1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2010


ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്റെ മരുമകനും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായ പി.വി.ശ്രീനിജനെതിരെ ഉയര്‍ന്ന്‌ അഴിമതി ആരോപണത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പോലും വ്യക്തമായ നിലപാടെടുത്തപ്പോള്‍ ഇടതുപക്ഷത്തില്‍ ഇതേച്ചൊല്ലി ആശയക്കുഴപ്പം പുകയുകയാണ്‌. പതിവുപോലെ വി.എസ്‌.അച്യുതാനന്ദനും സി.പി.ഐയും ശ്രീനിജനെതിരെയും കെ.ജി.ബാലകൃഷ്‌ണനെതിരെയും പരസ്യമായി പ്രതികരിച്ചപ്പോള്‍ സി.പി.എം മൗനത്തിലാണെട്‌ന്നുമാത്രമല്ല, പാര്‍ട്ടി പത്രം ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തമസ്‌കരിക്കുകപോലും ചെയ്‌തു. കെ.ജി. ബാലകൃഷ്‌ണനുമായുള്ള പാര്‍ട്ടിയുടെ അടുപ്പമാണ്‌ ഈ നിശ്ശബ്ദതയ്‌ക്കു പിന്നിലെന്നു കരുതപ്പെടുന്നു.

അഴിമതി ആരോപണങ്ങളുടെ കാര്യത്തില്‍ ഇടതുപാര്‍ട്ടികള്‍ വ്യത്യസ്ത സമീപനമെടുക്കുന്നത് അപൂര്‍വമാണ് .
പ്രത്യേകിച്ച്‌ മുന്നണിയുമായി നേരിട്ടു ബന്ധമില്ലാത്തവര്‍ അതില്‍ ഉള്‍പ്പെടുമ്പോള്‍. എന്നാല്‍ പി.വി. ശ്രീനിജനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് തിങ്കളാഴ്ച വാര്‍ത്തയും അതോടൊപ്പം, ഡിവൈഎഫ്ഐയുടെ പ്രതികരണവും കൊടുത്ത സിപിഎം മുഖപത്രം തൊട്ടടുത്തദിവസം മുതല്‍ ബന്ധപ്പെട്ട വാര്‍ത്തകള്‍ തമസ്കരിക്കുകയായിരുന്നു.
ജസ്റ്റിസ് ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ പ്രതികരണം പോലും പാര്‍ട്ടി പത്രത്തില്‍ അച്ചടിച്ചുവന്നില്ല.  തങ്ങളുടെ പക്ഷത്തു നില്‍ക്കുന്നുവെന്ന് ഇടതുപക്ഷം  ഉറപ്പിക്കുന്ന  കൃഷ്ണയ്യരുടെ പ്രസ്താവന ‘ദേശാഭിമാനി തമസ്കരിച്ചതു ശ്രദ്ധേയമാണ്.
ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് എം.ബി. രാജേഷിന്റെ   പ്രതികരണം കൂടി  ഒഴിവാക്കിയതോടെ ആരോപണം ഏറ്റുപിടിക്കാന്‍ സിപിഎം ഇല്ലെന്നു കൂടുതല്‍ വ്യക്തമായി.
ആദ്യദിവസം ചാനലില്‍ വന്ന വാര്‍ത്ത അതേപടി എങ്ങനെ പാര്‍ട്ടി പത്രത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്ന കാര്യം പരിശോധിക്കാന്‍  നേതൃത്വം നിര്‍ദേശിച്ചതായാണ് സൂചന.

സിപിഎം ഇങ്ങനെ ഉള്‍വലിഞ്ഞുനില്‍ക്കാന്‍ തീരുമാനിച്ചപ്പോഴാണു  ജസ്റ്റിസ് ബാലകൃഷ്ണനെതിരെ സിപിഐ  രംഗത്തുവന്നത്. ജസ്റ്റിസ് ബാലകൃഷ്ണന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷപദവി രാജിവച്ച് അന്വേഷണം നേരിടണമെന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ പ്രസ്താവനയോടു സിപിഐ സംസ്ഥാനസെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ കണ്ണൂരില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയായിരുന്നു.  സിപിഎം മുഖപത്രം എടുത്ത സമീപനമായിരുന്നുമില്ല ഇക്കാര്യത്തില്‍ സിപിഐ മുഖപത്രമായ ജനയുഗത്തിന്റെത്.

എന്നാല്‍ പതിവുപോലെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാര്‍ടി നിലപാടിനു വിരുദ്ധമായി പ്രതികരിക്കുകയും ചെയ്തു.  നിയമജ്ഞര്‍ കുറ്റങ്ങള്‍ക്കും തെറ്റുകള്‍ക്കും അതീതരായി കഴിയേണ്ടത് ആവശ്യമാണെന്നും ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷസ്ഥാനം ഒഴിയണമോയെന്നത് അദ്ദേഹത്തിന്റെ വിവേചനാധികാരത്തില്‍ പെടുന്ന കാര്യമാണെന്നുമായിരുന്നു  മുഖ്യമന്ത്രിയുടെ പ്രതികരണം.

ആക്ഷേപങ്ങള്‍ വരുമ്പോള്‍ സ്വാഭാവികമായും അതിന് ഇരയാകുന്നവര്‍ തങ്ങളുടെ നിഷ്കളങ്കത തെളിയിക്കാന്‍ ആവശ്യമായ  അടിയന്തര നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ആക്ഷേപത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ നിഷ്കളങ്കത തെളിയിക്കുകയാണു വേണ്ടത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതു ബന്ധപ്പെട്ട ആളുകള്‍ തന്നെയാണ്. അത് ഓരോരുത്തരുടെയും സമീപനം പോലെയിരിക്കും. അല്ലെങ്കില്‍ ജനങ്ങളും തുടര്‍നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ഇതു സംബന്ധിച്ചു പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതേപ്പറ്റി അന്വേഷിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ജസ്റ്റിസ് ബാലകൃഷ്ണനുമായി സിപിഎം നേതാക്കള്‍ക്കുള്ള വ്യക്തിബന്ധമാണു പാര്‍ട്ടിയുടെ അര്‍ഥഗര്‍ഭ  മൌനത്തിനു കാരണമെന്ന സൂചന ശക്തമാണ്. പാര്‍ട്ടിയെയും നേതാക്കളെയും അദ്ദേഹം ഒരിക്കലും ബുദ്ധിമുട്ടിച്ചില്ല. പകരം, ആവശ്യമെങ്കില്‍ സഹായിച്ചിട്ടേയുള്ളൂവെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ നിഗമനം.  ദളിത് വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണങ്ങളുടെ കാര്യത്തില്‍  വാര്‍ത്തകള്‍ക്കു പിറകേ പോകാനില്ല; ബന്ധപ്പെട്ട ഏജന്‍സികള്‍ എന്തെങ്കിലും നിഗമനങ്ങളിലെത്തട്ടെ എന്നാണു പാട്ടിയുടെ സമീപനം. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം കിട്ടിയിട്ടില്ലെന്നും നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍, മറ്റു പല അഴിമതി ആരോപണങ്ങളുടെ കാര്യത്തിലും ഈ കരുതലൊന്നും സിപിഎം  സ്വീകരിച്ചിട്ടില്ല.

ആരോപണവിധേയനായ ശ്രീനിജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്നു എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ സിപിഎമ്മിന്റെ  നിലപാടു കൂടുതല്‍ കൌതുകമുണര്‍ത്തുന്നു. സിപിഐയും മുഖ്യമന്ത്രിയും  പൊടുന്നനെ മറിച്ചൊരു നിലപാട് പരസ്യമായി എടുത്തത് സിപിഎമ്മിന്റെ മൌനത്തെക്കുറിച്ചു കൂടുതല്‍ ചോദ്യങ്ങളുമുയര്‍ത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.