പോന്നതാണ് കെട്ടുപണിക്കാരനായ ജോസ്. പെട്ടെന്നാണ് വിധി ആ കുടുംബത്തിന്റെ താണ്ഡവമാടുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഒരു ദിവസം രാവിലെ ജോസ് പണിക്ക് പോയപ്പോള്‍ സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞു ജോസിന്റെ നടുവിന് സാരമായ പരിക്ക് പറ്റി. ഒരുവശം തളര്‍ന്നു കിടപ്പായി അദ്ദേഹം. അഞ്ച് സെന്റ് സ്ഥലവും വീടും മാത്രമാണ് ആ കുടുംബത്തിന്റെ സ്വത്ത്. നല്ലവരായ നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ഇന്നുവരെയും ചികിത്സ നടത്തുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന് വടിയുടെ സഹായത്തോടെ എണീറ്റ് നില്‍ക്കാന്‍ പറ്റും. ഭാര്യയുടെ സഹായത്തോടെ മാത്രമേ നടക്കാന്‍ പറ്റൂ. പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത് പണിക്ക് പോയി കുടുംബം നോക്കാനാണ് ജോസിന്റെ ആഗ്രഹം. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

ജോസിന്റെയും കുടുംബത്തിന്റെയും അവസ്ഥ അറിഞ്ഞു വോക്കിംഗ് കാരുണ്യയോടൊപ്പം കൈകോര്‍ത്ത എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യയുടെ അകമഴിഞ്ഞ നന്ദി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.